X

വാട്‌സ്ആപ്പ് ഹര്‍ത്താല്‍; തങ്ങളുടെ ഭാവി തകര്‍ക്കാന്‍ കൂടുതല്‍ കേസുകളില്‍ പെടുത്തുന്നെന്ന് പ്രതികള്‍

തിരുവനന്തപുരം: ഹര്‍ത്താല്‍ നടത്തി കലാപവും ലഹളയും നടത്തിയ രാഷ്ട്രീയ പാര്‍ട്ടിക്കാരെ പ്രതിചേര്‍ക്കാതെ ക്രൈംബ്രാഞ്ച് തങ്ങള്‍ക്കെതിരെ മാത്രം 17 കേസെടുത്തത് കൗമാരക്കാരായ തങ്ങളുടെ ഭാവി തകര്‍ക്കാനാണെന്ന് വാട്ട്‌സ് ആപ്പ് ഹര്‍ത്താല്‍ കേസിലെ പ്രതികള്‍. ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കവേയാണ് അഞ്ചുപ്രതികള്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് എ.എസ്.മല്ലികയെ ഇക്കാര്യം ബോധിപ്പിച്ചത്.

പോളിടെക്‌നിക് ഡിപ്പോമ കോഴ്‌സ് പൂര്‍ത്തിയാക്കിയ തങ്ങളുടെ ഭാവി ഇരുട്ടറയില്‍ തള്ളാനാണ് ക്രൈംബ്രാഞ്ച് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഒന്നിന് പിറകേ ഒന്നായി തിരുവനന്തപുരം, കൊല്ലം, മലപ്പുറം എന്നിവിടങ്ങളിലായി മൊത്തം 17 കേസുകളില്‍ തങ്ങളെ പ്രതിയാക്കിയിരിക്കുകയാണ്. ഒരു കേസില്‍ ജാമ്യം എടുക്കുന്ന ഉടനേ അടുത്ത കേസില്‍ എഫ്.ഐ. ആര്‍ ഇടുന്നു. തങ്ങള്‍ ‘ജസ്റ്റിസ് ഫോര്‍ സിസ്റ്റര്‍’ എന്ന വാട്ട്‌സ് അപ്പ് ഗ്രൂപ്പില്‍ അംഗങ്ങളായി സന്ദേശങ്ങള്‍ പങ്കുവച്ചതല്ലാതെ യാതൊരു തരത്തിലുള്ള വഴി തടയല്‍, കടയടപ്പ്, മത സ്പര്‍ദ്ധ ഉണ്ടാക്കല്‍, ലഹള, കലാപത്തിന് പ്രേരണ നല്‍കല്‍ എന്നിവയില്‍ നേരിട്ട് പങ്കെടുക്കുകയോ പരസ്യമായ യാതൊരു പ്രവര്‍ത്തികള്‍ ചെയ്യുകയോ ഉണ്ടായിട്ടില്ല. ഹര്‍ത്താലിന്റെ പേരില്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തിയവരുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല. അപ്രകാരമുള്ള യാതൊരു കുറ്റസമ്മത മൊഴിയും നല്‍കിയിട്ടുമില്ലെന്ന് ഇവര്‍ കോടതിയെ അറിയിച്ചു.

തിരുവനന്തപുരം ജില്ലയിലെ കോളജ് വിദ്യാര്‍ത്ഥികളായ തെന്മല സ്വദേശി അമര്‍നാഥ് (20), വിഴിഞ്ഞം സ്വദേശികളായ സുധീഷ് (20), അഖില്‍ (20), നെയ്യാറ്റിന്‍കര സ്വദേശി ഗോകുല്‍ ശേഖര്‍ (21), പൂജപ്പുര സ്വദേശി സിറില്‍ (20) എന്നിവരാണ് ജയിലില്‍ കഴിയുന്നത്. പ്രതികളെ ജാമ്യത്തില്‍ വിട്ടയച്ചാല്‍ ദേശവിരുദ്ധ ശക്തികളുടെ സ്വാധീനത്തില്‍ അകപ്പെടാന്‍ ഇടയുള്ളതിനാലും കൃത്യത്തില്‍ ഉള്‍പെട്ട കുടുതല്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ തടസം നേരിടുമെന്നതിനാലും ജാമ്യാപേക്ഷ നിരസിക്കണമെന്നാണ് ജാമ്യാപേക്ഷയെ എതിര്‍ത്ത് ക്രൈം ബ്രാഞ്ച് കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ജാമ്യാപേക്ഷയില്‍ 28ന് വിധിപറയും.

chandrika: