X

ഇസ്രാഈലില്‍ ജോലി അവസരവുമായി യോഗി സര്‍ക്കാര്‍; ശമ്പളം 1.3 ലക്ഷം

നിര്‍മാണ തൊഴിലാളികള്‍ക്ക് ഇസ്രാഈലില്‍ ജോലി അവസരവുമായി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. ഒന്ന് മുതല്‍ 5 വര്‍ഷത്തേക്കാണ് നിയമനം. തിരഞ്ഞെടുക്കപ്പെടുന്ന തൊഴിലാളികള്‍ക്ക് പ്രതിമാസം 1,34,000 രൂപ ശമ്പളം ലഭിക്കും. 21നും 45നും ഇടയില്‍ പ്രായമുള്ളവരെയാണ് തിരഞ്ഞെടുക്കുന്നത്. ഇവര്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് അടക്കമുള്ള സൗകര്യങ്ങള്‍ ലഭിക്കും. യാത്രാ ചെലവ് തൊഴിലാളികള്‍ വഹിക്കണം.

അലീഗഢ്, ഹാഥറസ്, കസ്ഗന്‍ജ്, എറ്റാഹ് തുടങ്ങിയ ജില്ലകളില്‍നിന്നായി പതിനായിരത്തോളം പേര്‍ അപേക്ഷ നല്‍കിയതായി അലീഗഢ് സോണ്‍ ഡെപ്യൂട്ടി ലേബര്‍ കമീഷണര്‍ സിയറാം അറിയിച്ചു.

ദേശീയ നൈപുണ്യ വികസന കോര്‍പറേഷനാണ് തൊഴിലാകളെ ഇന്റര്‍വ്യൂ ചെയ്യുന്നത്. കല്‍പ്പണി, പ്ലംബര്‍, ടൈല്‍സ് ജോലി എന്നിവയുള്‍പ്പെടെ 54 വിദഗ്ധ തൊഴിലാളികളെ ഇതിനകം അലീഗഢില്‍നിന്ന് തിരഞ്ഞെടുത്തതായി സിയറാം പറഞ്ഞു.

അലീഗഢ് മേഖലയില്‍ മാത്രം ഏകദേശം 4.5 ലക്ഷം തൊഴിലാളികള്‍ തൊഴില്‍ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരോട് ഇസ്രാഈലില്‍ ജോലി ചെയ്യാന്‍ താല്‍പ്പര്യമുണ്ടോ എന്ന് സര്‍ക്കാര്‍ അന്വേഷിക്കുന്നുണ്ട്.

കഴിഞ്ഞ മേയില്‍ ഇസ്രാഈല്‍ വിദേശകാര്യ മന്ത്രി എലി കോഹന്‍ ന്യൂഡല്‍ഹിയിലെത്തിയപ്പോള്‍ ഇരു രാജ്യങ്ങളും തമ്മില്‍ തൊഴില്‍ കരാറില്‍ ഒപ്പിട്ടിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത്. 34,000 നിര്‍മാണ തൊഴിലാളികളും 8,000 നഴ്‌സുമാരും അടക്കം 42,000 ഇന്ത്യക്കാര്‍ക്ക് ഇസ്രാഈലില്‍ തൊഴിലവസരങ്ങള്‍ തേടാന്‍ അനുമതി നല്‍കുന്നതാണ് കരാര്‍.

തൊഴിലാളികളെ യുദ്ധ മേഖലകളിലേക്കല്ല, നിര്‍മാണ പദ്ധതികള്‍ നടക്കുന്ന പ്രദേശങ്ങളിലേക്കാണ് വിന്യസിക്കുക.

 

webdesk13: