X

പ്രതിഷേധ ജ്വാലയായി യു.ഡി.എഫ് രാപ്പകല്‍ സമരം

തിരുവനന്തപുരം: മോദി സര്‍ക്കാറിന്റെ ഫാസിസ്റ്റ് നയങ്ങള്‍ക്കും പിണറായി സര്‍ക്കാറിന്റെ ജനവഞ്ചനക്കുമെതിരെ യു.ഡി.എഫ് ആരംഭിച്ച രാപ്പകല്‍ സമരത്തില്‍ പ്രതിഷേധം ഇരമ്പി. പതിനായിരങ്ങള്‍ അണിനിരന്ന സമരം കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരായ താക്കീതായി മാറി. സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍പ്പെട്ട നിരവധിപേര്‍ സമരത്തിന് അഭിവാദ്യം അര്‍പ്പിച്ച് സമരപ്പന്തലിലെത്തി. ഇന്നു രാവിലെ പത്തിന് സമരം സമാപിക്കും. സെക്രട്ടറിയേറ്റിന് മുമ്പിലും ജില്ലാ കലക്‌ട്രേറ്റുകള്‍ക്ക് മുന്നിലുമാണ് സമരം നടക്കുന്നത്.

സെക്രട്ടറിയേറ്റിനു മുന്നിലെ ധര്‍ണ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ ഉദ്ഘാടനം ചെയ്തു. 2019 മോദിയുടെ അന്ത്യത്തിന്റെ ആരംഭമാകുമെന്ന് എം.എം ഹസന്‍ പറഞ്ഞു. ഒന്നരവര്‍ഷത്തിനിടെ പാചകവാതക വിലയില്‍ 70 രൂപയാണ് വര്‍ധിച്ചത്. വീട്ടമ്മമാര്‍ ഒന്നടങ്കം മോദിയെ ശപിക്കുകയാണ്. മോദി പെണ്‍ശാപത്തില്‍ വെന്തുരുകും. കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നടപടികള്‍ കാരണം ജനജീവിതം ദുസ്സഹവും ദുരിതപൂര്‍ണവുമായെന്നും ഹസന്‍ പറഞ്ഞു. മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി എം.സി മായീന്‍ഹാജി, കെ. മുരളീധരന്‍ എം.എല്‍.എ, എ.എ അസീസ് തുടങ്ങിയ യു.ഡി.എഫ് നേതാക്കളും തിരുവനന്തപുരത്ത് സമരത്തില്‍ പങ്കെടുത്തു.

കൊല്ലത്ത് കലക്ട്രേറ്റിനു മുന്നില്‍ എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി, പത്തനംതിട്ടയില്‍ ജനതാദള്‍ ദേശീയ സെക്രട്ടറി ഡോ. വര്‍ഗീസ് ജോര്‍ജ്, ആലപ്പുഴയില്‍ കെ.സി വേണുഗോപാല്‍ എം.പി, കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, എറണാകുളത്ത് മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍, ഇടുക്കിയില്‍ കേരള കോണ്‍ഗ്രസ് (ജേക്കബ്) ചെയര്‍മാന്‍ ജോണി നെല്ലൂര്‍ എന്നിവര്‍ സമരം ഉദ്ഘാടനം ചെയ്തു.

ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍ രാപ്പകല്‍ സമരപ്പന്തലില്‍ അഭിവാദ്യമര്‍പ്പിച്ച് സംസാരിക്കാന്‍ കേരള കോണ്‍ഗ്രസ് (എം) നേതാവ് പി.ജെ ജോസഫ് എം.എല്‍.എ എത്തിയത് ശ്രദ്ധേയമായി. തൃശൂരില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, പാലക്കാട്ട് വി.എസ് ശിവകുമാര്‍ എം.എല്‍.എ, കോഴിക്കോട്ട് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, വയനാട് എം.ഐ ഷാനവാസ് എം.പി, കണ്ണൂരില്‍ മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, കാസര്‍കോട് സി.പി ജോണ്‍ എന്നിവര്‍ സമരം ഉദ്ഘാടനം ചെയ്തു. മലപ്പുറത്ത് വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഈ മാസം 19നാണ് സമരം നടക്കുക.

ഇന്ന് രാവിലെ പത്തിന് നടക്കുന്ന രാപ്പകല്‍ സമരത്തിന്റെ സമാപനം തിരുവനന്തപുരത്ത് തെന്നല ബാലകൃഷ്ണപിള്ള, കൊല്ലത്ത് സി.വി പത്മരാജന്‍, ആലപ്പുഴയില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി, പത്തനംതിട്ടയില്‍ പി.സി വിഷ്ണുനാഥ്, കോട്ടയത്ത് കെ. മുരളീധരന്‍, ഇടുക്കിയില്‍ ഷെയ്ഖ് പി. ഹാരീസ്, എറണാകുളത്ത് എ.എ അസീസ്, തൃശൂരില്‍ ബെന്നി ബെഹന്നാന്‍, പാലക്കാട് പി.സി ചാക്കോ, കോഴിക്കോട് ആര്യാടന്‍ മുഹമ്മദ്, വയനാട്ടില്‍ സി. മോയീന്‍കുട്ടി, കണ്ണൂരില്‍ കെ.സി ജോസഫ് എം.എല്‍.എ, കാസര്‍കോട് കെ.എം ഷാജി എന്നിവര്‍ ഉദ്ഘാടനം ചെയ്യും. എം.പി.മാര്‍, എം.എല്‍.എ.മാര്‍, യു.ഡി.എഫ് നേതാക്കള്‍, ത്രിതല തദ്ദേശ സഭാംഗങ്ങളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.

 

chandrika: