X
    Categories: MoreViews

യൂത്ത് ലീഗ് ഫലസ്തീന്‍ ഐക്യദാര്‍ഡ്യം 18ന് ഫലസ്തീന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്യും

 

കോഴിക്കോട്: ഫലസ്തീന്‍ ജനതയെ ആട്ടിപ്പായിച്ചു ജറുസലേം കയ്യടക്കിയ ഇസ്രായേലിനു കൂട്ടുനില്‍ക്കുകയും ഫലസ്തീന്‍ ജനതയുടെ വികാരങ്ങള്‍ മാനിക്കാതെ ഇസ്രായേലിന്റെ തലസ്ഥാനമായി ജറുസലേമിനെ പ്രഖ്യാപിക്കുകയും ചെയ്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ലോകവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ നല്‍കി മുസ്‌ലിം യൂത്ത് ലീഗ് ഫലസ്തീന്‍ ഐക്യദാര്‍ഡ്യ സംഗമം സംഘടിപ്പിക്കുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും പറഞ്ഞു. ഡിസംബര്‍ 18ന് തിങ്കളാഴച വൈകീട്ട് 3മണിക്ക് കോഴിക്കോട് അരയിടത്തുപാലത്ത് നടക്കുന്ന സംഗമം ഇന്ത്യയിലെ ഫലസ്തീന്‍ അംബാസഡര്‍ അദ്‌നാന്‍ അബു അല്‍ ഹൈജ ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംഗമത്തെ അഭിവാദ്യം ചെയ്യും.
ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക കൈക്കൊള്ളുന്ന പുതിയ നിലപാടുകള്‍ മിഡില്‍ ഈസ്റ്റിനെ കൂടുതല്‍ സംഘര്‍ഷഭരിതമാക്കാനേ ഉപകരിക്കൂയെന്ന് നേതാക്കള്‍ പറഞ്ഞു. ഭീകരര്‍ക്കും സായൂധ സംഘങ്ങള്‍ക്കും സഹായകമാണ് അമേരിക്കയുടെ പുതിയ നിലപാട്. ഫലസ്തീനീല്‍ നടക്കുന്ന സമാധാന ശ്രമങ്ങളെയും ലോക സുരക്ഷയെയും അമേരിക്കയുടെ നിലപാട് കാര്യമായി ബാധിക്കും. മനുഷ്യാവകാശ പ്രശ്‌നങ്ങളും അന്താരാഷ്ട്ര നിയമ വ്യവസ്ഥകളും കാറ്റില്‍ പറത്തുന്ന ഇസ്രായേല്‍ നിലപാടിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിന് പകരം അന്താരാഷ്ട്ര നിയമങ്ങളെ കാറ്റില്‍ പറത്തി അവര്‍ക്ക് പിന്തുണ നല്‍കി അംഗീകരിക്കുന്ന അമേരിക്കന്‍ നിലപാട് പ്രതിഷേധാര്‍ഹമാണ് നേതാക്കള്‍ തുടര്‍ന്നു.
എക്കാലത്തും ഫലസ്തീന്‍ പീഢിത ജനതക്കൊപ്പം നിലപാടെടുത്ത് നിലയുറപ്പിച്ചിട്ടുള്ള മുന്‍കാല ഇന്ത്യന്‍ ഭരണകൂടങ്ങളുടെ നിലപാടില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യതിചലിക്കരുത്. ദേശീയതലത്തിലും അന്തര്‍ദേശീയ തലത്തിലും ഉയര്‍ന്ന് വരുന്ന ഫലസ്തീന്‍ ഐക്യദാര്‍ഡ്യത്തിന് പിന്തുണ പകരുന്നതായിരിക്കും യൂത്ത് ലീഗ് ഐക്യദാര്‍ഡ്യ സംഗമമെന്ന് നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. ഐക്യദാര്‍ഡ്യ സംഗമം വന്‍ വിജയമാക്കാന്‍ നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

chandrika: