യാങ്കൂണ്‍: മ്യാന്മറിലെ റാഖിന്‍ സ്‌റ്റേറ്റില്‍ റോഹിന്‍ഗ്യാ മുസ്്‌ലിംകള്‍ താമസിക്കുന്ന ഗ്രാമങ്ങളില്‍ സൈന്യം 30 പേരെ വെടിവെച്ചു കൊലപ്പെടുത്തി. മാരകായുധങ്ങള്‍ കൈവശംവെച്ച അക്രമികളെയാണ് കൊലപ്പെടുത്തിയതെന്ന് സൈന്യം പറയുന്നു. ശനിയാഴ്ച രണ്ട് സൈനികരടക്കം എട്ടുപേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് റോഹിന്‍ഗ്യാ മുസ്്‌ലിം ഗ്രാമങ്ങളില്‍ മ്യാന്മര്‍ സേന ഹെലികോപ്ടര്‍ ഗണ്‍ഷിപ്പുകള്‍ ഉപയോഗിച്ച് ആക്രമണം തുടങ്ങിയിരിക്കുകയാണ്.

തീവ്രവാദികളെ ലക്ഷ്യമിട്ടുള്ള ‘ശുദ്ധീകരണ പ്രക്രിയ’യെന്നാണ് സൈന്യം ഇതിനെ വിശേഷിപ്പിക്കുന്നത്. കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളുമുണ്ടെന്ന് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന ഫോട്ടോകളും വീഡിയോകളും വ്യക്തമാക്കുന്നു. കഴിഞ്ഞയാഴ്ച സൈന്യത്തെ ഭയന്ന് നൂറുകണക്കിന് ഗ്രാമീണരാണ് വീടുപേക്ഷിച്ച് പലായനംചെയ്തത്. റോഹിന്‍ഗ്യാ മുസ്്‌ലിംകളുടെ വീടുകളും കെട്ടിടങ്ങളും വ്യാപകമായി തീവെച്ചു നശിപ്പിക്കപ്പെട്ടതായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്(എച്ച്.ആര്‍.ഡബ്ല്യു) പുറത്തുവിട്ട സാറ്റലൈറ്റ് ദൃശ്യങ്ങളും സാക്ഷ്യപ്പെടുത്തുന്നു. മൂന്ന് ഗ്രാമങ്ങളും 400 കെട്ടിടങ്ങളും അഗ്നിക്കരയാക്കപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. കഴിഞ്ഞ മാസം ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ഒമ്പത് മ്യാന്മര്‍ സൈനികര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് റാഖിന്‍ സ്‌റ്റേറ്റിലെ ഗ്രാമങ്ങളില്‍ സൈന്യം മുസ്്‌ലിം വേട്ട തുടങ്ങിയത്. ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനെന്ന പേരില്‍ മുസ്്‌ലിം ഗ്രാമങ്ങളിലെത്തിയ സൈനികര്‍ സ്ത്രീകളും കുട്ടികളുമടക്കം നിരപരാധികളെ കൊന്നൊടുക്കുകയാണ്.

നൂറുകണക്കിന് ആളുകളെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുകയും ചെയ്തിട്ടുണ്ട്. റാഖിന്‍ സ്‌റ്റേറ്റിലെ വടക്കന്‍ മേഖലയിലേക്ക് അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് പ്രവേശനം അനുവദിക്കാത്തതുകൊണ്ട് മ്യാന്മര്‍ ഭരണകൂടം നല്‍കുന്ന വിവരങ്ങള്‍ വിശ്വാസ യോഗ്യമല്ലെന്ന് ബി.ബി.സി ലേഖകന്‍ ജോന ഫിഷര്‍ പറയുന്നു. തോക്കുമായി നില്‍ക്കുന്ന സൈനികരെ വടിയും കത്തിയുമായി എങ്ങനെയാണ് ആളുകള്‍ ആക്രമിക്കുകയെന്ന് അദ്ദേഹം ചോദിക്കുന്നു. വീടുകള്‍ക്ക് റോഹിന്‍ഗ്യകള്‍ തന്നെ തീവെച്ചുവെന്നാണ് സൈന്യത്തിന്റെ മറ്റൊരു വിശദീകരണം. അന്താരാഷ്ട്ര സഹായം കിട്ടാനും തെറ്റിദ്ധാരണയും സംഘര്‍ഷവും സൃഷ്ടിക്കാനും റോഹിന്‍ഗ്യകള്‍ തങ്ങളുടെ 130 വീടുകള്‍ അഗ്നിക്കിരയാക്കിയതായി മ്യാന്മര്‍ സ്‌റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വന്തം വീടുകള്‍ റോഹിന്‍ഗ്യകള്‍ നശിപ്പിച്ചുവെന്ന് വിശ്വസിക്കാന്‍ ലോകത്ത് ആരെയും കിട്ടില്ലെന്ന് ഫിഷര്‍ വ്യക്തമാക്കി. മ്യാന്മറിലെ ജനാധിപത്യ ഭരണകൂടത്തിന്റെ മേധാവിയും സമാധാന നൊബേല്‍ സമ്മാന ജേതാവുമായ ആങ് സാന്‍ സൂകി റോഹിന്‍ഗ്യാ ഗ്രാമങ്ങളിലെ സൈനിക ക്രൂരതകളുടെ കാര്യത്തില്‍ മൗനം പാലിക്കുകയാണ്. അക്രമങ്ങളെക്കുറിച്ച് സ്വതന്ത്രാന്വേഷണം നടത്തണമെന്ന വിദേശ നയതന്ത്രജ്ഞരുടെ ആവശ്യം സൂകി തള്ളിയിരിക്കുകയാണ്.