X

അവസാന ഇന്നിങ്‌സില്‍ സച്ചിന്‍ പുറത്തായപ്പോള്‍ ഞാനും ക്രിസ് ഗെയ്‌ലും കരഞ്ഞു; വൈകാരിക നിമിഷങ്ങള്‍ വെളിപ്പെടുത്തി കിര്‍ക് എഡ്വാഡ്‌സ്

ചെന്നൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ അവസാന ടെസ്റ്റ് മത്സരം ഇന്ത്യന്‍ കായികരംഗത്ത് എക്കാലത്തും ഓര്‍ക്കപ്പെടുന്ന സംഭവങ്ങളില്‍ ഒന്നാണ്. സ്വന്തം സ്റ്റേഡിയമായ മുംബൈയിലെ വാംഖഡെയില്‍ വിന്‍ഡീസിനെതിരെയായിരുന്നു സച്ചിന്റെ അവസാന മത്സരം. തിങ്ങിനിറഞ്ഞ കാണികള്‍ തങ്ങളുടെ പ്രിയപ്പെട്ട താരത്തിന് വിട നല്‍കിയ ദിവസം തങ്ങളും കരഞ്ഞു പോയെന്ന് വെളിപ്പെടുത്തുകയാണ് ഇപ്പോള്‍ വിന്‍ഡീസ് താരം കിര്‍ക് എഡ്വാഡ്‌സ്.

Made in India, for India
We are supporting Make in India initiative by manufacturing efficient and reliable Elevators in India

വിന്‍ഡീസ് നിരയില്‍ ഉണ്ടായിരുന്നെങ്കിലും അവസാന പതിനൊന്നില്‍ ഇടം ലഭിക്കാത്ത താരമായിരുന്നു കിര്‍ക്ക്. സച്ചിന്‍ ഔട്ടായ വേളില്‍ തന്റെയും ക്രിസ് ഗെയിലിന്റെയും കണ്ണുകള്‍ നിറഞ്ഞു എന്നാണ് ഇപ്പോള്‍ കിര്‍ക്ക് വെളിപ്പെടുത്തുന്നത്. ‘ക്രിക്ട്രാക്കറു’മായി ഇന്‍സ്റ്റഗ്രാം ലൈവില്‍ നടത്തിയ സംഭാഷണത്തിലാണ് കിര്‍കിന്റെ വെളിപ്പെടുത്തല്‍.

‘സച്ചിന്റെ കരിയറിലെ 200ാം ടെസ്റ്റില്‍ വിന്‍ഡീസ് ടീമില്‍ ഞാനുമുണ്ടായിരുന്നു. എന്നെ സംബന്ധിച്ചും വളരെ വൈകാരികമായ രംഗമായിരുന്നു അത്. ക്രിസ് ഗെയ്‌ലിന് സമീപത്തായിരുന്നു ഞാന്‍. ഞങ്ങള്‍ രണ്ടുപേരും കണ്ണീരടക്കാന്‍ പെടാപ്പാടു പെടുകയായിരുന്നു. കണ്ണീര്‍ താഴേക്കു വീഴാതിരിക്കാന്‍ പരമാവധി ശ്രമിച്ചു. വളരെ വേദനിപ്പിച്ച നിമിഷമായിരുന്നു അത്. ഈ മനുഷ്യന്‍ വീണ്ടും കളത്തിലിറങ്ങുന്നത് കാണാനാകില്ലല്ലോ എന്ന ചിന്ത ഞങ്ങളെ തകര്‍ത്തുകളഞ്ഞു’ എഡ്വേഡ്‌സ് പറഞ്ഞു.

74 റണ്‍സെടുത്ത സച്ചിന്‍ പുറത്തായതിനു പിന്നാലെ വാങ്കഡെയില്‍ സൂചി വീണാല്‍ കേള്‍ക്കുന്ന നിശ്ശബ്ദതയായിരുന്നു. പ്രിയതാരം കളി നിര്‍ത്തിയ നിമിഷമാണിതെന്ന തിരിച്ചറിവില്‍ സ്റ്റേഡിയം നിറച്ചെത്തിയ കാണികള്‍ എഴുന്നേറ്റുനിന്ന് കയ്യടികളോടെയാണ് സച്ചിനെ യാത്രയാക്കിയത്.

സച്ചിന്റെ വിരമിക്കല്‍ ടെസ്റ്റില്‍ ആദ്യം ബാറ്റു ചെയ്ത വിന്‍ഡീസിനെ ഇന്ത്യ 182 റണ്‍സിന് പുറത്താക്കിയിരുന്നു. ഒന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ. ചേതേശ്വര്‍ പൂജാര 34 റണ്‍സോടെയും സച്ചിന്‍ 38 റണ്‍സോടെയും ക്രീസില്‍. മികച്ച ഫോമിലായിരുന്ന സച്ചിന്‍ വാങ്കഡെയിലെ സ്വന്തം കാണികള്‍ക്കു മുന്നില്‍ വിരമിക്കല്‍ ടെസ്റ്റില്‍ സെഞ്ചുറി തികയ്ക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. എന്നാല്‍, വ്യക്തിഗത സ്‌കോര്‍ 74ല്‍ നില്‍ക്കെ നര്‍സിങ് ദിയോനരൈന്റെ പന്തില്‍ സച്ചിന്‍ പുറത്തായി. സ്ലിപ്പില്‍ ഡാരണ്‍ സമിയാണ് ക്യാച്ചെടുത്തത്. എന്നാല്‍ സമി ആ വിക്കറ്റ് നേട്ടം ആഘോഷിച്ചില്ല. കൈയില്‍ പന്തുമായി തലകുനിച്ചാണ് സമി ഗ്രൗണ്ടില്‍ നിന്നത്.

ഒന്നാം ഇന്നിങ്‌സില്‍ സച്ചിന്റെ അര്‍ധസെഞ്ചുറിക്കു പുറമെ രോഹിത് ശര്‍മയുടെ സെഞ്ചുറിയും വിരാട് കോലിയുെട അര്‍ധസെഞ്ചുറിയും ചേര്‍ന്നതോടെ ഇന്ത്യ 495 റണ്‍സാണ് നേടിയത്. വിന്‍ഡീസിനെ രണ്ടാം ഇന്നിങ്‌സില്‍ 187 റണ്‍സിന് പുറത്താക്കിയ ഇന്ത്യ ഇന്നിങ്‌സിനും 126 റണ്‍സിനും ജയിച്ചു.

Test User: