X

ആഴ്‌സനലിന് വിജയത്തുടക്കം

ലണ്ടന്‍: യുവേഫ യൂറോപ്പ ലീഗില്‍ ആഴ്‌സണലിന് വിജയത്തുടക്കം. ജര്‍മ്മന്‍ ക്ലബ്ബ് കൊളോണിനെയാണ് ആഴ്‌സണല്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പിച്ചത്. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം രണ്ടാം പകുതിയില്‍ മൂന്നു ഗോളുകള്‍ തിരിച്ചടിച്ചാണ് ഗണ്ണേഴ്‌സ് വിജയം പിടിച്ചു വാങ്ങിയത്. മത്സരത്തിന്റെ ഗതിക്കു വിപരീതമായി ഒമ്പതാം മിനിറ്റില്‍ ഗണ്ണേഴ്‌സിനെ ഞെട്ടിച്ചു കൊണ്ട് കോളോണാണ് ആദ്യ ഗോള്‍ നേടിയത്.

ആഴസണല്‍ ഗോള്‍കീപ്പര്‍ ഓസ്പിന ക്ലിയര്‍ ചെയ്ത പന്ത് കാലില്‍ കിട്ടിയ ജോണ്‍ കോര്‍ബോദക്ക് പിഴച്ചില്ല. മൈതാനത്തിന്റെ മധ്യഭാഗത്തു നിന്നുള്ള ഷോട്ട് ആഴ്‌സണല്‍ വലയില്‍ പതിച്ചു. ആദ്യ പകുതിയില്‍ നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ മാത്രം ആഴ്‌സണലിന് വഴങ്ങിയില്ല. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഗണ്ണേഴ്‌സ് ഗോള്‍ തിരിച്ചടിച്ചു. 49-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ കൊലാസ്‌നിച്ചിലൂടെയായിരുന്നു ഗണ്ണേഴ്‌സിന്റെ സമനില ഗോള്‍ പിറന്നത്. കൊലാസ്‌നിച്ചിന്റെ ഇടംകാലന്‍ ഷോട്ട് കൊളോണ്‍ ഗോള്‍കീപ്പര്‍ക്ക് അവസരം നല്‍കാതെ വലയില്‍ കയറി.
67-ാം മിനിറ്റില്‍ അലക്‌സി സാഞ്ചസിലൂടെ ആഴ്‌സണല്‍ മുന്നില്‍ കയറി. കളി അവസാനിക്കാന്‍ ഒമ്പത് മിനിറ്റ് ശേഷിക്കെ ആഴ്‌സന്‍ വെംഗര്‍ക്ക് ആശ്വാസമേകിക്കൊണ്ട് ഹെക്ടര്‍ ബെല്ലറിന്‍ ആഴ്‌സണലിന്റെ വിജയമുറപ്പിച്ച ഗോള്‍ നേടി. തിയോ വാല്‍കോട്ട് തൊടുത്ത ഷോട്ട് കൊളോണ്‍ ഗോള്‍കീപ്പര്‍ തടഞ്ഞിട്ടെങ്കിലും റീബൗണ്ട് ചെയ്ത പന്ത് പിഴവില്ലാതെ ബെല്ലറിന്‍ വലയിലാക്കി. ബെലാറസ് ക്ലബ്ബ് ബെയ്റ്റുമായാണ് ആഴ്‌സണലിന്റെ അടുത്ത മത്സരം. മറ്റൊരു മത്സരത്തില്‍ ബെയ്റ്റ് ബല്‍ഗ്രേഡ് ക്രിന സ്വസ്ദയുമായി 1-1ന് സമനിലയില്‍ പിരിഞ്ഞു.

എവര്‍ട്ടന്
തോല്‍വി
ലണ്ടന്‍: യൂറോപ്പ ലീഗില്‍ ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണല്‍ വിജയം കണ്ടെങ്കിലും വെയ്ന്‍ റൂണിയുടെ എവര്‍ട്ടന്‍ ദയനീയമായി തോറ്റു. റൊണാള്‍ഡ് കോമാന്റെ സംഘം ഇറ്റാലിന്‍ ടീം അറ്റ്‌ലാന്റയോട് ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കാണ് കീഴടങ്ങിയത്. 26 വര്‍ഷത്തിനു ശേഷം യൂറോപ്പ ലീഗിലേക്കു മടങ്ങി എത്തിയ അറ്റ്‌ലാന്റ ആദ്യ പകുതിയില്‍ തന്നെ എവര്‍ട്ടന്‍ വലയില്‍ മൂന്നു ഗോളുകള്‍ എത്തിച്ചു.
ആന്‍ഡ്രിയ മസീല്ലോ, അലക്‌സാണ്ട്രോ ഗോമസ്, ബ്രയാന്‍ ക്രിസ്റ്റാന്റെ എന്നിവരാണ് അറ്റ്‌ലാന്റക്കായി ഗോളുകള്‍ നേടിയത്.
സൈപ്രസ് ടീം അപോളന്‍ ലിമസോലുമായാണ് എവര്‍ട്ടന്റെ അടുത്ത മത്സരം. ലിമസോല്‍ ഫ്രഞ്ച് ടീം ലിയോണുമായി 1-1ന് സമനിലയില്‍ പിരിഞ്ഞു. അതേ സമയം ഇറ്റാലിയന്‍ ടീം എ.സി മിലാന്‍ 5-1ന് ഓസ്ട്രിയ വിയന്നയെ തോല്‍പിച്ചു. മിലാനു വേണ്ടി ആന്ദ്രേ സില്‍വ ഹാട്രിക് നേടി. ആദ്യ 20 മിനിറ്റില്‍ തന്നെ മൂന്നു ഗോളുകളാണ് മിലാന്‍ അടിച്ചു കൂട്ടിയത്. ചാമ്പ്യന്‍സ് ലീഗ് പ്ലേ ഓഫില്‍ ലിവര്‍പൂളിനോട് തോറ്റ ജര്‍മ്മന്‍ ടീം ഹോഫന്‍ഹീമിനെ സ്വന്തം തട്ടകത്തില്‍ പോര്‍ച്ചൂഗീസ് ക്ലബ്ബ് ബ്രാഗ 2-1ന് അട്ടിമറിച്ചു. മറ്റു മത്സരങ്ങളില്‍ വില്ലറയല്‍ അസ്താനയെ 3-1നും റയല്‍ സോസിദാദ് 4-0ന് റോസന്‍ബര്‍ഗിനേയും തോല്‍പിച്ചു. മരിയോ ബലോട്ടലി ഗോള്‍ നേടിയ മത്സരത്തില്‍ നൈസ് 5-1ന് ബല്‍ജിയം ടീം വാറെഗമിനെ തുരത്തി.
ലാസിയോ 3-2ന് വിറ്റസെയേയും മാര്‍സലെ കോന്‍യാസ്പറിനെ 1-0നും തോല്‍പിച്ചപ്പോള്‍ അത്‌ലറ്റിക്കോ ബില്‍ബാവോ ഹെര്‍ത്താ ബര്‍ലിന്‍ മത്സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചു.

chandrika: