X
    Categories: indiaNews

തായ്‌ലന്‍ഡില്‍ തൊഴില്‍തട്ടിപ്പ്; കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദേശം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള ഐടി പ്രൊഫഷണലുകള്‍ തായ്‌ലന്‍ഡ്, മ്യാന്‍മര്‍ തുടങ്ങിയ രാജ്യങ്ങളിലെ വ്യാജ വാഗ്ദാനങ്ങളില്‍ കുടുങ്ങി കബളിക്കപ്പെടുന്നതായുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കാന്‍ കേന്ദ്ര നിര്‍ദേശം.ആകര്‍ഷകമായ ശമ്പളവും മറ്റാനുകൂല്യങ്ങളും വാഗ്ദാനം ചെയ്ത് ഇന്ത്യയില്‍ നിന്ന് യുവാക്കളെ ഡിജിറ്റല്‍ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ്‌സ് എന്ന ഉദ്യോഗത്തിന് എത്തിക്കുന്ന കമ്പനികളില്‍ ഭൂരിഭാഗവും കോള്‍സെന്റര്‍, ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പുകളില്‍ ഉള്‍പ്പെട്ടവയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

തൊഴില്‍ത്തട്ടിപ്പ് റാക്കറ്റുകളുടെ വലയില്‍ പെട്ട് നിരവധി ഇന്ത്യന്‍ യുവാക്കള്‍ നിയമവിരുദ്ധമായി തായ്‌ലന്‍ഡില്‍ എത്തിപ്പെടുന്നുണ്ടെന്നും അതിനാല്‍ തന്നെ തായ്‌ലന്‍ഡിലെ തൊഴിലവസരങ്ങള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്നും വിദേശ കാര്യമന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി രണ്ട് ദിവസം മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. തായ്‌ലന്‍ഡിലെ തദ്ദേശീയമായ സുരക്ഷാസാഹചര്യങ്ങള്‍ മൂലം തൊഴിലിടങ്ങളെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകാന്‍ പ്രയാസമാണെന്നും വ്യാജ തൊഴില്‍ വാഗ്ദാനങ്ങള്‍ക്കിരയായി നിര്‍ബന്ധിതമായി ജോലിചെയ്യേണ്ടി വന്ന കുറച്ചുപേരെ മോചിപ്പിച്ച് ഇന്ത്യയിലേക്ക് തിരികെയെത്തിക്കാന്‍ കഴിഞ്ഞതായും തട്ടിപ്പിനിരയായ ബാക്കിയുള്ളവരെ സഹായിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതായും അരിന്ദം ബാഗ്ചി കൂട്ടിച്ചേര്‍ത്തു. ഫേസ് ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹികമാധ്യമങ്ങളിലൂടെയാണ് യുവാക്കള്‍ പ്രധാനമായും തൊഴില്‍ത്തട്ടിപ്പിനിരകളാകുന്നത്. ദുബായ്, ഇന്ത്യ എന്നിവടങ്ങളിലെ ഏജന്റുമാര്‍ വഴിയും തട്ടിപ്പിരയാകുന്നുണ്ട്.

നിയമവിരുദ്ധമായാണ് പലപ്പോഴും തൊഴിലന്വേഷകരെ രാജ്യാതിര്‍ത്തി കടത്തുന്നത്. ഇത്തരത്തില്‍ മ്യാന്‍മാര്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെത്തുന്നവര്‍ക്ക് മോശം സാഹചര്യങ്ങളില്‍ ജോലി ചെയ്യേണ്ടതായി വരുന്നു. മ്യാന്‍മറിന്റെ കിഴക്കന്‍ അതിര്‍ത്തിപ്രദേശങ്ങളില്‍ തൊഴില്‍ത്തട്ടിപ്പുകള്‍ ധാരാളമായി നടക്കുന്നുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും യാംഗൂണിലെ ഇന്ത്യന്‍ എംബസി നേരത്തെ പ്രസ്താവനയിറക്കിയിരുന്നു. ഇതിനോടകം 32 ഇന്ത്യക്കാരെ മ്യാന്‍മറില്‍ നിന്ന് തിരികെയെത്തിച്ചതായും 80-90 പേര്‍ ഇനിയും കുടുങ്ങിക്കിടക്കുന്നതായാണ് നിഗമനമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

web desk 3: