X

പെന്റഗണില്‍ കൂട്ട അഴിച്ചുപണി; യുഎസില്‍ ട്രംപിന്റെ അട്ടിമറി ശ്രമം?

വാഷിങ്ടണ്‍ ഡിസി: തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷവും അധികാരമൊഴിയാന്‍ തയ്യാറാകാത്ത ഡൊണാള്‍ഡ് ട്രംപിന്റെ നീക്കങ്ങളില്‍ ആശങ്കയോടെ ലോകം. അധികാരത്തില്‍ അട്ടിമറി ശ്രമങ്ങള്‍ നടക്കുമെന്ന സൂചനകള്‍ നല്‍കി പെന്റഗണിലെ ഉന്നത നേതൃത്വങ്ങളില്‍ ട്രംപ് മാറ്റങ്ങള്‍ വരുത്തി.

വൈറ്റ്ഹൗസിലെ അധികാരക്കൈമാറ്റം സുഗമമായി നടക്കില്ല എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. തോല്‍വിക്ക് പിന്നാലെ ആദ്യം പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പറിനെയാണ് ട്രംപ് മാറ്റിയത്. ഇഷ്ടക്കാരനായ ക്രിസ്റ്റഫര്‍ സി മില്ലര്‍ ആണ് പുതിയ പ്രതിരോധ സെക്രട്ടറി. പെന്റഗണിലെ ഏറ്റവും ഉയര്‍ന്ന ആദ്യ മൂന്ന് തസ്തികകളില്‍ മൂന്ന് ഇഷ്ടക്കാരെയാണ് ഇപ്പോള്‍ നിയമിച്ചിട്ടുള്ളത്.

എസ്പറിന്റെ കൂടെ ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്ന ജെന്‍ സ്റ്റീവാര്‍ഡിനെ മാറ്റി ഇന്ത്യന്‍ വംശജനായ കാഷ് പട്ടേലിനെ നിയമിച്ചു. നയ രൂപീകരണ വകുപ്പ് അണ്ടര്‍ സെക്രട്ടറിയായി ആന്റണി ടാറ്റയെ ആണ് നിയമിച്ചിരിക്കുന്നത്. ഇസ്ര കോഹന്‍ വാട്‌നികിനെ ഇന്റലിജന്‍സ് അണ്ടര്‍ സെക്രട്ടറിയായി നിയോഗിച്ചിട്ടുണ്ട്. മുന്‍ മറൈന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥനായ ജെയിംസ് ആന്‍ഡേഴ്‌സണ്‍ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു.

റിപ്പബ്ലിക്കന്‍ അനുകൂല ചാനലായ ഫോക്‌സ് ന്യൂസിന്റെ മുന്‍ കമന്റേറ്ററും ഇസ്‌ലാം വിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് പേരുകേട്ടയാളുമാണ് ആന്റണി ടാറ്റ. മുന്‍ പ്രസിഡന്റ് ബറാക് ഒബാമയെ തീവ്രവാദിയെന്ന് വിളിച്ചും ടാറ്റ വിവാദം സൃഷ്ടിച്ചിട്ടുണ്ട്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ അണ്ടര്‍സെക്രട്ടറിയായിരുന്ന മുന്‍ നേവി വൈസ് അഡ്മിറല്‍ ജോസര്‍ കെര്‍ക്കാനയേയും തെറിപ്പിച്ചിട്ടുണ്ട്.

അധികാരത്തില്‍ തുടരാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ ട്രംപ് ഒളിഞ്ഞും തെളിഞ്ഞും  നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. രണ്ടാം ട്രംപ് ഭരണത്തിനു വേണ്ട സുഗമമായ കൈമാറ്റം ഉണ്ടാകും എന്നാണ് കഴിഞ്ഞ ദിവസം ആഭ്യന്തര സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞിരുന്നത്.

അതിനിടെ, സുഗമമായ അധികാരക്കൈമാറ്റത്തിനായി നിയുക്ത പ്രസിഡണ്ട് ജോ ബൈഡന്‍ അഞ്ഞൂറംഗ സംഘത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ ഇരുപത്തിയഞ്ചോളം ഇന്ത്യന്‍ അമേരിക്കക്കാരുണ്ട്.

Test User: