X

സര്‍ക്കാരുകളുടെ തീവെട്ടിക്കൊള്ള

കുഴിച്ചെടുക്കപ്പെടുന്ന ചെലവുകളുള്‍പ്പെടെയുള്ള ആഗോളവിപണിയിലെ അസംസ്‌കൃത പെട്രോളിയത്തിന്റെ വില ബാരലൊന്നിന് നൂറ്റിപ്പത്ത് ഡോളറില്‍ താഴെ. അതിനെ സംസ്‌കരിച്ച ശേഷം ലിറ്ററിലേക്കാക്കുമ്പോള്‍ വില 20 ഇന്ത്യന്‍ രൂപ. ഇന്ത്യന്‍ എണ്ണക്കമ്പനികളുടെ വിതരണച്ചെലവും ലാഭവും കൂട്ടിയാല്‍ വില ലിറ്ററിന് ഏറിയാല്‍ പത്തു രൂപ വര്‍ധിക്കും. അതായത് ലിറ്ററൊന്നിന് ഉപഭോക്താവിന് നല്‍കാന്‍ കഴിയുന്നത് മൂന്നു ചായയുടെ വിലക്ക്. എന്നാല്‍ ഇന്നലെ പെട്രോളിന്റെ മുംബൈയിലെ വില ലിറ്ററിന് 80 രൂപയില്‍ നിന്ന് അമ്പതു പൈസയുടെ കുറവ്. തിരുവനന്തപുരത്ത് 74.24 രൂപ. ഡീസല്‍ വിലയാകട്ടെ 62.40 രൂപയും. മുംബൈയിലെ വില നോക്കിയാല്‍ ഇന്ത്യാസര്‍ക്കാര്‍ നികുതിയും മറ്റും വഴി ഒരു ലിറ്റര്‍ പെട്രോളിന് 50 രൂപയോളം രാജ്യത്തെ പൗരനില്‍ നിന്ന് അനര്‍ഹമായി ഈടാക്കുന്നുവെന്നര്‍ത്ഥം. കേന്ദ്ര സര്‍ക്കാരിന്റെ എക്‌സൈസ് തീരുവയും സംസ്ഥാനങ്ങളുടെ വാണിജ്യ നികുതിയുമൊക്കെ കൂട്ടിയാണ് ഇത്ര ഭീമമായ തുക ഉപഭോക്താവിനുമേല്‍ അടിച്ചേല്‍പിക്കപ്പെടുന്നത്. ജനകീയ ജനാധിപത്യ സര്‍ക്കാരുകളുടെ ക്ഷേമ രാഷ്ട്രസങ്കല്‍പവും ഇതും തമ്മിലുള്ള അന്തരമെത്രയാണ്? ഏകദേശം രണ്ടേമുക്കാല്‍ ലക്ഷം കോടി രൂപയാണ് പെട്രോളിയം ഉത്പന്നങ്ങളിലൂടെ പ്രതിദിനം കേന്ദ്ര സര്‍ക്കാര്‍ നികുതിവഴി സാധാരണക്കാരനില്‍ നിന്ന് ഈടാക്കുന്നത്. സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഇതില്‍ ചെറുതല്ലാത്ത പങ്കുണ്ട്. 1.86 ലക്ഷം കോടിയാണ് സംസ്ഥാനത്തിന്റെ ശരാശരി നികുതി വിഹിതം. രാജ്യം വലിയ തോതിലുള്ള വിലക്കയറ്റം നേരിട്ടുകൊണ്ടിരിക്കുകയും സാമ്പത്തിക വളര്‍ച്ചാനിരക്ക് അനുദിനം പിറകോട്ട് വലിക്കപ്പെടുകയും സാധാരണക്കാരും പാവപ്പെട്ടവരും തീതിന്ന് ജീവിക്കേണ്ടിവരികയും ചെയ്യുന്ന ദുരിത കാലത്തുതന്നെയാണ് കോടികളുടെ കൊള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളുടെമേല്‍ ചുമത്തിക്കൊണ്ടിരിക്കുന്നത് എന്നതാണ് ഇതിലെ ഒരു വൈരുധ്യമെങ്കില്‍, തീരെ കുറഞ്ഞ വിലക്ക് കിട്ടുന്ന പെട്രോളിയത്തില്‍ നിന്ന് വന്‍കിട കുത്തക മുതലാളിമാര്‍ വന്‍തോതില്‍ ലാഭമുണ്ടാക്കുകയും സര്‍ക്കാരുകള്‍ ഇതിന്മേല്‍ സാമ്പത്തിക വരുമാനം പ്രതീക്ഷിക്കുകയും ചെയ്യുന്നുവെന്നതാണ് അതിലും ഭീകരമായിട്ടുള്ളത്. 2014ല്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ 72 രൂപയായിരുന്നു പെട്രോള്‍ വിലയെന്നാല്‍ അന്ന് അസംസ്‌കൃത പെട്രോളിയത്തിന്റെ ബാരല്‍ വില 250 ഡോളറിലും മുകളിലായിരുന്നുവെന്നോര്‍ക്കണം. അതില്‍ നിന്ന് പകുതിയിലധികം താഴ്ന്ന സമയത്താണ് കേന്ദ്ര ബി.ജെ.പി സര്‍ക്കാര്‍ വലിയ കെണിയുമായി ജനങ്ങളുടെ മുന്നിലേക്ക് ഇറങ്ങിത്തിരിച്ചിരിക്കുന്നത്. സാധാരണക്കാരുടെ അവശ്യവസ്തുവായി മാറിയിരിക്കുകയാണ് ഇപ്പോള്‍ പെട്രോളും ഡീസലും. ചെറിയ വാഹനങ്ങളുള്ളവര്‍ പെട്രോളിനെ ആശ്രയിക്കുമ്പോള്‍ വലിയ വാഹനങ്ങള്‍ ഡീസലിനെയാണ് ആശ്രയിച്ച് സര്‍വീസ് നടത്തുന്നത്. ചരക്കുകടത്തിന് ഇത് വലിയ ചെലവ് വരുത്തുന്നു. സ്വാഭാവികമായും സാധാരണക്കാരന്റെ തലയിലേക്കുതന്നെ ഡീസലിന്റെ അധികഭാരം തിരിച്ചെത്തുന്നു. അമിത വിലക്കയറ്റം വഴിയാണിത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ജൂണ്‍ പതിനാറിന് എണ്ണക്കമ്പനികള്‍ക്ക് ദിനംപ്രതി വില നിര്‍ണയിക്കാന്‍ അവസരം നല്‍കിയതിലൂടെ അവരും കേന്ദ്ര സര്‍ക്കാരും പറഞ്ഞത് ഇതിലൂടെ അന്താരാഷ്ട്ര വിലക്കനുസൃതമായി വില നിശ്ചയിക്കപ്പെടും എന്നായിരുന്നു. സ്വര്‍ണത്തിനും മറ്റും ഇത്തരത്തിലാണ് നിലവില്‍ വില നിശ്ചയിക്കപ്പെടുന്നത്. സ്വാഭാവികമായും വിലയുടെ അന്താരാഷ്ട്ര തലത്തിലെ ഏറ്റക്കുറച്ചില്‍ നോക്കുമ്പോള്‍ ഇപ്പോള്‍ ഇന്ത്യയിലെ ഉപഭോക്താവിന് മുപ്പതിനും നാല്‍പതിനും ഇടയിലായി പെട്രോള്‍ വില കുറയേണ്ടതായിരുന്നു. എന്നാല്‍ ജൂണില്‍ 68 രൂപയുണ്ടായിരുന്ന പെട്രോളിന്റെ വില ഇന്ന് മൂന്നു മാസം കൊണ്ടുമാത്രം ഏഴു രൂപയിലധികം വര്‍ധിച്ചിരിക്കുന്നു. 2010ലാണ് കേന്ദ്രത്തിലെ യു.പി.എ സര്‍ക്കാര്‍ എണ്ണവില നിയന്ത്രണാധികാരം വിതരണക്കമ്പനികള്‍ക്ക് കൈമാറിയത്. അന്ന് മുതല്‍ തോന്നിയ പോലെയാണ് കമ്പനികള്‍ വിലയിട്ടുകൊണ്ടിരുന്നത്. കേന്ദ്ര സര്‍ക്കാരാകട്ടെ വിലക്കുറവിലെ അവസരം മുതലാക്കി സര്‍ക്കാരിന്റെ നികുതി വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള പരിശ്രമത്തിലും ഏര്‍പ്പെട്ടു. നിരവധി ഏഷ്യന്‍ രാജ്യങ്ങള്‍ തങ്ങളുടെ ധനപ്രതിസന്ധി മറികടക്കുന്നതിനുള്ള പരിഹാരമായാണ് എണ്ണവിലയിടിവിനെ കാണുന്നത്. എന്നാല്‍ ഇന്തോനേഷ്യ പോലുള്ള രാജ്യങ്ങള്‍ വിലയിടിവിന്റെ ആനുകൂല്യം പൂര്‍ണമായും ജനങ്ങളുടെ കീശയിലേക്ക് കൈമാറിയിരിക്കുന്നതും ഇന്ത്യക്ക് മാതൃകയാകേണ്ടതാണ്. ഇന്തോനേഷ്യയില്‍ ഇന്നും പെട്രോളിയം വില 39 രൂപയാണ് എന്നത് നമ്മുടെയൊക്കെ കണ്ണു തുറപ്പിക്കണം. യു.പി.എ കാലത്ത് ഗുജറാത്ത് മുഖ്യമന്ത്രിയും ഇന്നത്തെ പ്രധാനമന്ത്രിയുമായ നരേന്ദ്രമോദി ഇട്ട ഒരു ട്വിറ്റര്‍ സന്ദേശത്തില്‍ ജനങ്ങളെ കൊള്ളയടിക്കുന്ന യു.പി.എ സര്‍ക്കാരിന്റെ നയമായാണ് പെട്രോളിയം വിലയെ വിശേഷിപ്പിച്ചത്. അതേ മോദിയാകട്ടെ മൂന്നു വര്‍ഷത്തിനകം അതേ നയംതന്നെ തുടരുകയും അസംസ്‌കൃത എണ്ണയുടെ വില പകുതിയോളം കുറഞ്ഞിട്ടും മൂന്നു വര്‍ഷത്തെ അതേ വിലയില്‍ കൊണ്ടെത്തിക്കുകയും ചെയ്തു. 2014ല്‍ ഏഴു രൂപയുണ്ടായിരുന്ന എക്‌സൈസ് നികുതി ഇന്ന് മോദി സര്‍ക്കാര്‍ 21 രൂപയായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. സ്വാഭാവികമായും ഇതിന്റെ പ്രതിഫലനം പെട്രോളിയം വിലയില്‍ പ്രകടവുമായി. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വേണമെങ്കില്‍ തങ്ങളുടെ വാണിജ്യ നികുതിയില്‍ കുറവു വരുത്താവുന്നതാണെന്നതിന് മികച്ച മാതൃകയായിരുന്നു മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ പെട്രോളിയം ഉത്പന്നങ്ങളുടെ മേലുള്ള അധിക നികുതി വേണ്ടെന്നുവെച്ചത്. രണ്ടു തവണ ഇങ്ങനെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മാതൃക കാട്ടി ജനങ്ങളുടെ രക്ഷക്കെത്തിയിട്ടും നിലവിലെ ഇടതുമുന്നണി സര്‍ക്കാര്‍ അക്കാര്യത്തില്‍ കേന്ദ്രത്തിനെ പഴിചാരി തടിതപ്പുകയാണ്. രണ്ടു രൂപയെങ്കിലും പെട്രോളിന് ലിറ്ററിന് കുറയ്ക്കാനാകുമായിരുന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ പുറംതിരിഞ്ഞുനില്‍ക്കുന്നത് അവരുടെ പാവപ്പെട്ടവരോടും മധ്യവര്‍ഗത്തോടുമുള്ള നയസമീപനമാണ് വെളിച്ചത്താക്കുന്നത്. കേന്ദ്രപെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞതുപോലെ ഇക്കാര്യത്തില്‍ കേന്ദ്രം ഇടപെടില്ലെന്ന പ്രസ്താവന തന്നെയാണ് കേരള ധനമന്ത്രി തോമസ് ഐസക്കും നടത്തിയിരിക്കുന്നത്. പാവപ്പെട്ടവരുടെ കാര്യത്തില്‍ ഇരുസര്‍ക്കാരുകള്‍ക്കും പാര്‍ട്ടികള്‍ക്കും ഒരേ നിറമെന്നാണ് ഇതുകൊണ്ട് വ്യക്തമായിരിക്കുന്നത്. ജനങ്ങളോടുള്ള തുറന്ന വെല്ലുവിളിയായാണ് ഈ ജനാധിപത്യ സര്‍ക്കാരുകളുടെ നീക്കത്തെ കാണേണ്ടത്. അധികാരം ദുഷിപ്പിക്കുമെന്നതിന്റെ ഒന്നാംതരം തെളിവു കൂടിയാണിത്. ഒരുലക്ഷം കോടി രൂപയുടെ ബുള്ളറ്റ് ട്രെയിന്‍ ഓടിക്കാന്‍ ജപ്പാന്‍ സര്‍ക്കാരുമായി കരാറുണ്ടാക്കിയ മോദി സര്‍ക്കാരിന് പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും വിഷയത്തില്‍ ഒരുവിധ ശ്രദ്ധയുമില്ലെന്നതിന്റെ ഒന്നാംതരം ഉദാഹരണമാണ് പെട്രോളിയം ഉത്പന്നങ്ങളുടെ കാര്യത്തില്‍ ഇപ്പോള്‍ നാട്ടില്‍ നടന്നുകൊണ്ടിരിക്കുന്ന തീവെട്ടിക്കൊള്ള.

chandrika: