X

വാഗ്ദാനം ചെയ്ത തൊഴിലെവിടെ? മോദിയോട് ചിദംബരം

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വാഗ്ദാനം ചെയ്ത തൊഴില്‍ എവിടെയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. നല്ല ദിനങ്ങള്‍ വന്നു വന്ന് സര്‍ക്കാര്‍ വീണ്‍വാക്കു പറയുകയാണെന്നും ഒരു വികസനവും ബി.ജെ.പി കൊണ്ടുവന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗുജറാത്ത് ചേംബര്‍ കൊമേഴ്‌സ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ചിദംബരം. യു.പി.എ സര്‍ക്കാര്‍ അധികാരത്തിലിരുന്ന പത്തു വര്‍ഷം രാജ്യത്തിന്റെ ശരാശരി സാമ്പത്തിക വളര്‍ച്ച 7.5 ശതമാനമായിരുന്നെന്നും രണ്ടു വര്‍ഷത്തെ ഭരണം കൊണ്ടു മാത്രം ബി.ജെ.പി സര്‍ക്കാര്‍ ആ വളര്‍ച്ച 6.4 ശതമാനമാക്കി മാറ്റിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജി.എസ്.ടി, നോട്ടുനിരോധനം തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാറിനെതിരെ രൂക്ഷമായ ഭാഷയിലാണ് മുന്‍ ധനമന്ത്രി കൂടിയായ ചിദംബരം പ്രതികരിച്ചത്. ജി.എസ്.ടിയും നോട്ടുനിരോധനവും രാജ്യത്തെ സാമ്പത്തിക മാന്ദ്യം പോലുള്ള സാഹചര്യത്തിലേക്കാണ് വലിച്ചിഴച്ചത്. ഇന്ത്യന്‍ സാമ്പത്തിക മേഖലയ്ക്കും സാധാരണക്കാരന്റെ മേലുമുള്ള വന്‍ അടിയായിരുന്നു നോട്ടുനിരോധനം. കള്ളപ്പണവം കള്ളനോട്ടും അഴിമതിയും നോട്ടുനിരോധനത്തിന് ശേഷം ഇല്ലാതായോ? ഇതില്‍ ഒരു ലക്ഷ്യവും നേടിയിട്ടില്ല- അദ്ദേഹം ചൂണ്ടിക്കാട്ടി. ജി.എസ്.ടിയുടെ നിരക്ക് കുറയ്ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് താന്‍ ഗുജറാത്ത് തെരഞ്ഞെടുപ്പിനോട് നന്ദി പറയുന്നു. ഹിമാചല്‍ തെരഞ്ഞെടുപ്പിന് മാത്രമായി ഇതു ചെയ്യുമായിരുന്നില്ല. കാരണം ഗുജറാത്തില്‍ ജയിക്കേണ്ടത് ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. എന്തു കൊണ്ടാണ് പെട്രോളും വൈദ്യുതിയും നിര്‍മാണ മേഖലയും ജി.എസ്.ടി സംവിധാനത്തില്‍ കൊണ്ടുവരാത്തതെന്നും അദ്ദേഹം ചോദിച്ചു.

യു.പി.എ വിഭാവനം ചെയ്ത ജി.എസ്.ടിയില്‍ സമ്പൂര്‍ണ കുഴപ്പങ്ങളുണ്ടാക്കുകയാണ് നിലവിലെ സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

chandrika: