X
    Categories: CultureMoreViews

ബീഫിന്റെ പേരില്‍ കൊല നടത്തിയവരെ മാലയിട്ട് സ്വീകരിച്ച ജയന്ത് സിന്‍ഹയോട് പിതാവ് യശ്വന്ത് സിന്‍ഹ പറഞ്ഞത്

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ ബീഫിന്റെ പേരില്‍ 55കാരനെ തല്ലിക്കൊന്ന കേസിലെ പ്രതികളെ മാലയിട്ട് സ്വീകരിച്ച കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പിതാവ് യശ്വന്ത് സിന്‍ഹ. ഈ സംഭവത്തോടെ ജയന്ത് സിന്‍ഹ ഒന്നിനും കൊള്ളാത്തവനായി മാറിയെന്ന് യശ്വന്ത് സിന്‍ഹ പറഞ്ഞു.

‘നേരത്തെ മിടുക്കനായിരുന്ന മകന്റെ ഒന്നിനും കൊള്ളാത്ത പിതാവായിരുന്ന ഞാന്‍. ഇപ്പോള്‍ നേരെ തിരിച്ചായി. ഞാന്‍ എന്റെ മകന്റെ പ്രവൃത്തിയെ അംഗീകരിക്കുന്നില്ല. വലിയ അധിക്ഷേപങ്ങള്‍ ഇതിന്റെ പേരില്‍ ഉണ്ടാവുമെന്നറിയാം. പക്ഷേ നിങ്ങള്‍ക്ക് ഒരിക്കലും വിജയിക്കാനാവില്ല’-യശ്വന്ത് സിന്‍ഹ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ വര്‍ഷം ജൂണിലാണ് ബീഫ് കൈവശം വെച്ചു എന്നാരോപിച്ച് ജാര്‍ഖണ്ഡില്‍ 55 വയസുകാരനെ ഹിന്ദുത്വ തീവ്രവാദികള്‍ അടിച്ചു കൊലപ്പെടുത്തിയത്. കേസില്‍ 11 പേര്‍ അതിവേഗ കോടതി ജീവപര്യന്തം വിധിച്ചിരുന്നു. പക്ഷേ പ്രതികളുടെ അപ്പീല്‍ പരിഗണിച്ച ഹൈക്കോടതി എട്ട് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു. ഇവര്‍ ജയില്‍ മോചിതരായപ്പോഴാണ് ജയന്ത് സിന്‍ഹ മാലയിട്ട് സ്വീകരിച്ചത്. ജാമ്യം ലഭിച്ചവര്‍ നിരപരാധികളാണെന്നാണ് ജയന്ത് സിന്‍ഹയുടെ ന്യായീകരണം.

ചന്ദ്രിക വെബ് ഡെസ്‌ക്‌: