X

അമിത്ഷായുടെ മകന്റെ സ്വത്ത് വിവാദം; വിമര്‍ശനവുമായി ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ

ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയഅധ്യക്ഷന്‍ അമിത്ഷായുടെ മകന്‍ ജയ്ഷായുടെ സ്വത്ത് വിവാദത്തില്‍ വിമര്‍ശനവുമായി ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ. പാര്‍ട്ടിയുടെ അഴിമതിക്കെതിരെ നീങ്ങുന്ന പ്രവണത നഷ്ടപ്പെട്ടുവെന്ന് സിന്‍ഹ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ജയ്ഷായുടെ സ്ഥാപനത്തിലെ സ്വത്ത് ഇരട്ടിപ്പിനെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവരുന്നത്. ഇതിനെ തുടര്‍ന്ന് കേന്ദ്ര മന്ത്രി ആരോപണങ്ങളെ ന്യായീകരിക്കാന്‍ വാര്‍ത്താസമ്മേളനവും നടത്തിയിരുന്നു. ഈ നടപടിയേയും യശ്വന്ത് സിന്‍ഹ വിമര്‍ശിച്ചു. ഇതിലൂടെ ബി.ജെ.പിക്ക് അഴിമതിയെ തടയാനുള്ള ധാര്‍മ്മികത നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്ത പുറത്തുകൊണ്ടുവന്ന വെബ്‌സൈറ്റിനെതിരെ നൂറ് കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കിയ നടപടിയേയും അദ്ദേഹം ചോദ്യം ചെയ്തു. നേരത്തെ നോട്ട് നിരോധനത്തിലൂടെ സാമ്പത്തിക തകര്‍ച്ചയുണ്ടായെന്ന് യശ്വന്ത് സിന്‍ഹ പറഞ്ഞിരുന്നു.

2014-ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ജയ്ഷായുടെ സ്വന്ത് 16000 ഇരട്ടി വര്‍ധിച്ചുവെന്നായിരുന്നു വാര്‍ത്ത. ദി വയര്‍ നല്‍കിയ വാര്‍ത്തക്കെതിരെ ജയ് ഷാ 100 കോടിയുടെ മാനനഷ്ട കേസുമായി കോടതിയെ സമീപിക്കുകയായിരുന്നു. അഹമദാബാദ് മെട്രോപൊളിറ്റന്‍ കോടതിയില്‍ നല്‍കിയ പരാതി പരിഗണിച്ചപ്പോള്‍ അഭിഭാഷകന്‍ കോടതിയില്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് കേസ് ഒക്ടോബര്‍ 16ലേക്ക് മാറ്റുകയായിരുന്നു.

chandrika: