X

അറ്റോര്‍ണി ജനറലിനെ വിമര്‍ശിച്ച് ട്രംപ്

 
വാഷിങ്ടണ്‍: അറ്റോര്‍ണി ജനറല്‍ ജഫ് സെഷന്‍സിനെ പരസ്യമായി വിമര്‍ശിച്ചും ശാസിച്ചും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രംപിന്റെ ജയത്തിന് റഷ്യന്‍ സഹായം ലഭിച്ചുവെന്ന ആരോപണത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ നിന്ന് സെഷന്‍സ് സ്വയം പിന്‍മാറിയതാണ് ട്രംപിനെ ചൊടിപ്പിച്ചത്. ട്രംപിന്റെ വിശ്വസ്തനായാണ് ജഫ് സെഷന്‍സ് അറിയപ്പെട്ടിരുന്നത്.
സെഷന്‍സ് ഒരിക്കലും സ്വയം പിന്മാറരുതായിരുന്നു എന്ന് ട്രംപ് പറഞ്ഞു. പിന്മാറുന്ന വ്യക്തിയായിരുന്നു എങ്കില്‍ അക്കാര്യം ജോലി സ്വീകരിക്കുന്നതിനു മുന്‍പ് വ്യക്തമാക്കാമായിരുന്നു. മറ്റൊരാളെ നിയമിക്കാന്‍ കഴിയുമായിരുന്നു. ട്രംപ് വ്യക്തമാക്കി. ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം സൂചിപ്പിച്ചത്. അന്വേഷണവുമായി ബന്ധപ്പെട്ട് തന്നെയും കുടുംബത്തെയും പിന്തുടരുന്ന എഫ്ബിഐയെയും നിയമവകുപ്പിലെ മറ്റ് ഉദ്യോഗസ്ഥരെയും ട്രംപ് വിമര്‍ശിച്ചു. പരസ്യവിമര്‍ശനത്തിലൂടെ സെഷന്‍സിന്റെ രാജിയാണ് പ്രസിഡന്റ് ആവശ്യപ്പെടുന്നതെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നതായി വാര്‍ത്താ ഏജന്‍സികള്‍ വ്യക്താക്കി.
റഷ്യന്‍ സഹായം സംബന്ധിച്ച് അന്വേഷണം നടത്തുന്ന എഫ്ബിഐ റിപ്പോര്‍ട്ട് നല്‍കുന്നത് സെഷന്‍സ് മേധാവിത്വം വഹിക്കുന്ന നിയമ വകുപ്പിനാണ്. യുഎസിലെ റഷ്യന്‍ അംബാസഡറുമായി സെഷന്‍സിന് ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍, ട്രംപിന്റെ വിമര്‍ശങ്ങള്‍ക്ക് സെഷന്‍സ് പ്രതികരിച്ചിട്ടില്ല.

chandrika: