X

അഴിമതി; അനന്ത് കുമാറിനും യെദ്യൂരപ്പക്കുമെതിരെ കേസ്

ബംഗളൂരു: കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി അനന്ത് കുമാര്‍, കര്‍ണാടക ബി.ജെ.പി അധ്യക്ഷന്‍ ബി.എസ് യെദ്യൂരപ്പ എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ്. കര്‍ണാടക ആന്റി കറപ്ഷന്‍ ബ്യൂറോയാണ് കേസെടുത്തത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഒരുപൊതുവേദിയില്‍ നടത്തിയ രഹസ്യ സംഭാഷണത്തില്‍ ഇരുവരും നടത്തിയ അഴിമതിക്കഥകള്‍ പുറത്തായിരുന്നു. മൈക്ക് ഓണായത് അറിയാതെയാണ് ഇവര്‍ സ്വന്തം അഴിമതിക്കഥകള്‍ വിളിച്ചു പറഞ്ഞത്. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ ഇരുവരും പ്രതിക്കൂട്ടിലായിരുന്നു. കര്‍ണാകട മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ അഴിമതി ആരോപണം ഉയര്‍ത്തേണ്ട കാര്യങ്ങളെ കുറിച്ച് സംസാരിച്ചുതുടങ്ങിയ ഇരു നേതാക്കളും അവസാനം തങ്ങള്‍ നടത്തിയ അഴിമതിയെക്കുറിച്ചും പറയുകയായിരുന്നു.

സിദ്ധരാമയ്യക്കെതിരായ അഴിമതി ആരോപണം രാഷ്ട്രീയമായി ഉപയോഗിക്കണമെന്ന് യെദ്യൂരപ്പ പറയുന്നതും അനന്ത്കുമാര്‍ അത് ശ്രദ്ധാപൂര്‍വം കേള്‍ക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. തെരഞ്ഞെടുപ്പ് വരെ ഇത് നമുക്ക് ആയുധമാക്കാമെന്നും സിദ്ധരാമയ്യയെ പ്രതിസന്ധിയിലാക്കാമെന്നും യെദ്യൂരപ്പ പറയുന്നു. അല്ലെങ്കില്‍ തന്നെ അധികാരത്തിലിരിക്കെ നമ്മള്‍ കോടികള്‍ വാങ്ങിയിട്ടില്ലേയെന്നും ഖനി മാഫിയകളില്‍ നിന്നു വാങ്ങിയ കോടികള്‍ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് നല്‍കിയിട്ടില്ലെയെന്നും യെദ്യൂരപ്പ ചോദിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. എന്നാല്‍ തങ്ങള്‍ക്ക് മുന്നിലുള്ള മൈക്ക് ഓണ്‍ ആണെന്ന കാര്യം ഇരുവരും അറിഞ്ഞിരുന്നില്ല.

chandrika: