X
    Categories: CultureMoreViews

മുസഫര്‍നഗര്‍: 131 കലാപക്കേസുകള്‍ പിന്‍വലിക്കുന്നു

ലക്‌നൗ: മുസഫര്‍ നഗര്‍ കലാപത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പ്രതികളായ കേസുകള്‍ യു.പി സര്‍ക്കാര്‍ പിന്‍വലിക്കുന്നു. കലാപവുമായി ബന്ധപ്പെട്ട 131 കേസുകളാണ് പിന്‍വലിക്കുന്നത്. ചുരുങ്ങിയത് ഏഴുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയ കേസുകളാണ് പിന്‍വലിക്കുന്നത്. കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഖാപ് നേതാക്കന്‍മാര്‍ ആദിത്യനാഥുമായി ഫെബ്രുവരിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ബി.ജെ.പിയുടെ എം.പിയായ സഞ്ജീവ് ബല്യാണ്‍, ഉമേഷ് മാലിക് എം.എല്‍.എ എന്നിവരുടെ നേതൃത്വത്തിലാണ് ഇവര്‍ ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തിയത്. പിന്‍വലിക്കുന്നവയില്‍ 13 കേസുകള്‍ കൊലപാതക കുറ്റവും 11 കേസുകള്‍ കൊലപാതക ശ്രമവും ചുമത്തപ്പെട്ടതാണ്.

കേസുകള്‍ പിന്‍വലിക്കാനുള്ള തീരുമാനത്തിനെതിരെ കോണ്‍ഗ്രസ്, എസ്.പി നേതാക്കള്‍ രംഗത്തെത്തി. കലാപകാരികളെ വെറുതെവിട്ട് അവരെ ആദരിക്കുകയാണ് ബി.ജെ.പി ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് അഖിലേഷ് പ്രതാപ് സിംഗ് പറഞ്ഞു. ഹിന്ദുത്വ തീവ്രവാദികളെ പ്രോത്സാഹിപ്പിച്ച് ഭാവിയില്‍ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാണ് യോഗി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് എസ്.പി വക്താവ് ഗന്‍ശ്യാം തിവാരി പറഞ്ഞു.

കേസുകള്‍ പിന്‍വലിക്കുന്നുവെന്ന ആരോപണം കേന്ദ്ര ന്യൂനപക്ഷകാര്യവകുപ്പ് മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി നിഷേധിച്ചു. രാഷ്ട്രീയമായി കെട്ടിച്ചമച്ച കേസുകള്‍ മാത്രമാണ് പിന്‍വലിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: