X

ആത്മവിശ്വാസത്തെ തളര്‍ത്താനാവില്ല: രമ്യ ഹരിദാസ് സ്ത്രീ വിരുദ്ധതയാണോ ഇടതിന്റെ നവോത്ഥാനം

കെ.പി ജലീല്‍

ദുരാരോപണങ്ങളും ആക്ഷേപങ്ങളും അധിക്ഷേപങ്ങളും കൊണ്ട് തന്റെ പ്രവര്‍ത്തനങ്ങളെയും ആത്മവിശ്വാസത്തെയും അരയിഞ്ചുപോലും തളര്‍ത്താനോ തകര്‍ക്കാനോ കഴിയില്ലെന്ന ്‌യു.ഡി.എഫ് ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. തന്നെ അധിക്ഷേപിക്കുന്ന ഇടതുപക്ഷവും സി.പി.എമ്മും അവര്‍ കൊട്ടിഗ്‌ഘോഷിക്കുന്ന നവോത്ഥാനത്തില്‍ ജനങ്ങള്‍ക്കുള്ള സംശയത്തെക്കുറിച്ച് വിശദീകരിച്ചുകൊടുക്കുകയാണ് ചെയ്യേണ്ടത്. ഒരുവശത്ത് നവോത്ഥാനവും സ്ത്രീസുരക്ഷയും പറയുകയും മറുവശത്ത് പരസ്യമായി സ്ത്രീകളെയും പെണ്‍കുട്ടികളെയും ആക്ഷേപിക്കുകയും മാനഭംഗപ്പെടുത്തുകയും ചെയ്യുന്നത് സി.പി.എമ്മിന്റെ ശൈലിയാണോ എന്ന് അതിന്റെ നേതാക്കള്‍ വ്യക്തമാക്കണം.
രമ്യ ഹരിദാസ് ചന്ദ്രികക്ക് നല്‍കിയ അഭിമുഖത്തില്‍ ആവശ്യപ്പെട്ടു. തിരക്കിട്ട പ്രചാരണത്തിനിടയിലാണ് ഇടതുമുന്നണി കണ്‍വീനര്‍ തന്നെ വ്യക്തിപരമായി ആക്ഷേപിച്ച് സംസാരിച്ചതായി അറിയാനിടയായത്. അന്ന് രാത്രി തനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. ഇതാണോ സി.പി.എമ്മില്‍നിന്നും പ്രത്യേകിച്ച് അതിന്റെ നേതാക്കളില്‍നിന്നും ജനം പ്രതീക്ഷിക്കേണ്ടതെന്ന് രമ്യ ചോദിച്ചു. ആലത്തൂര്‍ മണ്ഡലത്തിലെ വിവിധ കോണുകളില്‍ പ്രചാരണത്തിനെത്തുമ്പോള്‍ തനിക്ക് മുന്നിലെത്തുന്ന സ്ത്രീകളും യുവാക്കളും പ്രായമായവരും വെളിപ്പെടുത്തുന്നത് എന്തെന്നില്ലാത്ത പിന്തുണയാണ്. വലിയ ആത്മവിശ്വാസത്തിലാണ് ഞാന്‍.
? ദീപ നിശാന്ത് അധിക്ഷേപിച്ചപ്പോള്‍ എന്ത് തോന്നി.
. അതിനെയൊന്നും ഞാനത്ര കാര്യമാക്കിയിരുന്നില്ല. പാട്ടുപാടുക എന്നത് എന്റെ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. എന്റെ സ്വഭാവം പോലെ ഒരായുധമാണ് എന്റെ പാട്ടും. കലാഭവന്‍ മണിയുടെ ജീവിതമാണ് എന്നെ അദ്ദേഹത്തിന്റെ പാട്ടുകളോട് അടുപ്പിച്ചത്. വീട്ടില്‍ പണമുണ്ടായിട്ടല്ല ഞാന്‍ പാട്ടുപഠിക്കാനായി പോയത്. വലിയ പാട്ടുകാരിയാണെന്ന തോന്നലുമില്ല. എന്നാല്‍ ഒരു സ്ത്രീയെന്ന പരിഗണന പോലും തരാതെ പാട്ടുകാരി എന്ന് ആക്ഷേപിച്ചപ്പോള്‍ അവരോട് തോന്നിയത് ദേഷ്യമല്ല, നിസ്സംഗതയായിരുന്നു.
? വിജയരാഘവന്റെ ആക്ഷേപവും കൂടി വന്നതോടെ യു.ഡി.എഫിന്റെയും രമ്യയുടെയും ജനശ്രദ്ധ വര്‍ധിക്കുകയല്ലേ ഉണ്ടായിട്ടുള്ളത്.
. ഇതിനൊക്കെ മുമ്പുതന്നെ ഞാന്‍ ശ്രദ്ധേയയായിരുന്നില്ലേ. യു.ഡി. എഫ് എനിക്ക് നല്‍കിയ സ്ഥാനാര്‍ത്ഥിത്വം വലിയ അംഗീകരമായിരുന്നു. അതിന് യു.ഡി.എഫ് നേതാക്കളോട് വലിയ നന്ദിയുണ്ട്. ഒരു ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ മാത്രമായ എന്നെ എം.പി സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ മറ്റെന്ത് വികാരമാണ് എന്നിലുണ്ടാകുക.
? ബ്ലോക്ക് പഞ്ചായത്തിലെയും പാര്‍ലമെന്റ് മണ്ഡലത്തിലെയും തെരഞ്ഞെടുപ്പുകളെ എങ്ങനെ കാണുന്നു.
. ബ്ലോക്ക് പഞ്ചായത്ത് ഒരു പ്രദേശത്തിന്റെ മാത്രമല്ലേ. മറിച്ച് ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്നതല്ലേ ഒരു ലോക്‌സഭാമണ്ഡലം. രണ്ടിനും രണ്ടിന്റേതായ പ്രചാരണരീതിയും അംഗീകാരവുമാണ്. പ്രത്യേകിച്ച് ആലത്തൂര്‍ പോലൊരു അവികസിത മണ്ഡലത്തില്‍ മല്‍സരിക്കുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നാണ് തോന്നുന്നത്.
? എന്താണ് മണ്ഡലത്തില്‍ കാണുന്ന അത്യാവശ്യ ആവശ്യങ്ങള്‍.
. ചിറ്റൂര്‍ മേഖലയില്‍, പ്രത്യേകിച്ച്തമിഴ്‌നാടിനോട് ചേര്‍ന്ന പ്രദേശത്തെ വികസനരാഹിത്യം എന്നെ വല്ലാതെ ഉലച്ചു. അവിടെ സ്ത്രീകള്‍ ഇപ്പോഴും കുടിവെള്ളത്തിന് ക്യൂ നില്‍ക്കുകയാണ്. പാലങ്ങളാണ് മറ്റൊരു ആവശ്യം. തൃശൂരിലെ മൂന്നുമണ്ഡലങ്ങളിലും നിരവധി ചെയ്തുതീര്‍ക്കാനുണ്ട്.
? എതിര്‍സ്ഥാനാര്‍ത്ഥിയായ സിറ്റിംഗ് എം.പിയെക്കുറിച്ച് എന്തുപറയുന്നു.
. ഞാനെന്ത് പറയാന്‍. വ്യക്തിപരമായതല്ലല്ലോ തിരഞ്ഞെടുപ്പ്. ഇവിടെ ചര്‍ച്ച ചെയ്യുന്നതോ രാഷ്ട്രീയവും വികസനവുമല്ലേ.
? രാഹുല്‍ഗാന്ധിയുടെ വയനാട്ടിലേക്കുള്ള വരവിനെക്കുറിച്ച്
. രാഹുല്‍ ബ്രിഗേഡിലെ അംഗമായാണ് ഞാന്‍ അറിയപ്പെടുന്നത്. അദ്ദേഹം 2011ല്‍ ഹരിയാനയിലെ ഫരീദാബാദില്‍ വെച്ച് നടത്തിയ ടാലന്റ് ഹണ്ടിലൂടെയാണ് ഞാന്‍ യൂത്ത് കോണ്‍ഗ്രസ് നേതൃനിരയിലേക്ക് എത്തുന്നത്. അപാരമാണ് അദ്ദേഹത്തിന്റെ നിരീക്ഷണശേഷി. നാലു സ്ത്രീകളെയാണ് അന്ന് തിരഞ്ഞെടുത്തത് ദേശീയതലത്തില്‍. രാഹുല്‍ജിയുടെ വയനാട്ടിലെ സാന്നിധ്യം നാടിന് വലിയ ഉണര്‍വുണ്ടാക്കും.
? വലിയൊരു വെല്ലുവിളിയല്ലേ വിജയം.
. ഇടതുമുന്നണിയുടെ കോട്ടയാണ് എന്നതിനെ വലിയ വെല്ലുവിളിയായി കാണുന്നുണ്ടെങ്കിലും ആലത്തൂരിലെ ജനങ്ങളുടെ എന്നോടുള്ള സ്‌നേഹത്തെയും താല്‍പര്യത്തെയും കാണുമ്പോള്‍ അത് മറികടക്കാമെന്നാണ് പ്രതീക്ഷ. യു.ഡി.എഫ് പ്രവര്‍ത്തകരും വലിയ ആവേശത്തിലാണ്. ഏത് പ്രതിസന്ധിയെയും തരണം ചെയ്യാമെന്നാണ് കരുതുന്നത്. പരിപൂര്‍ണ വിജയപ്രതീക്ഷയാണുള്ളത്.
? പാലക്കാടിനെക്കുറിച്ച്
. മുമ്പ് പലപ്പോഴും ഞാനിവിടെ വന്നിട്ടുണ്ട്. എന്റെ പ്രവര്‍ത്തനമേഖല ഒരുസമയത്ത് അട്ടപ്പാടിയിലെ ആദിവാസി മേഖലയായിരുന്നു. ആലത്തൂര്‍ മണ്ഡലത്തിലെ പ്ലാച്ചിമടയിലും കോളഫാക്ടറിയുടെ ജലചൂഷണത്തിനെതിരായ സമരത്തിലും തൃശൂര്‍ കൈനൂരിലെ സമരത്തിലും നിലമ്പൂരിലും പങ്കെടുത്തിട്ടുണ്ട്. ദലിത് മേഖലയിലും പ്രവര്‍ത്തിക്കാനായി.
കോണ്‍ഗ്രസ് കുടുംബാംഗമായ രമ്യ കെ.എസ്.യുവിലൂടെ രാഷ്ട്രീയരംഗത്തേക്കിറങ്ങിയ ശേഷം യൂത്ത് കോണ്‍ഗ്രസിനുപുറമെ ഏകതാപരിഷത്ത്, ഗാന്ധിയുവ മണ്ഡലം എന്നിവയിലും സജീവമായി നേതൃപരമായ പങ്കുവഹിച്ചിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ കോ-ഓര്‍ഡിനേറ്ററാണ് ഇപ്പോള്‍. ഈ കരുത്തുതന്നെയാണ് ഈ അവിവാഹിതയായ 33 കാരിയുടെ ഏത് ക്ഷുദ്രശക്തിക്കും തകര്‍ക്കാനാവാത്ത ആത്മവിശ്വാസത്തിന്റെ കൈമുതല്‍.

web desk 1: