X

നിങ്ങളെന്നെ കുടുംബാംഗമാക്കി, വയനാട് എംപിയെന്നത് ഏറ്റവും വലിയ ബഹുമതി: രാഹുല്‍ ഗാന്ധി

കല്‍പ്പറ്റ: വയനാട് എംപിയെന്നത് തനിക്ക് ലഭിച്ച ഏറ്റവും വലിയ ബഹുമതിയെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി. കക്ഷിരാഷ്ട്രീയങ്ങള്‍ക്ക് അതീതമായി താന്‍ എപ്പോഴും വയനാട്ടുകാര്‍ക്കൊപ്പമുണ്ടാകുമെന്നും പാര്‍ലമെന്റിനകത്തും പുറത്തും പ്രവര്‍ത്തിക്കുമെന്നും വയനാട്ടിലെത്തിയ രാഹുല്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പറഞ്ഞു. ഇന്ന് രാവിലെയാണ് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തിയത്. പ്രിയങ്കാ ഗാന്ധിയും രാഹുലിനൊപ്പമുണ്ട്.

‘വയനാട്ടില്‍ എത്തിയതില്‍ വളരെയധികം സന്തോഷമുണ്ട്. അഞ്ച് വര്‍ഷം മുമ്പ് ഞാനിവിടെ വന്നപ്പോള്‍ പുതിയ ഒരാളായിരുന്നു. ഇവിടെ സ്ഥാനാര്‍ത്ഥിയായി, നിങ്ങളെന്നെ പാര്‍ലമെന്റ് അംഗമായി തിരഞ്ഞെടുത്തു, നിങ്ങളുടെ കുടുംബാംഗമാക്കി. ജാതിമതഭേദമന്യേ, കക്ഷിരാഷ്ട്രീയ ഭേദമന്യേ ഒരോ വയനാട്ടുകാരനും അവരുടെ സ്‌നേഹം നല്‍കി എന്നെ അവരുടെ ഹൃദയത്തിലേക്ക് സ്വീകരിച്ചു. ഇതെന്റെ ഹൃദയത്തില്‍ നിന്നെടുക്കുന്ന വാക്കുകളാണ്’- രാഹുല്‍ പറഞ്ഞു.

പ്രളയകാലത്തിലെ പ്രവര്‍ത്തനങ്ങള്‍ എടുത്തു പറഞ്ഞ രാഹുല്‍ വയനാട്ടുകാരുടെ ഒരുമയും ഐക്യവുമാണ് മഹാപ്രളയത്തിനിടെ പോലും തനിക്ക് മനസിലാക്കാന്‍ സാധിച്ചതെന്നും കൂട്ടിച്ചേര്‍ത്തു. ഇത്ര വലിയ ദുരന്തത്തിനിടെ പോലും വയനാട്ടിലെ സാധാരണക്കാരായ ജനങ്ങള്‍ ക്ഷോഭിച്ചില്ല. മറ്റുള്ളവരെ ആക്ഷേപിക്കുകയോ കുറ്റം പറയുകയോ ചെയ്തില്ല. വയനാട്ടിലെ ജനങ്ങളുടെ വിവേകവും ബുദ്ധിശക്തിയും താന്‍ കണ്ടു.

വയനാട്ടിലെ പാര്‍ലമെന്റംഗമാകുക എന്നത് ഏറ്റവും വലിയ ബഹുമതിയായാണ് കാണുന്നത്. വയനാട്ടില്‍ ഓരോ വീട്ടിലും തനിക്ക് സഹോദിമാരും അമ്മമാരും അച്ഛന്മാരുമുണ്ട്. വയനാട്ടിലെ ജനങ്ങള്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ഇതിനെല്ലാം പരിഹാരത്തിന് വേണ്ടിയുള്ള ജനങ്ങളുടെ പോരാട്ടത്തില്‍ മുന്നില്‍ താനുമുണ്ടാകും. പ്രശ്‌നപരിഹാരത്തിന് സംസ്ഥാന സര്‍ക്കാരിലും കേന്ദ്രത്തിലും സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും പരിഹാരമുണ്ടായില്ല. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഇതിനെല്ലാം പരിഹാരമുണ്ടാകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കക്ഷിരാഷ്ട്രീയങ്ങള്‍ക്ക് അതീതമായി വയനാട്ടുകാരെ സ്‌നേഹിക്കുന്നു. നിങ്ങളുടെ പാര്‍ലമെന്റംഗമാകുക എന്നത് ഏറ്റവും വലിയ ബഹുമതിയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം നിങ്ങളില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. എല്ലാ ജനങ്ങളോടും നന്ദിപറയുകയാണ്. തന്നെ തിരഞ്ഞെടുത്താല്‍ പാര്‍ലമെന്റിനകത്തും പുറത്തും ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ താനുണ്ടാകുമെന്നും രാഹുല്‍ ഉറപ്പുനല്‍കി.

webdesk14: