X
    Categories: keralaNews

‘മുഖ്യമന്ത്രി കള്ളന് കഞ്ഞി മാത്രമല്ല വെക്കുന്നത്; പായസം കൂട്ടി സദ്യ കൊടുക്കുകയാണ് ചെയ്യുന്നത്’- വിഎസിന്റെ പഴയ വാക്കുകള്‍ തിരിഞ്ഞു കുത്തുന്നു

കോഴിക്കോട്: കെ.ടി ജലീലിനെ ഇഡി ചോദ്യം ചെയ്തതിന് പിന്നാലെ വി.എസ് അച്യുതാനന്ദന്റെ പഴയ പരാമര്‍ശം തിരിഞ്ഞു കുത്തുന്നു. മുഖ്യമന്ത്രി കള്ളന് കഞ്ഞി മാത്രമല്ല വെക്കുന്നത്, പായസം കൂട്ടി സദ്യ കൊടുക്കുകയാണ് എന്ന വിഎസിന്റെ പരാമര്‍ശമാണ് വീണ്ടും പ്രചരിക്കുന്നത്. ഓണത്തിന് മുഖ്യമന്ത്രി തനിക്ക് പായസം കൊടുത്തയച്ചതിനെ കുറിച്ച് ജലീല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരുന്നു. അഴിമതിക്കാരനായ മന്ത്രിയെ രാജിവെപ്പിക്കുന്നതിന് പകരം പായസം കൊടുത്തു സല്‍ക്കരിക്കുന്നത് ഇപ്പോഴത്തെ മുഖ്യമന്ത്രിയാണ്. വിഎസിന്റെ പരാമര്‍ശം ഇപ്പോഴാണ് യഥാര്‍ത്ഥത്തില്‍ സത്യമായത് എന്നതുകൊണ്ടാണ് വീണ്ടും വിഎസിന്റെ വാക്കുകള്‍ വൈറലായിരിക്കുന്നത്.

അതിനിടെ കെ.ടി ജലീലിന്റെ രാജിയാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി യുവജനസംഘടനകള്‍ പ്രതിഷേധം സംഘടിപ്പിച്ചു. യൂത്ത് ലീഗ്, യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകരാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കോഴിക്കോട് യൂത്ത് ലീഗ് നടത്തിയ കമ്മീഷണര്‍ ഓഫീസ് മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധക്കാരെ ലാത്തിചാര്‍ജ്ജ് നടത്തിയും ഗ്രനേഡ് പ്രയോഗിച്ചും അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ്.

കഴിഞ്ഞ ദിവസമാണ് ഇഡി കെ.ടി ജലീലിനെ ചോദ്യം ചെയ്തത്. യുഎഇ കോണ്‍സുലേറ്റ് വഴി വന്ന ബാഗേജ് സംബന്ധിച്ചായിരുന്നു പ്രധാനമായും ചോദ്യങ്ങള്‍ ചോദിച്ചത്. ഔദ്യോഗിക വാഹനം അരൂരിലെ സുഹൃത്തിന്റെ വീട്ടില്‍ വെച്ച് സ്വകാര്യ വാഹനത്തിലാണ് ജലീല്‍ ഇഡി ഓഫീസിലെത്തിയത്. ചോദ്യം ചെയ്യലിന് ശേഷം മന്ത്രി ഇതുവരെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നിട്ടില്ല.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: