X

വൈലിത്തറ ; അറിവിന്റെ നിലാവെളിച്ചം

നസീര്‍ മണ്ണഞ്ചേരി

ആലപ്പുഴ: പുലരുവോളം നീളുന്ന പ്രഭാഷണ പരമ്പരകള്‍, ഖുര്‍ആനിനൊപ്പം ഭഗവത്ഗീതയും ഉപനിഷത്തുകളും ബൈബിളും വേദികളില്‍ നിറഞ്ഞൊഴുകും. ഇലയനക്കത്തിന്റെ ശബ്ദത്തിന് പോലും ഇടം നല്‍കാതെ സദസ്യര്‍ അറിവിന്റെ നിലാമഴയില്‍ ലയിച്ചു കഴിഞ്ഞിരിക്കും ആരാത്രിയില്‍. ഇടയ്ക്ക് ബര്‍ണാട്ഷായുടെ കവിതകള്‍ കൃത്യമായ ഉച്ചാരണ ശുദ്ധിയോടെ ഉദ്ദരിച്ച് ശ്രോതാക്കളെ അത്ഭുതപ്പെടുത്തും. കേരളത്തിന്റെ പ്രഭാഷണ രംഗത്തെ കുലപതിയായി വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി വാണിരുന്ന കാലത്തെ ഇങ്ങനെ ചുരുക്കി വിവരിക്കാം.
വൈലിത്തറ നിധി പോലെ സൂക്ഷിച്ചു വെച്ചിരുന്ന തന്റെ പ്രഭാഷണ പരമ്പരയെ കുറിച്ച് 1960-80 കാലഘട്ടത്തില്‍ ചന്ദ്രികയുടെ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച പരസ്യത്തിലുണ്ട് അദ്ദേഹത്തെ ഒരു ജനത എത്രമാത്രമാണ് നെഞ്ചേറ്റിയെന്നതിന്റെ തെളിവ്. ആ പ്രഭാഷണ പരമ്പരകളിലൂടെ ഉയര്‍ന്ന് പൊങ്ങിയ പള്ളിമിനാരങ്ങള്‍ ഇന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാണാന്‍ കഴിയും.
തിരുവിതാംകൂറിന്റെ മലയാളത്തനിമയില്‍ പ്രഗല്‍ഭര്‍ വാണിരുന്ന മലബാറിന്റെ പ്രഭാഷണ വേദികളെ വേറിട്ട ശൈലികൊണ്ട് കീഴടക്കിയ മഹാപ്രതിഭയായിരുന്നു വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി. ഇസ്ലാമിക കര്‍മ്മ ശാസ്ത്രത്തിലും മദ്ഹബുകളും അഗാധ ജ്ഞാനമുണ്ടായിരുന്ന അദ്ദേഹം ലളിതമായ ഭാഷയില്‍ കേള്‍വിക്കാര്‍ക്ക് വലിയ അറിവുകള്‍ പകര്‍ന്നു നല്‍കി. കേരളത്തിന് പുറത്ത് ഗള്‍ഫ് രാജ്യങ്ങളിലും തിരക്കുള്ള പ്രഭാഷകനായി അദ്ദേഹം വേഗത്തില്‍ വളര്‍ന്നു. നാട്ടിലേക്ക് ലീവിനെത്തുന്ന പ്രവാസികള്‍ ബന്ധുക്കള്‍ക്ക് സമ്മാനിക്കാനായി കൊണ്ടുവന്നിരുന്നത് വൈലിത്തറയുടെ പ്രഭാഷണ കാസറ്റുകളായിരുന്നു എന്നതിലുണ്ട് നാട്ടിലും ഗല്‍ഫിലും അദ്ദേഹത്തിനുണ്ടായിരുന്ന സ്വീകാര്യത. അറിവായിരുന്നു മുഖമുദ്ര. മരണപ്പെടുന്നതിന് മുമ്പ് വരെ അദ്ദേഹം വായനയ്ക്കായി ജീവിതം മാറ്റിവെച്ചു. വലുപ്പച്ചെറുപ്പമില്ലാതെ ആരില്‍ നിന്നും പുതിയ അറിവുകള്‍ തേടുന്നതിനായി അദ്ദേഹം എന്നും പരിശ്രമിച്ചുകൊണ്ടിരുന്നു. ഓരോ പ്രഭാഷണ പരമ്പരകള്‍ക്ക് പുറപ്പെടുന്നതിന് മുമ്പും ദിവസങ്ങള്‍ നീണ്ട പഠനം നടത്തും. വിഷയത്തില്‍ നിന്നും വഴുതി മാറാതെ ശ്രോതാക്കളെ പിടിച്ചിരുത്തുകയെന്നത് ഏറെ അധ്വാനമുള്ള പ്രവര്‍ത്തിയാണെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.
ആലപ്പുഴയിലെ തീരദേശ ഗ്രാമമായ തൃക്കുന്നപ്പുഴയില്‍ 1930ലായിരുന്നു ജനനം. ഈഴവ സമൂഹം തിങ്ങി പാര്‍ത്ത പ്രദേശത്തെ മുസ്ലിം കുടുംബത്തില്‍ ജനിച്ച വൈലിത്തറയുടെ സഹപാഠികളെല്ലാം ഇതര മതവിശ്വാസികളായിരുന്നു. ഇത് പില്‍ക്കാലത്ത് ഇതര മതവിശ്വാസങ്ങളെ ആഴത്തില്‍ പഠിക്കാന്‍ അദ്ദേഹത്തെ സഹായിച്ചു. പിതാവ് വൈലിത്തറ മുഹമ്മദ് കുഞ്ഞ് മുസ്ലിയാര്‍ മകന്‍ അറിവിന്റെ വിഴിയില്‍ സഞ്ചരിക്കണമെന്ന് അഗ്രഹിച്ചു. കളത്തിപ്പറമ്പില്‍ മൊയ്തീന്‍കുഞ്ഞ് മുസ്ലിയാര്‍, വേണാട് ഹൈദ്രോസ് മുസ്ലിയാര്‍, ആലി മുസ്ലിയാര്‍, വടുതല കുഞ്ഞുബാവ മുസ്ലിയാര്‍ എന്നിവരായിരുന്നു ആദ്യകാല ഗുരുക്കന്മാര്‍. കുട്ടനാട് തകഴി കുന്നുമ്മ പള്ളിയിലായിരുന്നു ദറസ് പഠനം ആരംഭിച്ചത്. പാപ്പിനപ്പള്ളി മുഹമ്മദ് മുസ്ലിയാരായിരുന്നു അന്ന് മുദരിസ്. തുടര്‍ന്ന് സൂഫിവര്യനുമായ വാഴക്കാടന്‍ മുഹമ്മദ് മുസ്ലിയാരുടെ ദറസിലും ചേര്‍ന്ന് ദറസ് പഠനം നടത്തി. ദറസ് പഠനകാലത്ത് തന്നെ പ്രഭാഷണ രംഗത്ത് കഴിവ് തെളിച്ച അദ്ദേഹത്തിന് 18-ാം വയസില്‍ ജന്മാനാടായ തൃക്കുന്നപ്പുഴയിലെ ജ്ഞാനോദയം വായനശാലയുടെ വാര്‍ഷികത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനം ആദ്യ പൊതുപ്രഭാഷണ വേദിയായി. ആത്മവിദ്യാസംഘത്തിന്റെ ആത്മീയ ആചാര്യന്‍ ആര്യഭട്ട സ്വാമിയുടെ അഭിനന്ദനം വേദിയില്‍ വെച്ച് ഏറ്റുവാങ്ങിയത് അഭിമാനത്തോടെ പലപ്പോഴും അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതൊരു തുടക്കമായിരുന്നു, കേരളത്തിലൂടനീളമുള്ള പ്രഭാഷണ വേദികള്‍ കീഴടക്കിയ വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവിയെന്ന യുവ പ്രഭാഷകന്റെ പിറവി. തുടര്‍ന്ന് സമീപ പ്രദേശമായ താമല്ലാക്കല്‍ പ്രഭാഷണ പരമ്പര തന്നെ നടത്തി. ഹരിപ്പാടിനും ആലപ്പുഴയുടെയും പുറത്തേക്ക് യുവ പ്രഭാഷകന്റെ ഖ്യാതി പടര്‍ന്നത് വളരെ വേഗത്തിലായിരുന്നു. പിന്നീട് മലബാര്‍ അദ്ദേഹത്തെ ഏറ്റെടുക്കുന്നതാണ് കണ്ടത്. ഏഴ് ദിവസത്തെ പ്രഭാഷണ പരമ്പര എന്ന് പറഞ്ഞ് വീട്ടില്‍ നിന്നും പുറപ്പെടുന്ന വൈലത്തറ ആഴ്ചകള്‍ക്ക് ശേഷവും വീട്ടില്‍ തിരികെ എത്താന്‍ കഴിയാത്ത അവസ്ഥയില്‍ വരെ എത്തി. പരമ്പരയ്ക്ക് അനുവദിച്ച ദിവസം കഴിഞ്ഞിട്ടും പലനാടും അദ്ദേഹത്തെ മടങ്ങാന്‍ അനുവദിക്കാത്ത സഹചര്യം വരെ സംജാതമായി. മലബാറിന്റെ ഹൃദയം കീഴടക്കിയ മുന്നേറിയ അദ്ദേഹം അവിടത്തെ ആത്മീയ രാഷട്രീയ രംഗത്തെ പ്രമുഖരുമായി വേഗത്തില്‍ അടുക്കുകയും ചെയ്തു. പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങള്‍, സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ബാഫഖി തങ്ങള്‍, സി.എച്ച് മുഹമ്മദ് കോയ, പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ഇ. അഹമ്മദ്, ശംസുല്‍ ഉലമ ഇ. കെ അബൂബക്കര്‍ മുസ്ലിയാര്‍, കണ്ണിയത്ത് അഹമ്മദ് മുസ്ലിയാര്‍ തുടങ്ങി കാലയവനികയിലേക്ക് മറഞ്ഞ മഹാരതന്മാരുമായി അടുത്ത ബന്ധമാണ് അദ്ദേഹം പുലര്‍ത്തിയുരുന്നത്. തന്റെ വിശ്വാസ പ്രമാണങ്ങളെ ഉറക്കെ പറയുമ്പോഴും ഇതര മതവിശ്വാസികളെയും അദ്ദേഹം ചേര്‍ത്ത് നിര്‍ത്തി. അതിനാല്‍ തന്നെ പ്രഭാഷണ വേദികളില്‍ അദ്ദേഹത്തെ കേള്‍ക്കാന്‍ ഇതര മതസ്ഥര്‍ ഒഴുകിയെത്തുമായിരുന്നു. തൃക്കുന്നപ്പുഴയിലെ എസ്.എന്‍.ഡി.പി വേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്ന അദ്ദേഹം പെരുന്നാള്‍ ദിവസം ഇതര മതസ്ഥര്‍ക്കായി വീട്ടില്‍ തന്നെ പ്രത്യേക വിരുന്നും ഒരുക്കിയിരുന്നു.

 

Chandrika Web: