X

മഹാരാജാസ് കോളജ് ഹോസ്റ്റലില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തു

കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് കാമ്പസിനോട് ചേര്‍ന്നുള്ള അധ്യാപകരുടെ ഹോസ്റ്റലില്‍ കുട്ടികള്‍ക്ക് താല്‍ക്കാലികമായി അനുവദിച്ച മുറികളില്‍ നിന്ന് മാരകായുധങ്ങള്‍ പിടിച്ചെടുത്തു.

വാക്കത്തികളും ഇരുമ്പ് ദണ്ഡുകളുമാണ് ഹോസ്റ്റലില്‍നിന്നും പൊലീസ് കണ്ടെടുത്തത്. പരീക്ഷ കഴിഞ്ഞതിനാല്‍ ഹോസ്റ്റലില്‍ കുട്ടികളുണ്ടായിരുന്നില്ല. ഹോസ്റ്റല്‍ പരിശോധിക്കുന്ന സംഭവമറിഞ്ഞ് എസ്.എഫ്.ഐ പ്രവര്‍ത്തകരും നേതാക്കളും പൊലീസിനെതിരെ പ്രതിഷേധവുമായെത്തി. നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ മഹാരാജാസ് ഗ്രൗണ്ടിനടുത്തുള്ള എം.സി.ആര്‍.വി ഹോസ്റ്റലില്‍ നിന്നും താല്‍ക്കാലികമായി കുട്ടികളെ ഒഴിപ്പിച്ചിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ അധ്യായന വര്‍ഷം മുതല്‍ 19 കുട്ടികള്‍ക്ക് അധ്യാപകരുടെ ഹോസ്റ്റലില്‍ പ്രവേശനം നല്‍കി. ഒന്നാം നിലയില്‍ 13, 14, 15 മുറികളാണ് കുട്ടികള്‍ക്ക് അനുവദിച്ചിരുന്നത്.
ഇതില്‍ 14ാം നമ്പര്‍ മുറിയില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെടുത്തത്. പരീക്ഷയോടനുബന്ധിച്ച് കുട്ടികള്‍ നേരത്തേ തന്നെ ഹോസ്റ്റലില്‍നിന്നും ഒഴിഞ്ഞിരുന്നു. എന്നാല്‍ ഈ മുറിയുടെ താക്കോല്‍ കുട്ടികള്‍ തിരികെ ഏല്‍പ്പിച്ചിരുന്നില്ലെന്ന് ഹോസ്റ്റലിന്റെ ചുമതലയുള്ള അധ്യാപകര്‍ പറഞ്ഞു. ഇതിനെ തുടര്‍ന്ന് വാര്‍ഡന്‍ മറ്റൊരു താക്കോലുപയോഗിച്ച് മുറിപൂട്ടിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഹോസ്റ്റലിന്റെ പുറകില്‍നിന്നും 14ാം നമ്പര്‍ മുറിയുടെ ജനാലയിലേക്ക് ഏണിവച്ചിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടിരുന്നതായി ഹോസ്റ്റല്‍ വാര്‍ഡന്‍ പറഞ്ഞു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മുറിക്കകത്ത് മാരകായുധങ്ങള്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

chandrika: