X

”കൊറോണയെ ഇല്ലാതാകാന്‍ പാത്രങ്ങള്‍ അടിക്കാന്‍ പറഞ്ഞ ലോകത്തിലെ ഒരേയൊരു നേതാവ് ഞങ്ങള്‍ക്കുണ്ട്’; മോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദി നുണകള്‍ പറഞ്ഞ് വോട്ട് നേടാന്‍ ശ്രമിക്കുകയാണെന്ന് രാഹുലിന്റെ വിമര്‍ശനം. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനെ പറ്റിയും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിനെ പറ്റിയും തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ മോദി പറയുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കൊറോണ വൈറസിനെ ഇല്ലാതാകാന്‍ പാത്രങ്ങള്‍ അടിക്കാന്‍ ജനങ്ങളോട് പറഞ്ഞ ലോകത്തിലെ ഒരേയൊരു നേതാവ് ഞങ്ങള്‍ക്കുണ്ടെന്നും രാഹുല്‍ മോദിയെ പരിഹസിച്ചു. മുന്‍ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായ യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനെ പറ്റിയും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിനെ പറ്റിയും മോദി ഇപ്പോള്‍ പറയുന്നില്ലെന്നും രാഹുല്‍ ഓര്‍മപ്പിച്ചു. കോണ്‍ഗ്രസിന്റെ വാക്കുകളിലും പ്രവൃത്തിയിലും പൊരുത്തക്കേടുകളില്ലെന്നും രാഹുല്‍ പറഞ്ഞു.

കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്ന് ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് വാഗ്ദാനമായി പറഞ്ഞിരുന്നെന്നും അത് നിറവേറ്റുകയും ചെയ്‌തെന്നും രാഹുല്‍ ഓര്‍മപ്പെടുത്തി. ധര്‍മത്തിന്റെ പേരിലല്ല നുണകളുടെ പേരിലാണ് മോദി വോട്ട് നേടുന്നത്. അദാനിയും അംബാനിയുമാണ് യഥാര്‍ത്ഥത്തില്‍ മോദിയുടെ രണ്ട് എഞ്ചിനുകളെന്ന് പറഞ്ഞ രാഹുല്‍ ഇതുപോലുള്ള ഇരട്ട എഞ്ചിന്‍ ഒരിക്കലും ആളുകള്‍ക്ക് തൊഴില്‍ നല്‍കില്ലെന്നും തുറന്നടിച്ചു.

web desk 3: