X

ലോകകപ്പിനെ വരവേല്‍ക്കാന്‍ ഖത്തര്‍ ഒരുങ്ങി; മത്സരങ്ങള്‍ കാണാന്‍ കൂറ്റന്‍ സ്‌ക്രീനുകള്‍

 

ദോഹ: റഷ്യയില്‍ നാളെ തുടങ്ങുന്ന ഫിഫ ലോകകപ്പ് മത്സരങ്ങള്‍ വീക്ഷിക്കാന്‍ ഖത്തറിലും വിപുലമായ ക്രമീകരണങ്ങള്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂറ്റന്‍ സ്‌ക്രീനുകളില്‍ മത്സരം ആസ്വദിക്കാം. റഷ്യയിലെന്ന പോലെ മത്സരങ്ങള്‍ കാണുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ഖത്തര്‍ സമയം ഉച്ചയ്ക്ക് ഒന്നു മുതല്‍ അര്‍ധരാത്രി പന്ത്രണ്ടുവരെയാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നത്.
ലോകകപ്പിനോടനുബന്ധിച്ച് സുപ്രീംകമ്മിറ്റിഫോര്‍ ഡെലിവറി ആന്റ് ലെഗസി, കായിക സാംസ്‌കാരിക മന്ത്രാലയം എന്നിവയുമായി സഹകരിച്ച് അലി ബിന്‍ ഹമദ് അല്‍അത്തിയ്യ അറീനയില്‍ ഖത്തര്‍ ഫാന്‍ സോണ്‍ സജ്ജമാക്കുന്നുണ്ട്. ജൂണ്‍ പതിനാലു മുതല്‍ ലോകകപ്പ് അവസാനിക്കുന്ന ജൂലൈ പതിനഞ്ചുവരെ ഫാന്‍സോണ്‍ പ്രവര്‍ത്തിക്കും. ഖത്തര്‍ ഫാന്‍ സോണിലേക്കുള്ള പ്രവേശനം സൗജന്യമാണ്. ലോകകപ്പ് നേരിട്ടു കാണുന്നതിന്റെ അതേ അനുഭവം പ്രദാനം ചെയ്യുന്ന മികച്ച അന്തരീക്ഷമാണ് ഫാന്‍ സോണില്‍ ഒരുക്കുന്നത്. മത്സരങ്ങളുടെ തല്‍സമയ സംപ്രേഷണത്തിനു പുറമെ തല്‍സമയ വിനോദപരിപാടികള്‍, സംഗീത പരിപാടികള്‍, ഗെയിമുകള്‍ എന്നിവയുമുണ്ടാകും. 40ലധികം ഭക്ഷ്യ സ്റ്റോളുകളും സജ്ജമാക്കും. 2022 ഫിഫ ലോകകപ്പിന് ഖത്തര്‍ ആതിഥ്യമരുളുമ്പോഴുള്ള അതേ അന്തരീക്ഷം പ്രതിഫലിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. കുടുംബങ്ങള്‍ക്ക് ഒന്നിച്ച് ലോകകപ്പ് ആസ്വദിക്കാനുള്ള അവസരമാണ് ഇതിലൂടെ ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2014 ലോകകപ്പിലും ഫാന്‍സോണ്‍ സജ്ജമാക്കിയിരുന്നു.
ബ്രസീലില്‍ നടന്ന ലോകകപ്പുമായി ബന്ധപ്പെട്ട് ദോഹയില്‍ മത്സരം കാണാനെത്തിയ കാണികള്‍ക്ക് ഓപ്പണ്‍ എയര്‍ ബ്രസീല്‍ 2014 ഫാന്‍സ് സോണ്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയത് വലിയ വിജയമായിരുന്നു. പരിസ്ഥിതിസൗഹൃദ കൂളിങ് ടെക്‌നോളജിയാണ് നടപ്പാക്കിയത്. റഷ്യന്‍ ലോകകപ്പ് മത്സരങ്ങള്‍ ആസ്വദിക്കുന്നതിനായി ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിലും ഫാന്‍ സോണ്‍ സജ്ജമാക്കുന്നുണ്ട്. ആസ്പയര്‍ സോണ്‍ ഫൗണ്ടേഷനാണ് നൂതനമായ ഫാന്‍സോണ്‍ തയാറാക്കുന്നത്. 2022 ഫിഫ ലോകകപ്പ് നടക്കുന്ന സ്റ്റേഡിയങ്ങളിലൊന്നിലിരുന്ന് റഷ്യന്‍ ലോകകപ്പ് ആസ്വദിക്കാനുള്ള അവസരമാണ് ഖത്തറിലെ ഫുട്‌ബോള്‍ ആസ്വാദകര്‍ക്ക് ലഭിക്കുന്നത്.
ഏറ്റവും വലിയ ഫാന്‍സോണായിരിക്കും ഖലീഫ സ്റ്റേഡിയത്തിനുള്ളില്‍ ക്രമീകരിക്കുക. ആയിരത്തിലധികം പേര്‍ക്കിരുന്ന് കളികള്‍ കാണാനുള്ള സൗകര്യമുണ്ടായിരിക്കും. ഫുട്‌ബോള്‍ ആസ്വാദകര്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഏറ്റവും അത്യാധുനികമായ ശീതീകരണസംവിധാനം, കൂറ്റന്‍ സ്‌ക്രീന്‍, ഭക്ഷ്യ- പാനീയ സ്റ്റാളുകള്‍, കുട്ടികള്‍ക്കായുള്ള കളിസ്ഥലം, അനുയോജ്യമായ കാര്‍പാര്‍ക്കിങ് തുടങ്ങിയവയാണ് ഫാന്‍സോണിന്റെ സവിശേഷതകള്‍. ഖലീഫ സ്റ്റേഡിയത്തിന്റെ സൗകര്യങ്ങളും അത്യാധുനിക സാങ്കേതികസൗകര്യങ്ങളും മനസിലാക്കാനും അടുത്തറിയാനും ഫുട്‌ബോള്‍ ആസ്വാദകര്‍ക്ക് ഫാന്‍സോണിലൂടെ അവസരം ലഭിക്കും. 2022ലെ ഫിഫലോകകപ്പ് നടക്കുമ്പോഴുള്ള അനുഭവം നാലുവര്‍ഷം മുന്‍പുതന്നെ അനുഭവിച്ചറിയാനുള്ള അവസരമാണ് ഇതിലൂടെ ലഭ്യമാകുന്നതെന്ന സവിശേഷതയുമുണ്ട്. ഫാന്‍ സോണ്‍ ഏരിയയെക്കുറിച്ചും പ്രവേശനത്തിനുള്ള ടിക്കറ്റുകള്‍ എവിടെ ലഭിക്കുമെന്നതുസംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. അനുയോജ്യമായ സീറ്റുകള്‍ തെരഞ്ഞെടുക്കാനും അവസരമുണ്ടാകും.സ്വകാര്യത, മജ്‌ലിസ്, ഡൈനിങ് സേവനം എന്നിവ ആഗ്രഹിക്കുന്നവര്‍ക്കായി പ്രത്യേക സ്ഥലസംവിധാനം ക്രമീകരിക്കും. ആസ്പയര്‍സോണ്‍ 2014ല്‍ ഒരുക്കിയ ഫാന്‍സോണില്‍ പ്രതിദിനം 1500ലധികം പേരാണ് മത്സരങ്ങള്‍ ആസ്വദിക്കാനെത്തിയിരുന്നത്. കത്താറയിലും സൂഖ് വാഖിഫിലുമെല്ലാം ലോകകപ്പ് മത്സരങ്ങള്‍ കൂറ്റന്‍ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കും. ഹോട്ടലുകള്‍ പ്രത്യേക സ്‌പോര്‍ട്‌സ് ലോഞ്ചുകള്‍ തന്നെ തയാറാക്കിയിട്ടുണ്ട്. മത്സരഫലം പ്രവചിക്കുന്നവര്‍ക്ക് സമ്മാനങ്ങല്‍ ഉള്‍പ്പടെ പ്രഖ്യാപിച്ചും കാഴ്ചക്കാരെ ആകര്‍ഷിക്കുന്നു.
സുപ്രീംകമ്മിറ്റിയുമായി സഹകരിച്ച് ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ ഫാന്‍സോണ്‍ സജ്ജമാക്കിയിട്ടുണ്ട്. ഷെറാട്ടണ്‍ ഗ്രാന്‍ഡ് ദോഹ റിസോര്‍ട്ട്് ആന്റ് കണ്‍വന്‍ഷന്‍ ഹോട്ടല്‍, ഇന്റര്‍കോണ്ടിനെന്റല്‍ ദോഹ, മാരിയറ്റ് മര്‍ക്വിസ് സിറ്റിസെന്റര്‍ ദോഹ, മോണ്‍ഡ്രിയന്‍ ദോഹ, മൂവെന്‍പിക് ഹോട്ടല്‍, ഒറിക്‌സ് റൊട്ടാന, റാഡിസണ്‍ ബ്ലൂ, ഷാന്‍ഗ്രില എന്നിവിടങ്ങളിലെല്ലാം മത്സരങ്ങള്‍ ആസ്വദിക്കാന്‍ പ്രത്യേക സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. ബിഇന്‍ ചാനലുകളിലൂടെ മത്സരം ആസ്വദിക്കുന്നതിനായി ഊരിദൂ പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

chandrika: