X

ഇടതുഭരണത്തില്‍ വയനാട്ടില്‍ കര്‍ഷക ആത്മഹത്യ തുടര്‍കഥ

കല്‍പ്പറ്റ: വയനാട്ടില്‍ കര്‍ഷക ആത്മഹത്യകള്‍ തുടര്‍ക്കഥകളാവുന്നു. കഴിഞ്ഞ ആയിരം ദിവസത്തിനിടെ ജില്ലയില്‍ ആത്മഹത്യ ചെയ്തത് പത്തിലധികം കര്‍ഷകരാണ്. തൃശ്ശിലേരി കാട്ടിക്കുളം ആനപ്പാറ പുളിയങ്കണ്ടി വി.വി കൃഷ്ണകുമാറിന്റെ(55) ആത്മഹത്യ ഇതില്‍ അവസാനത്തേതാണ്. വ്യാഴാഴ്ച രാവിലെ എട്ട്മണിയോടെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുനെല്ലി തൃശ്ശിലേരി സഹകരണ ബാങ്കില്‍ നാല് ലക്ഷം രൂപയും, സ്വകാര്യ പണമിട പാടുകാര്‍ക്കായി നാല് ലക്ഷം രൂപയുമടക്കം ആകെ എട്ട് ലക്ഷം രൂപയുടെ കടബാധ്യതയുള്ളതായി ബന്ധുക്കള്‍ പറഞ്ഞു.

മാനന്തവാടി കാട്ടിക്കുളം തെറ്റ് റോഡില്‍ വനത്തിനകത്തായിരുന്നു കൃഷ്ണ കുമാറും കുടുംബവും താമസിച്ചിരുന്നത്. കാട്ടാന ശല്യം രൂക്ഷമായതോടെ ഇവിടെ നിന്ന് പത്ത് വര്‍ഷം മുമ്പാണ് തൃശ്ശിലേരി ആനപ്പാറയിലേക്ക് താമസം മാറിയത്. ഇവിടെ രണ്ടര ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്ത് താമസിച്ച് പുതിയ വീടും നിര്‍മ്മിച്ചിരുന്നു. ഈ ആവശ്യങ്ങള്‍ക്കെല്ലാമായി എടുത്ത വായ്പ കൃഷി നശിച്ചതോടെ തിരിച്ചടക്കാനായില്ല. കഴിഞ്ഞ കുറേ ദിവസങ്ങളായി കൃഷ്ണകുമാര്‍ വലിയ മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് സഹോദരന്‍ സുന്ദരന്‍ പറയുന്നു. വയനാട്ടില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നടക്കുന്ന പതിമൂന്നാമത്തെ ആത്മഹത്യയാണിത്. നാല് ലക്ഷത്തോളം രൂപയുടെ കടബാധ്യതയെ തുടര്‍ന്ന് മൂപ്പൈനാട് അപ്പാളത്ത് വീട്ടിയോട് രാമകൃഷ്ണന്‍ (42), പുല്‍പ്പള്ളി അമരക്കുനി വട്ടമല രാഘവന്‍ (62), പുല്‍പ്പള്ളി കാപ്പിസെറ്റ് കൊടക്കപ്പള്ളി അജിത്കുമാര്‍ (53), പുല്‍പ്പള്ളി ആലൂര്‍ക്കുന്ന് കുറിച്ചിപ്പറ്റ മാനിക്കാട്ട് രാമദാസ് (57) എന്നിവരും കടബാധ്യത മൂലം ആത്മഹത്യ ചെയ്ത കര്‍ഷകരില്‍ ഉള്‍പ്പെടുന്നു. രാഘവന് 12 ലക്ഷം രൂപയും, രാമകൃഷ്ണന് അഞ്ച് ലക്ഷം രൂപയുടെയും കടബാധ്യതയുണ്ട്. ബാങ്ക് വായ്പയെടുത്ത് കുടിശികയായി 60 ലക്ഷം രൂപയായതോടെയാണ് ഇരുളം അങ്ങാടിശേരി ചാത്തമംഗലം പന്നിമറ്റത്തില്‍ ദിവാകരന്‍ (63) ആത്മഹത്യ ചെയ്തത്. ഒമ്പത് ലക്ഷം രൂപയായിരുന്നു പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും, കെ എസ് എഫ് ഇയില്‍ നിന്നുമായി ദിവാകരന്‍ വായ്പയെടുത്തത്.

ദിവാകരന്റെ ഭൂമിയുടെ ഒരു ഭാഗം വനംവകുപ്പ് കണ്ടുകെട്ടിയിരുന്നു. ചീരാല്‍ കൊമ്മാട് മുട്ടുകൊല്ലി ബാലകൃഷ്ണന്‍ (47) ആണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്ത മറ്റൊരു കര്‍ഷകര്‍. ഏഴ് ലക്ഷത്തോളം രൂപയുടെ കടബാധ്യതയാണ് ബാലകൃഷ്ണനെ ആത്മഹത്യയിലേക്ക് നയിച്ചത്. നൂല്‍പ്പുഴയില്‍ കല്ലൂര്‍ കല്ലുമുക്കില്‍ കരടിമാട് വാസു(ഭാസ്‌ക്കരന്‍ 58) വിഷം കഴിച്ച് മരിച്ചതും കടബാധ്യത മൂലമായിരുന്നു. ഗ്രാമീണ്‍ ബാങ്കിന്റെ കല്ലൂര്‍ ശാഖയില്‍ നിന്നും ജപ്തിനോട്ടീസ് വന്നതാണ് വാസുവിനെ മരണത്തിലേക്ക് തള്ളിയിട്ടത്.

മൂന്ന് ലക്ഷത്തിലേറെ രൂപയുടെ കടബാധ്യതയെ തുടര്‍ന്നാണ് ആദിവാസി കര്‍ഷകനായ എടവക പൂളക്കുഴിയില്‍ രാമചന്ദ്രന്‍ (45) ജീവനൊടുക്കിയത്. വരള്‍ച്ചയെ തുടര്‍ന്ന് രാമചന്ദ്രന്റെ നെല്ല്, വാഴകൃഷികള്‍ നശിച്ചിരുന്നു. കര്‍ഷകനായ തവിഞ്ഞാല്‍ വിമലനഗറിലെ മച്ചാട്ട് സ്റ്റീഫന്റെ (ബേബി 56) ആത്മഹത്യയും കടബാധ്യത മൂലമായിരുന്നു.
പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നതിനായി വാങ്ങിയ ലക്ഷകണക്കിന് രൂപയുടെ കടബാധ്യതയാണ് മരണത്തിനിടയാക്കിയത്.

10 ലക്ഷത്തോളം കടബാധ്യതയുണ്ടായിരുന്ന യുവകര്‍ഷകനായ മാനന്തവാടി കമ്മന കുണ്ടാല പാറേമറ്റത്തില്‍ ഷിബു (44) ആത്മഹത്യ ചെയ്തിട്ടും അധികമായിട്ടില്ല.
വയനാട്ടില്‍ കര്‍ഷക ആത്മഹത്യകള്‍ തുടര്‍കഥയായിട്ടും സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.

chandrika: