X

എവിടെ കെ ഫോണ്‍; പിണറായി സര്‍ക്കാറിന്റെ സ്വപ്‌ന പദ്ധതി ഇഴയുന്നു

ഷഹബാസ് വെള്ളില

കേരളത്തിന്റെ മുക്കിലും മൂലയിലും അതിവേഗ ഇന്റര്‍നെറ്റ് എത്തുന്നുവെന്ന് പറഞ്ഞ് പ്രഖ്യാപിച്ച പിണറായി സര്‍ക്കാറിന്റെ സ്വപ്‌ന പദ്ധതി കെ ഫോണ്‍ എങ്ങുമെത്താതെ ഇഴയുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രഖ്യാപിക്കുകയും ഏറ്റവും ഒടുവില്‍ 2021 ഡിസംബറോടെ പദ്ധതി പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കുകയും ചെയ്ത പദ്ധതിയാണ് 2022 പകുതിയായിട്ടും പുരോഗതിയൊന്നും തന്നെയില്ലാതെ ഇഴയുന്നത്.

മുപ്പതിനായിരത്തോളം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇടതടവില്ലാതെ ഇന്റര്‍നെറ്റ് സേവനം നല്‍കുമെന്നായിരുന്നു സര്‍ക്കാരിന്റെ പ്രഖ്യാപനം. കൂടാതെ 20 ലക്ഷം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് നല്‍കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞ സമയം അവസാനിച്ച് മാസങ്ങളായിട്ടും കെ ഫോണിന്റെ നാലില്‍ ഒന്നുപോലും പൂര്‍ത്തിയാക്കാന്‍ സര്‍ക്കാറിനായിട്ടില്ല. കെ ഫോണ്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയാത്തവരാണ് കെ റെയില്‍ നടപ്പിലാക്കുന്നതെന്ന പ്രതിപക്ഷ വിമര്‍ശനം ശക്തമായപ്പോള്‍ ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ ധൃതിപിടിച്ച പല പ്രവൃത്തികളും ഉണ്ടായെങ്കിലും വീണ്ടും പഴയപടിതന്നെയാണ് കാര്യങ്ങള്‍. രണ്ടു മാസം മുമ്പ് സര്‍ക്കാര്‍ ഓഫീസുകളില്‍ ഓരോ പെട്ടിസ്ഥാപിക്കുന്ന പണിയാണ് അവസാനം നടന്നത്. കെ ഫോണ്‍ വൈഫൈ കണക്ഷനാണെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.

എന്നാല്‍ ഓഫീസുകളിലേക്ക് കേബിള്‍ കണക്ഷനാണെന്നും ഇത് പ്രായോഗികമല്ലെന്നും പലരും ചൂണ്ടിക്കാണിക്കുന്നു. ഡിജിറ്റല്‍ ഡിവൈഡ് ഇല്ലാതാക്കുക എന്ന ലക്ഷ്യവുമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഫൈബര്‍ ശൃംഖലയാണ് കെ ഫോണ്‍. ഇതിലൂടെ ഇന്റര്‍നെറ്റ് എത്തിക്കുന്നത് സേവനദാതാക്കളായ കമ്പനികളാണ്. കെ.എസ്.ഇ.ബി വഴി കേബിള്‍ ഇടുന്നതിനുള്ള വാടകയില്‍ നിന്നും 20 ലക്ഷം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ വാദം. 2021 ആഗസ്റ്റില്‍ പദ്ധതി പൂര്‍ത്തീകരിക്കുമെന്നായിരുന്നു ആദ്യപ്രഖ്യാപനം. നിയമസഭയിലെ ചോദ്യത്തിന് മുഖ്യമന്ത്രി രേഖ മൂലം നല്‍കിയ മറുപടിയില്‍ പറഞ്ഞത് 2021 ഡിസംബര്‍ അവസാനത്തോടെ പദ്ധതി പൂര്‍ത്തീകരിക്കും എന്നായിരുന്നു. ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് നേതൃത്വം നല്‍കുന്ന കണ്‍സോര്‍ഷ്യത്തിനായിരുന്നു പദ്ധതിയുടെ നടത്തിപ്പ് ചുമതല. 531 കോടി രൂപയാണ് പദ്ധതിക്ക് ചെലവ്. കരാറിലടക്കം വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന്് നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു.

Chandrika Web: