X
    Categories: tech

മാറ്റങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ ഫെബ്രുവരി എട്ടിന് വാട്‌സാപ് അക്കൗണ്ടുകള്‍ നഷ്ടപ്പെടും

സോഷ്യല്‍നെറ്റ്‌വര്‍ക്ക് മെസേജിങ് ആപ്ലിക്കേഷനായ വാട്‌സാപ് വന്‍ മാറ്റങ്ങളാണ് നടപ്പിലാക്കാന്‍ പോകുന്നത്. 200 കോടി വാട്‌സാപ് അക്കൗണ്ടുകള്‍ക്ക് ഇത് സംബന്ധിച്ച് ഒരു ഇന്‍ആപ് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഒന്നുകില്‍ അതിന്റെ സേവന നിബന്ധനകളിലും സ്വകാര്യതാ നയത്തിലും മാറ്റങ്ങള്‍ സ്വീകരിക്കാന്‍ തയാറാകുക, അല്ലെങ്കില്‍ വാട്‌സാപ് അക്കൗണ്ട് നഷ്ടപ്പെടും. നിയമങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഫെബ്രുവരി 8 നകം അക്കൗണ്ടുകള്‍ ഇല്ലാതാക്കപ്പെടും.

ആപ്ലിക്കേഷനിലെ അറിയിപ്പില്‍ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നില്ല. എന്നാല്‍, ലിങ്കുകളില്‍ ക്ലിക്കു ചെയ്തു പോകുമ്പോള്‍ ചില വിവരങ്ങള്‍ ലഭിക്കുന്നുണ്ട്. വാട്‌സാപ് ഉപയോക്താക്കളുടെ വിവരങ്ങള്‍ എങ്ങനെ ശേഖരിക്കുകയും പ്രോസസ്സ് ചെയ്യുകയും ചെയ്യും എന്നതിലെ പ്രധാന മാറ്റങ്ങളും മാതൃ കമ്പനിയായ ഫെയ്‌സ്ബുക്കുമായുള്ള പങ്കാളിത്തവും വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട് നോട്ടിഫിക്കേഷന്‍ മെസേജില്‍.

ഉപയോക്താക്കള്‍ക്ക് സേവനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും നല്‍കുന്നതിനും മെച്ചപ്പെടുത്തുന്നതിനും മനസ്സിലാക്കുന്നതിനും ഇഷ്ടാനുസൃതമാക്കുന്നതിനും പിന്തുണയ്ക്കുന്നതിനും വിപണനം ചെയ്യുന്നതിനുമായി വാട്‌സാപ്പിന് ഉപയോക്താക്കളില്‍ നിന്ന് ചില വിവരങ്ങള്‍ സ്വീകരിക്കുകയോ ശേഖരിക്കുകയോ ചെയ്യണം എന്നാണ് അപ്‌ഡേറ്റ് ചെയ്ത നയത്തില്‍ പറയുന്നത്.

ഞങ്ങളുടെ സേവനങ്ങള്‍ ഉപയോഗിച്ച് നിങ്ങള്‍ നടത്തുന്ന ബിസിനസ് ഇടപെടലുകളെക്കുറിച്ചുള്ള വിവരങ്ങളെല്ലാം ഞങ്ങള്‍ക്ക് കൈമാറിയേക്കാം. ഈ ബിസിനസ്സുകളില്‍ ഓരോന്നും ഞങ്ങള്‍ക്ക് എന്തെങ്കിലും വിവരങ്ങള്‍ നല്‍കുമ്പോള്‍ ബാധകമായ നിയമത്തിന് അനുസൃതമായി പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ ആവശ്യപ്പെടുന്നു, എന്നും കുറിപ്പില്‍ പറയുന്നുണ്ട്.

മെസഞ്ചര്‍, ഇന്‍സ്റ്റാഗ്രാം, വാട്‌സാപ് എന്നിവ ലയിപ്പിക്കാന്‍ കമ്പനി കഠിനമായി പരിശ്രമിക്കുകയാണെന്നും അതിലൂടെ കണക്റ്റുചെയ്ത ഒരു പരസ്പരപ്രവര്‍ത്തന സംവിധാനം പോലെയാക്കാന്‍ കഴിയുമെന്നും ഒക്ടോബറില്‍ ഫെയ്‌സ്ബുക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞിരുന്നു.

പുതിയ സേവന നിബന്ധനകള്‍ അംഗീകരിക്കുന്നില്ലെങ്കില്‍ വാട്‌സാപ് ഉപയോക്താക്കള്‍ക്ക് ആക്‌സസ് നഷ്ടപ്പെടും. വാട്‌സാപ് അപ്‌ഡേറ്റുകള്‍ നേരത്തെ അറിയിക്കുന്ന WABetaInfo ആണ് പുതിയ നിബന്ധനകളുടെയും സ്വകാര്യതാ നയ അപ്‌ഡേറ്റുകളുടെയും സ്‌ക്രീന്‍ഷോട്ട് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പുറത്തുവിട്ടത്.

അടുത്ത വാട്‌സാപ് അപ്‌ഡേറ്റുകളില്‍ സേവനത്തെക്കുറിച്ചും ഉപയോക്തൃ ഡേറ്റ പ്രോസസ്സ് ചെയ്യുന്നതിനെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുമെന്നാണ് അറിയുന്നത്.

 

 

web desk 3: