X

വരള്‍ച്ചയില്‍ നദികള്‍ വറ്റിയപ്പോള്‍ കണ്ടത് യുദ്ധക്കപ്പലുകളും ബോംബും

ബെല്‍ഗ്രേഡ്: കടുത്ത വരള്‍ച്ചയില്‍ ഡാന്യൂബ് നദിയിലെ ജലനിരപ്പ് ക്രമാധീതമായി താഴ്ന്നപ്പോള്‍ തെളിഞ്ഞത് രണ്ടാം ലോകമഹായുദ്ധ കാലത്തെ യുദ്ധക്കപ്പലുകളും ബോംബുകളും. യുദ്ധസമയത്ത് സെര്‍ബിയയിലെ നദീതുറമുഖ നഗരമായ പ്രഹോവോക്ക് സമീപം മുങ്ങിയ ഇരുപതിലധികം ജര്‍മന്‍ യുദ്ധക്കപ്പലുകളുടെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്.

1944-ല്‍ സോവിയറ്റ് സേനയുടെ മുന്നേറ്റത്തെ തുടര്‍ന്ന് നാസി ജര്‍മ്മനിയുടെ കരങ്കടല്‍ കപ്പല്‍പ്പട ഡാന്യൂബിന് സമീപം നൂറുകണക്കിന് കപ്പലുകള്‍ ഉപേക്ഷിച്ചുപോയിരുന്നു. നദിയില്‍ ജലനിരപ്പ് താഴുമ്പോള്‍ ഈ കപ്പലുകളുടെ അവശിഷ്ടടങ്ങള്‍ യാത്രക്ക് തടസ്സം സൃഷ്ടിക്കാറുണ്ട്.

കഴിഞ്ഞയാഴ്ച ഇറ്റലിയിലെ പൊ നദി വറ്റി വരണ്ടപ്പോള്‍ രണ്ടാം ലോകയുദ്ധ കാലത്ത് ഉപേക്ഷിച്ചുപോയ കൂറ്റന്‍ ബോംബ് കണ്ടെത്തിയിരുന്നു. 450 കിലോഗ്രാം ഭാരമുള്ള ബോംബാണ് ലഭിച്ചത്. ബോംബ് നിര്‍വീര്യമാക്കിയെങ്കിലും ഭീഷണി കണക്കിലെടുത്ത് മേഖലയില്‍ അടിയന്താരവാസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. മാന്റുവ നഗരത്തിന് സമീപത്തെ ബോര്‍ഗോ വിര്‍ജിലിയോ ഗ്രാമത്തില്‍നിന്ന് മുവ്വായിരത്തോളം പേരെ ഒഴിപ്പിച്ചിരുന്നു.

വരള്‍ച്ച രൂക്ഷമായ സ്‌പെയിനില്‍ വാല്‍ഡെക്കനാസ് ജലസംഭരണിയിലെ വെള്ളം താഴ്ന്നപ്പോള്‍ ഏഴായിരം വര്‍ഷം പഴക്കമുള്ള സ്റ്റോണ്‍ഹെഞ്ചാണ് ഉയര്‍ന്നുവന്നത്. 1924ലാണ് ഈ കല്ല് വൃത്തം ആദ്യമായി കണ്ടെത്തിയതെന്ന് പുരാവസ്തു ഗവേഷകര്‍ പറയുന്നു. വാല്‍ഡെക്കനാസ് ജലസംഭരണിയില്‍ ഇപ്പോള്‍ 28 ശതമാനം വെള്ളം മാത്രമേ അവശേഷിക്കുന്നുള്ളൂ. 150 വലിയ കല്ലുകള്‍ വൃത്താകൃതിയില്‍ ഒതുക്കിവെച്ച നിലയിലാണ് ഈ കല്ല് വൃത്തമുള്ളത്. ടാഗസ് നദിയെ പ്രതിനിധീകരിക്കുന്ന തരംഗമാണ് ഇതെന്നും അതല്ല സൗരക്ഷേത്രമാണെന്നും വാദങ്ങളുണ്ട്. മറ്റ് ചിലര്‍ ഇത് പൗരാണിക കാലത്തെ ശവകുടീരങ്ങള്‍ക്ക് മുകളില്‍ സ്ഥാപിച്ചിരുന്നതായും അവകാശപ്പെടുന്നു.എന്നാല്‍ സ്‌പെയിനിടെ സ്‌റ്റോണ്‍ഹെഞ്ച് പോലെ ഈ കല്ല് വൃത്തം പ്രശസ്തമല്ല. കാരണം, കൂടുതല്‍ കാലവും അത് വെള്ളത്തിനടിയിലായിരിക്കുമെന്നത് തന്നെ.

web desk 3: