X
    Categories: MoreViews

ഗുജറാത്ത് തെരഞ്ഞെടുപ്പ്; ബി.ജെ.പിക്കെതിരെ പ്രചരണത്തിനായി യശ്വന്ത് സിന്‍ഹ

അഹമ്മദാബാദ്: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്തില്‍ ബി.ജെ.പിക്കെതിരെ ക്യാംപെയ്‌നുമായി ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ. നവംബര്‍ പകുതിയോടെ മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി സുരേഷ് മെഹ്ത സംഘടിപ്പിക്കുന്ന പരിപാടിയില്‍ സിന്‍ഹ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ജനാധിപത്യം സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി നടത്തുന്ന ലോക്ഷാഹി ബച്ചാവോ അഭിയാന്‍ ക്യാംപെയ്‌നിലാണ് സിന്‍ഹ പങ്കെടുക്കുന്നത്.

നവംബര്‍ 14 മുതല്‍ 16വരെ നടക്കുന്ന ക്യാംപെയിനില്‍ പങ്കെടുക്കാന്‍ മെഹ്ത ക്ഷണിച്ചതിനെ തുടര്‍ന്നാണ് സിന്‍ഹ എത്തുന്നത്. അഹമ്മദാബാദ്, രാജ്‌കോട്ട്, സൂറത്ത് എന്നിവിടങ്ങളിലെ ക്യാംപെയ്‌നുകളില്‍ സിന്‍ഹ പങ്കെടുക്കും. വിദേശത്തായതുകൊണ്ട് സിന്‍ഹക്ക് ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ അദ്ദേഹം എത്തുമെന്ന് ഉറപ്പുലഭിച്ചിട്ടുണ്ടെന്ന് മെഹ്ത അറിയിച്ചു. ജി.എസ്.ടി ഉള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക വിഷയങ്ങളില്‍ സിന്‍ഹക്ക് പ്രതികരിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിന് അനുകൂലമായാണ് ക്യാപെയ്ന്‍ സംഘടിപ്പിക്കുന്നത്. എന്നാല്‍ ട്രേഡ് യൂണിയന്‍ ഉള്‍പ്പെടെയുള്ള വിവിധ സംഘടനകള്‍ നടത്തുന്നതാണ് പരിപാടിയെന്നാണ് മെഹ്തയുടെ വിശദീകരണം. ഒരു രാഷ്ട്രീയപാര്‍ട്ടിയോടും യോജിച്ചുകൊണ്ടല്ല ഇത്. ഗുജറാത്തിലെ ജനങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കിയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

നരേന്ദ്രമോദിയുടെ നോട്ട് നിരോധനമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കടുത്ത വിമര്‍ശനവുമായി യശ്വന്ത് സിന്‍ഹ രംഗത്തെത്തിയിരുന്നു. നോട്ട് നിരോധനം ഇന്ത്യയുടെ സാമ്പത്തിക നട്ടെല്ല് തകര്‍ത്തുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ജി.എസ്.ടിയേയും അദ്ദേഹം വിമര്‍ശിച്ചത് ശ്രദ്ധേയമായി. 2007ല്‍ ബി.ജെ.പി വിട്ട നേതാവാണ് സുരേഷ് മെഹ്ത.

chandrika: