X

കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്ന തീയതി നീട്ടി

 

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയക്കെടുതിയുടെ സാഹചര്യത്തില്‍ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതിനുള്ള തീയതി ഒക്‌ടോബര്‍ ഒന്നിലേക്ക് നീട്ടിയതായി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടീക്കാറാം മീണ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നേരത്തെ സെപ്തംബര്‍ ഒന്നിന് പ്രസിദ്ധീകരിക്കാനായിരുന്നു തീരുമാനം. അവകാശങ്ങള്‍/എതിര്‍പ്പുകള്‍ ഒക്‌ടോബര്‍ ഒന്നുമുതല്‍ നവംബര്‍ 15 വരെ സ്വീകരിക്കും. പേര് വിട്ടുപോയിട്ടുണ്ടെങ്കിലോ, തെറ്റുകള്‍ ഉണ്ടെങ്കിലോ പരാതികള്‍ തഹസില്‍ദാര്‍ക്ക് നല്‍കാം. ഡിസംബര്‍ 10ന് മുമ്പ് പരാതി തീര്‍പ്പാക്കും. അന്തിമ സമ്മതിദായക പട്ടിക 2019 ജനുവരി നാലിന് പ്രസിദ്ധീകരിക്കുമെന്നും ഇലക്ടറല്‍ ഓഫീസര്‍ വ്യക്തമാക്കി.
33,416 ആണ് നിലവില്‍ കരട് പട്ടികപ്രകാരം 2018 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയാക്കിയ പുതിയ വോട്ടര്‍മാര്‍. 2019 ജനുവരി ഒന്നിന് 18 വയസ് തികയുന്നവരുടെ എണ്ണം 32,759 ആണ്. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ സമയക്രമം മാറ്റണമെന്ന സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസറുടെ അഭ്യര്‍ഥന അംഗീകരിച്ചാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സമയക്രമം പുതുക്കിയത്.
പട്ടിക പുതുക്കുന്നതിനോടനുബന്ധിച്ച് വിശദീകരിക്കാന്‍ സെപ്റ്റംബര്‍ ഏഴിന് രാവിലെ 11.30ന് ചീഫ് ഇലക്ടറല്‍ ഓഫീസറുടെ ചേമ്പറില്‍ അംഗീകൃത ദേശീയ, സംസ്ഥാന രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ചേരും. കഴിഞ്ഞ ജനുവരിക്ക് മുമ്പുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ ആകെ വോട്ടര്‍മാരുടെ എണ്ണം 2,52,28,751 ആണ്. പട്ടികപുതുക്കുമ്പോള്‍ പുതിയ വോട്ടര്‍മാരെ ചേര്‍ക്കുകയും, മരിച്ചവരെയും മറ്റും നീക്കം ചെയ്യുകയും ചെയ്യുമ്പോള്‍ മാറ്റം വരും. 6451 പേരുടെ പേര് ആവര്‍ത്തനമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. സ്ഥലം മാറിപ്പോയത്് 71,127 പേര്‍ ആണെന്നും കരട് പട്ടികയില്‍ കണ്ടെത്തിയിട്ടുണ്ട്.

chandrika: