X
    Categories: Newsworld

വില്‍സണ്‍ ഇപ്പോഴും കാണാമറയത്ത്; ആമസോണ്‍ കാട്ടില്‍ തിരച്ചില്‍ തുടര്‍ന്ന് ദൗത്യസംഘം

ബൊഗോത്ത: ആമസോണ്‍ കാട്ടില്‍ കുടുങ്ങിയ നാലു കുട്ടികളെ രക്ഷപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്ന വില്‍സണ്‍ എന്ന ബെല്‍ജിയം ഷെപ്പേര്‍ഡ് നായ ഇപ്പോഴും കാണാമറയത്ത് തന്നെ. വിമാനം തകര്‍ന്ന് കാട്ടിലകപ്പെട്ട കുട്ടികളെ 40 ദിവസങ്ങള്‍ക്കു ശേഷം കണ്ടെത്തിയെങ്കിലും വില്‍സനെ കാണാതാവുകയായിരുന്നു. തിരച്ചിലിനിടെ രണ്ടാഴ്ച മുമ്പാണ് നായയെ കാണാതായത്. കുട്ടികളെ ആദ്യം കണ്ടെത്തിയത് വില്‍സണായിരുന്നു. കുട്ടികള്‍ ഉപേക്ഷിച്ച പാല്‍ക്കുപ്പി കണ്ടെത്തിയതും വില്‍സണ്‍ തന്നെ. കുറച്ചു ദിവസങ്ങള്‍ തങ്ങള്‍ക്കൊപ്പം ഒരു നായ ഉണ്ടായിരുന്നതായി കുട്ടികളും വെളിപ്പെടുത്തിയിരുന്നു. ഇടക്ക് അവശനായ വില്‍സണും സൈനികരും മുഖാമുഖം കണ്ടെങ്കിലും വിചിത്രമായ രീതിയില്‍ പെരുമാറി തിരിഞ്ഞുപോകുകയായിരുന്നു. പിന്നീട് കാട്ടില്‍ വഴിതെറ്റി. സങ്കീര്‍ണമായ ഭൂപ്രദേശവും ഈര്‍പ്പവും പ്രതികൂല കാലാവസ്ഥയും നായയെ വിഭ്രാന്തിയിലേക്ക് നയിച്ചിട്ടുണ്ടാവാമെന്നാണ് വിലയിരുത്തല്‍.

ഭീകരമായ കാട്ടിലെ അന്തരീക്ഷം സൈക്കോളജിക്കല്‍ ബ്ലോക്ക് വരുത്തിയിട്ടുണ്ടാകാമെന്നാണ് കൊളംബിയന്‍ മൃഗസംരക്ഷണ വകുപ്പ് വ്യക്തമാക്കുന്നത്. ഓപ്പറേഷന്‍ സമയത്ത് നായയില്‍ ജിപിഎസ് ഘടിപ്പിക്കാത്തതു സംബന്ധിച്ച വിവാദവും പരക്കെ ഉയരുന്നുണ്ട്. തങ്ങളുടെ ‘സഹപ്രവര്‍ത്തകനെ’ കാട്ടില്‍ ഉപേക്ഷിക്കില്ലെന്ന് വ്യക്തമാക്കി കൊളംബിയന്‍ സൈനിക സംഘം കാട്ടില്‍ തിരച്ചില്‍ തുടരുകയാണ്. ഹോപ്പ് ദൗത്യം അവസാനിച്ചിട്ടില്ലെന്നും വില്‍സനെ കണ്ടെത്തുന്നതുവരെ ദൗത്യം തുടരുമെന്നും കൊളംബിയന്‍ സൈന്യത്തിന്റെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് കമാന്‍ഡര്‍ ജനറല്‍ പെട്രോ സാഞ്ചേസ് പറഞ്ഞു.

webdesk11: