ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. വേണ്ടത്ര മുന്നൊരുക്കമില്ലാതെയാണ് സര്‍ക്കാര്‍ തീരുമാനമെന്നും പിന്‍വലിക്കുന്നയത്രയും മൂല്യത്തിനുള്ള നോട്ടുകള്‍ വിന്യസിക്കാനുള്ള നടപടിയില്‍ കേന്ദ്ര ധനകാര്യമന്ത്രാലയം പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ‘രണ്ടര വര്‍ഷമായി നാം അധികാരത്തിലുണ്ട്.

എന്നാല്‍ അടിയന്തര ഘട്ടങ്ങളില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ ഒരുക്കിവെക്കുന്നതില്‍ ധനകാര്യമന്ത്രാലയം ശ്രദ്ധിച്ചില്ല. പഴുതില്ലാതെ നടപ്പാക്കാനാണ് പെട്ടെന്ന് പ്രഖ്യാപിച്ചതെന്ന് വാദിക്കാമെങ്കിലും അതിന്റെ പ്രത്യാഘാതം നേരിടാന്‍ ന്യായീകരണമാവില്ല’- ഒരു ഹോങ്കോങ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സ്വാമി പറഞ്ഞു. വിദേശത്ത് കള്ളപ്പണമുള്ള ആരെയും ഇതുവരെ പിടികൂടാന്‍ ശ്രമിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് അത് ധനകാര്യ മന്ത്രാലയത്തോട് ചോദിക്കണമെന്നായിരുന്നു മറുപടി.