X

‘രാജ്യദ്രോഹികള്‍ പണിത ചെങ്കോട്ടയില്‍ മോദി ഇനി പതാക ഉയര്‍ത്താതിരിക്കുമോ?: അസദുദ്ദീന്‍ ഉവൈസി

ന്യൂഡല്‍ഹി: രാജ്യദ്രോഹികള്‍ നിര്‍മ്മിച്ച ചെങ്കോട്ടയില്‍ ഇനി പ്രധാനമന്ത്രി നരേന്ദ്രമോദി
പതാകയുയര്‍ത്തുമോയെന്ന് മജ്ലിസെ ഇത്തിഹാദല്‍ മുസ്ലീമിന്‍ നേതാവും എംപിയുമായ അസദുദ്ദീന്‍ ഉവൈസി. താജ്മഹല്‍ രാജ്യദ്രോഹികള്‍ പണിതതാണെന്ന ബിജെപി എംഎല്‍എയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് ഉവൈസിയുടെ വിമര്‍ശനം. ഇനി മുതല്‍ താജ് സന്ദര്‍ശിക്കരുതെന്ന് വിദേശ ആഭ്യന്തര സഞ്ചാരികളോട് പറയാന്‍ യോഗി ആദിത്യനാഥും മോഡിയും തയ്യാറാകുമോയെന്നും ഉവൈസി ചോദിച്ചു.

‘രാജ്യദ്രോഹികള്‍’ തന്നെയാണ് ചെങ്കോട്ടയും പണികഴിപ്പിച്ചത്. പതാക ഉയര്‍ത്തുന്നത് മോഡി നിര്‍ത്തുമോ? ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസ് പണി കഴിപ്പിച്ചത് ‘ഒറ്റുകാരാണ്’. അവിടെ വിദേശികളായ അതിഥികളെ സ്വീകരിക്കുന്നത് മോഡി നിര്‍ത്തുമോ? ഉവൈസി പറഞ്ഞു.

താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്നായിരുന്നു യുപി ബിജെപി എംഎല്‍എ സംഗീത് സോമിന്റെ പ്രസ്താവന. താജ് നിര്‍മ്മിച്ച ഷാജഹാന്‍ ഹിന്ദുക്കളെ ഇല്ലാതാക്കാന്‍ ശ്രമിച്ചു. മുഗള്‍ ഭരണാധികാരികളായ ബാബര്‍, അക്ബര്‍, ഔറംഗസേബ് എന്നിവര്‍ രാജ്യദ്രോഹികളാണെന്നും ബിജെപി നേതാവ് പറഞ്ഞിരുന്നു.

വിമര്‍ശനങ്ങള്‍ക്കിടെ ബിജെപി വക്താവ് ജിവിഎല്‍ നരസിംഹറാവു സോമിനെ പിന്തുണച്ച് രംഗത്തെത്തി. ചരിത്രത്തെ വളച്ചൊടിക്കുന്ന ഒരുപാട് ശ്രമങ്ങളുണ്ടായിട്ടുണ്ട്. താജ് ഒരു സ്മാരകവും അതേ സമയം അതിക്രമങ്ങളുടെ പ്രതീകമാണെന്നും നരസിംഹറാവു പറഞ്ഞു.

പതിനേഴാം നൂറ്റാണ്ടില്‍ മുഗള്‍ ഭരണാധികാരിയായിരുന്ന ഷാജഹാന്‍ ചക്രവര്‍ത്തി പണികഴിപ്പിച്ച കോട്ടയാണ് ചെങ്കോട്ട. 1857-ല്‍ അന്നത്തെ മുഗള്‍ ഭരണാധികാരിയായിരുന്ന ബഹദൂര്‍ ഷാ സഫറില്‍ നിന്ന് ബ്രിട്ടീഷ് ഭാരത സര്‍ക്കാര്‍ ചുവപ്പു കോട്ട പിടിച്ചടക്കും വരെ ഇത് മുഗള്‍ രാജവംശത്തിന്റെ തലസ്ഥാനമായി നില കൊണ്ടിരുന്നു.

 

chandrika: