X
    Categories: Views

മുഹര്‍റം: അഞ്ച് സവിശേഷതകള്‍

ഇന്ന് മുഹര്‍റം പത്ത്. ഹിജ്‌റ കലണ്ടറിലെ ആദ്യ മാസമായ മുഹര്‍റത്തിന് ഇസ്ലാം മത വിശ്വാസികള്‍ പ്രത്യേക പ്രാധാന്യം നല്‍കുന്നുണ്ട്. മുഹര്‍റം ഒമ്പത്, പത്ത് ദിവസങ്ങളില്‍ നോമ്പനുഷ്ഠിക്കുന്നത് സുന്നത്ത് (പ്രതിഫലാര്‍ഹം) ആയ കാര്യമാണ്. ഇസ്ലാമിക ചരിത്രത്തില്‍ നിര്‍ണായകമായ നിരവധി സംഭവങ്ങള്‍ നടന്ന മുഹര്‍റം മാസത്തിന്റെ ചില സവിശേഷതകള്‍…

1. യുദ്ധം നിഷിദ്ധമായ മാസങ്ങളില്‍പ്പെട്ട ഒന്നാണ് മുഹര്‍റം. മുഹര്‍റം എന്ന വാക്കിന് അര്‍ത്ഥം തന്നെ നിഷിദ്ധമാക്കപ്പെട്ടത് എന്നാണ്. ഈ മാസം ഒമ്പതിന് താസൂആ എന്നും പത്തിന് ആശൂറാ എന്നും വിളിക്കുന്നു. ഈ രണ്ട് ദിനങ്ങളിലും വിശ്വാസികള്‍ സുന്നത്ത് നോമ്പ് അനുഷ്ഠിക്കുന്നു.

2. മഹാപ്രളയത്തിലെ പലായനത്തിനൊടുവില്‍ നൂഹ് നബിയുടെ കപ്പല്‍ ജൂദി പര്‍വതത്തില്‍ ചെന്നണഞ്ഞത് മുഹര്‍റം പത്തിനാണ്.

3. യഅ്ഖൂബ് നബിക്ക് മകന്‍ യൂസുഫ് നബിയുമായി പുനസ്സമാഗമത്തിന് അവസരമൊരുങ്ങിയത് മുഹര്‍റത്തിലാണ്. സ്വന്തം അര്‍ധസഹോദരങ്ങളുടെ കുബുദ്ധി കാരണം പിതാവില്‍ നിന്ന് അകന്നു കഴിയേണ്ടിവന്ന യൂസുഫ് നബി വര്‍ഷങ്ങള്‍ക്കു ശേഷമാണ് യഅ്ഖൂബ് നബിയെ കണ്ടത്.
5. മൂസാ നബിയെ ഫറോവയില്‍ നിന്ന് അല്ലാഹു രക്ഷിച്ചത് മുഹര്‍റം പത്തിനാണ്. ഈ ദിനത്തിന്റെ സ്മരണയില്‍ ജൂതന്മാര്‍ നോമ്പനുഷ്ഠിക്കാറുണ്ടായിരുന്നു. മദീനയില്‍ വെച്ച് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട നബി, മുഹര്‍റം ഒമ്പതിനും പത്തിനും നോമ്പെടുക്കാന്‍ അനുയായികളോട് ഉപദേശിച്ചു.

6. മുഹമ്മദ് നബിയുടെ പൗത്രന്‍ ഹുസൈന്‍ ബിന്‍ അലി കര്‍ബലയില്‍ രക്തസാക്ഷിയായത് മുഹര്‍റം പത്തിനാണ്. യസീദിന്റെ ഭരണത്തില്‍ അതൃപ്തി അറിയിച്ച കൂഫ നിവാസികള്‍ മക്കയില്‍ താമസിക്കുകയായിരുന്ന ഹുസൈനെ സമീപിച്ച് കൂഫയിലേക്ക് ക്ഷണിക്കുകയായിരുന്നു. 72 പേരോടൊപ്പം ഹുസൈന്‍ കൂഫയിലേക്ക് യാത്ര തിരിച്ചെങ്കിലും അവിടെ എത്തുംമുമ്പ് മുമ്പ് പിന്തുണ നല്‍കിയ മിക്കവാറും പേര്‍ യസീദിന് അനുകൂലമായി കൂറുമാറി. യസീദിന്റെ ഗവര്‍ണര്‍ ഇബ്‌നുസിയാദ് കര്‍ബലയില്‍ വെച്ച് ഹുസൈനെയും സംഘത്തെയും തടഞ്ഞു. യുദ്ധം ഒഴിവാക്കാനുള്ള സാഹചര്യമാണുണ്ടായിരുന്നതെങ്കിലും ഇബ്‌നു സിയാദിന്റെ കടുംപിടുത്തം സ്ഥിതിഗതികള്‍ വഷളാക്കുകയായിരുന്നു. യസീദിന് ബൈഅത്ത് ചെയ്യുക എന്ന ആവശ്യം ഹുസൈന്‍ നിരാകരിച്ചതോടെ 5000-ലധികം വരുന്ന സൈന്യം യുദ്ധം തുടങ്ങുകയും ഹുസൈന്‍ അടക്കമുള്ള ചെറുസംഘത്തെ വധിക്കുകയുമായിരുന്നു.

chandrika: