X

മെഡി.കോളജ് കുംഭകോണം വിഷയം പാര്‍ട്ടി പോരല്ല

തിരുവനന്തപുരം വര്‍ക്കലയില്‍ സ്വകാര്യമെഡിക്കല്‍കോളജിന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അനുമതി നേടിയെടുക്കുന്നതിന് ബി.ജെ.പി നേതാക്കള്‍ കോടികള്‍ കോഴവാങ്ങിയെടുത്തെന്ന വിവരം പുറത്തുവന്നിട്ട് നാളേറെയായി. ബി.ജെ.പി യുവജന സംഘടനയുടെ പ്രാദേശിക നേതാക്കളായ സഹോദരങ്ങള്‍ കള്ളനോട്ടടി യന്ത്രം വീട്ടില്‍ സ്ഥാപിച്ച് പുതിയ രണ്ടായിരം രൂപയുടേതടക്കം കള്ളനോട്ടുകള്‍ വ്യാപകമായി അച്ചടിച്ച് വിതരണം ചെയ്തതായി പൊലീസ് കണ്ടെത്തിയത് കഴിഞ്ഞ ജൂണ്‍ 22നായിരുന്നു. കഴിഞ്ഞ ദിവസം തന്നെ ബാങ്കുജോലിക്കുള്ള പരീക്ഷയുടെ റാങ്കു പട്ടികയില്‍ ഉള്‍പെടുത്താന്‍ ഇതേപാര്‍ട്ടിയുടെ തന്നെ മലപ്പുറം ജില്ലാനേതാവ് പത്തു ലക്ഷം രൂപ കോഴ കൈപ്പറ്റിയതായും വാര്‍ത്തയുണ്ട്. കേരളത്തില്‍ മാത്രം ഒരു മാസത്തിനിടെ ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെട്ട മൂന്നാമത്തെ അഴിമതിക്കഥയാണ് ഇതോടെ പുറത്തായിരിക്കുന്നത്. കോഴിക്കോട്ട് പാര്‍ട്ടി ദേശീയ കൗണ്‍സില്‍ നടത്തിപ്പിനായിപിരിച്ച കോടികള്‍ മുക്കിയെന്ന വാര്‍ത്തയും പുറകെയുണ്ട്. അധികാരം നേടാന്‍ ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ പരസ്പരം ഭിന്നിപ്പിക്കുകയും കൊല്ലിക്കുകയും ചെയ്യുന്ന പാര്‍ട്ടി അധികാരം ഉപയോഗിച്ച് ചെയ്തുകൊണ്ടിരിക്കുന്ന കൊടിയ നെറികേടിന്റെ മറ്റൊരു വശമാണ് പുറത്തുവരുന്നത്. പാവപ്പട്ടവരും കര്‍ഷകരും തൊഴിലാളികളും ന്യൂനപക്ഷങ്ങളും ദലിതുകളും എഴുത്തുകാരുമൊക്കെ സ്വജീവന്‍ നിലനിര്‍ത്താന്‍ പെടാപാടുപെടുമ്പോള്‍ ജനങ്ങളുടെ സമ്പാദ്യംകൊണ്ട് അധികാര സോപനത്തില്‍ അന്തിയുറങ്ങുന്ന പകല്‍മാന്യന്മാരുടെ മുഖംമൂടിയാണിപ്പോള്‍ അഴിഞ്ഞുവീണിരിക്കുന്നത്. അതേസമയം പ്രശ്‌നത്തെ പാര്‍ട്ടി ഉള്‍പോരാക്കി തടിതപ്പാനുള്ള നീക്കമാണിപ്പോള്‍ നടക്കുന്നതെന്നുവേണം കരുതാന്‍.
വര്‍ക്കലയിലെ ഒരു ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ആര്‍. ഷാജിയാണ് മെഡി.കോളജിനുവേണ്ടി ബി.ജെ.പി സംസ്ഥാന സഹകരണ സെല്‍ കണ്‍വീനര്‍ ആര്‍.എസ് വിനോദിലൂടെ കേന്ദ്ര-സംസ്ഥാന നേതാക്കള്‍ക്ക് പണം നല്‍കിയതെന്നാണ് വിവരം. ഇതുസംബന്ധിച്ച് ബി.ജെ.പി നിയോഗിച്ച പാര്‍ട്ടിതല അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് ചോര്‍ന്നാണ് വിവരം വെളിച്ചത്തായത്. പതിനേഴു കോടിരൂപ ആവശ്യപ്പെട്ടെന്നും അതില്‍ 5.60 കോടി രൂപ കൈപ്പറ്റിയെന്നും ഈ തുക ഡല്‍ഹിയിലേക്ക് ഹവാലവഴി അയച്ചുകൊടുത്തെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. മാധ്യമങ്ങള്‍ക്ക് വിവരം ചോര്‍ത്തിക്കൊടുത്തുവെന്നതിന്റെ പേരില്‍ സംസ്ഥാന ബി.ജെ.പി നേതൃത്വത്തിനകത്ത് പുകയുയര്‍ന്നുകൊണ്ടിരിക്കെ സംസ്ഥാന സര്‍ക്കാരിന്റെ വിജിലന്‍സ്‌വിഭാഗം പരാതിയില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേന്ദ്രംകൂടി ഉള്‍പെട്ട നിലക്ക് സി.ബി.ഐ അന്വേഷണം നടന്നാല്‍തന്നെ അത് സുതാര്യമാകുമെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
കോഴയേക്കാളുപരി കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള നിയമാധിഷ്ഠിതവും ജനങ്ങളുടെ ആരോഗ്യത്തെ സംബന്ധിക്കുന്നതുമായ ഒരു സംവിധാനത്തിലെ പുഴുക്കുത്താണ് ബി.ജെ.പി വഴി വെളിപ്പെട്ടിരിക്കുന്നത് എന്നതാണ് വലിയ ഗൗരവം അര്‍ഹിക്കുന്നത്. രാജ്യത്തെ ഭാവി ഡോക്ടര്‍മാരെ വാര്‍ത്തെടുക്കുന്ന മെഡിക്കല്‍ കോളജുകളുടെ സൗകര്യങ്ങള്‍ കൂലങ്കഷമായി പരിശോധിച്ച് അവക്ക് ഔദ്യോഗികമായി പ്രവര്‍ത്തനാനുമതി നല്‍കേണ്ട സ്ഥാപനമായ മെഡിക്കല്‍ കൗണ്‍സിലിനെ കോഴപ്പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്നത് പുതിയ ആരോപണമല്ലെങ്കിലും അതിനുപിന്നിലെ രാഷ്ട്രീയാധികാരത്തിന്റെ കരങ്ങളെ ലളിതമായി കാണാന്‍വയ്യ. കൗണ്‍സിലംഗങ്ങളെ നിയമിക്കുന്നത് കേന്ദ്ര ഭരണകക്ഷിയും ആരോഗ്യമന്ത്രാലയവുമാണ് എന്നിടത്താണ് കോഴപ്പണത്തിന്റെ ഭാഗം ആരിലേക്ക് പോകുന്നുവെന്ന സൂചനകള്‍ നല്‍കുന്നത്. നൂറുകണക്കിന് സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്കാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓരോവര്‍ഷവും അനുമതി നല്‍കുന്നത്. അഞ്ചരക്കോടി രൂപ കൈപ്പറ്റിയെന്നും ആയതിന് വിനോദിനെ പാര്‍ട്ടി പുറത്താക്കിയെന്നും മറ്റുള്ളവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നൊക്കെയാണ് ഇപ്പോള്‍ ആ പാര്‍ട്ടി നേതൃത്വം പറയുന്നത്. സംസ്ഥാന പ്രസിഡന്റ് കുമ്മനംരാജശേഖരന്റെ പി.ആര്‍.ഒ വഴിയാണ് പണം കൈമാറിയതെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശിന് പങ്കുണ്ടെന്നുമൊക്കെയാണ് വാര്‍ത്തകള്‍. കേരളത്തിലെ എം.പിമാര്‍ കഴിഞ്ഞ രണ്ടുദിവസമായി പാര്‍ലമെന്റില്‍ ഉന്നയിച്ചിട്ടും വിഷയത്തെ തൃണവല്‍ഗണിക്കാനാണ് ലോക്‌സഭാ സ്പീക്കറുടെയും കേന്ദ്ര ആരോഗ്യമന്ത്രിയുടെയും ശ്രമം.
ബി.ജെ.പിയുടെ അഖിലേന്ത്യാനേതാക്കള്‍ ഉള്‍പ്പെട്ട ഡസന്‍കണക്കിന് അഴിമതികളാണ് കഴിഞ്ഞ മൂന്നു കൊല്ലത്തിനിടെ രാജ്യത്തുടനീളം പുറത്തുവന്നത്. വാജ്‌പേയിയുടെ കാലത്ത് നൂറുകണക്കിന് പെട്രോള്‍ പമ്പുകളും വാതക ഏജന്‍സികളും അനുവദിക്കുന്നതിന് ബി.ജെ.പിക്കാര്‍ വാങ്ങിയ കോഴക്കോടികളുടെ കണക്കുകള്‍ ഇന്നും സര്‍ക്കാരിന്റെയും കോടതിയുടെയും കയ്യിലുണ്ട്. ഗുജറാത്ത് ടെലികോം, മധ്യപ്രദേശിലെ വ്യാപം, പുതിയ നോട്ടുകള്‍ വ്യാപകമായി സ്വന്തക്കാര്‍ക്കായി കടത്തിയത്, രാജസ്ഥാന്‍ മുഖ്യമന്ത്രി ഉള്‍പ്പെട്ട അഴിമതി, വായ്പാതട്ടിപ്പുകാരന്‍ ലളിത് മോദിക്കുവേണ്ടി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമസ്വരാജ് നടത്തിയ വഴിവിട്ട നീക്കം, ബി.ജെ.പി എം.പിയും ശതകോടി തട്ടിപ്പുകാരനുമായ വിജയ്മല്യയെ രക്ഷപ്പെടാന്‍ കാട്ടിയ സഹായം, കര്‍ണാടക മുന്‍ നേതാവിന്റെ ആര്‍ഭാടക്കല്യാണം, മുമ്പ് ദേശീയാധ്യക്ഷന്‍ ബംഗാരുലക്ഷ്മണ്‍ നേരിട്ട് ഹവാലപണം വാങ്ങിവെക്കുന്ന ദൃശ്യം പുറത്തുവന്നത്.. തുടങ്ങിയവയില്‍നിന്നൊക്കെ ജനശ്രദ്ധതിരിച്ച് വര്‍ഗീയതയുടെയും ഗോമാതാവിന്റെയും പിന്നാലെ പായുകയായിരുന്നു ബി.ജെ.പിയും അതിന്റെ അമരക്കാരും. അധികാരത്തിനും അനര്‍ഹമായ ധനസമാഹാരണത്തിനും വേണ്ടിയാണ് ജനങ്ങളുടെ ജീവല്‍പ്രശ്‌നങ്ങളെ അകറ്റിനിര്‍ത്തി വര്‍ഗീയതയെ അവരുപയോഗിക്കുന്നതെന്നത് ഇതിനകം തന്നെ ലോകം വിലയിരുത്തിക്കഴിഞ്ഞതാണ്. വലതുപക്ഷ തീവ്ര വര്‍ഗീയ കക്ഷികളുടെ പൊതുസ്വഭാവമാണ് കോര്‍പറേറ്റുകള്‍ക്ക് വാരിക്കോരി സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കിയതിലൂടെ മോദി സര്‍ക്കാര്‍ പ്രകടിപ്പിച്ചിട്ടുള്ളത്.
മോദി യുഗത്തിലും നേമത്തു വീണു കിട്ടിയ നിയമസഭാകസേരക്കപ്പുറം നീങ്ങാന്‍ കഴിയാതിരിക്കുന്ന കേരളത്തിലെ പാര്‍ട്ടി നേതൃത്വത്തിന്റെ അലസതക്കും ആര്‍ഭാടത്തിനുമെതിരെ ദേശീയാധ്യക്ഷന്‍ തന്നെ നേരിട്ടെത്തി താക്കീത് ചെയ്തുപോയിട്ട് നാളേറെയായിട്ടില്ല. അതിനിടെയാണ് ആരുടെയോ സമ്മര്‍ദത്തിനുവഴങ്ങിയെങ്കിലും പേരിനൊരു റിപ്പോര്‍ട്ടുണ്ടാക്കി ഒരു മാസത്തിനുശേഷം അത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്ത ്‌നല്ലപിള്ള ചമയാനുള്ള പാഴ്ശ്രമം.

chandrika: