X

വി.എസ് അപഹാസ്യനായിരിക്കുകയാണ്, ഒരു വലിയ നുണയാണ് കോടതി പൊളിച്ചിരിക്കുന്നത്: കെ സുധാകരന്‍

സിപിഎമ്മിനെതിരെയും വി.എസ് അച്യുതാനന്ദനെതിരെയും രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഴിമതി നടത്തിയെന്ന വിഎസ് അച്യുതാനന്ദന്റെ പ്രസ്താവനക്കെതിരെ ഉമ്മന്‍ ചാണ്ടിക്ക് അനുകൂല വിധി വന്നതിന് പിന്നാലെയാണ് സുധാകരന്റെ പ്രതികരണം.

നുണ ഒരു ആയുധമാണെന്നും സിപിഎമ്മിന്റെ എറ്റവും വലിയ ആയുധമായി ആ പ്രസ്ഥാനത്തെ നിലനിര്‍ത്തുന്നതും നുണകളാണെന്ന് സുധാകരന്‍ കുറ്റപ്പെടുത്തി. ഫേസ്ബുക്ക് വഴിയാണ് സുധാകരന്റെ പ്രതികരണം. അടിസ്ഥാന രഹിത ആരോപണം ഉന്നയിച്ച വി.എസ് അച്ചുതാനന്ദന്‍ അപഹാസ്യനായിരിക്കുകയാണെന്നും ഒരു വലിയ നുണ കോടതി പൊളിച്ചിരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. വി.എസിന് മാത്രമല്ല, നുണക്കഥകള്‍ കൊണ്ട് എതിരാളികളെ വ്യക്തിഹത്യ ചെയ്യുന്ന സിപിഎമ്മിന് ഒന്നടങ്കം മുഖത്തേറ്റ പ്രഹരമാണ് വിധിയെന്ന് സുധാകരന്‍ കൂട്ടിചേര്‍ത്തു.

സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഴിമതി നടത്തിയെന്ന വിഎസ് അച്യുതാനന്ദന്റെ പ്രസ്താവനക്കെതിരെ നല്‍കിയ കേസില്‍ ഇന്നാണ് (തിങ്കളാഴ്ച) ഉമ്മന്‍ ചാണ്ടിക്ക് അനുകൂല വിധി വന്നത്. തിരുവനന്തപുരം സബ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. വിഎസ് 10,10,000 രൂപ ഉമ്മന്‍ചാണ്ടിക്ക് മാനനഷ്ടത്തിനുള്ള നഷ്ടപരിഹാരമായി നല്‍കണമെന്നാണ് സബ് കോടതി ഉത്തരവിട്ടത്. 2013 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒരു മാധ്യമത്തിന് അന്ന് വിഎസ് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ഒരു കമ്പനിയുണ്ടാക്കി തട്ടിപ്പ് നടത്തി എന്നായിരുന്നു. 2014 ലാണ് ഉമ്മന്‍ ചാണ്ടി വിഎസിനെതിരെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തത്. പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യം ഉന്നയിച്ച് ഉമ്മന്‍ ചാണ്ടി വക്കീല്‍ നോട്ടീസ് സമര്‍പ്പിച്ചിരുന്നു. ഒരു കോടി രൂപയായിരുന്നു സംഭവത്തില്‍ ആവശ്യപ്പെട്ടത്.

web desk 3: