X

എന്നു തീരും നോട്ടോട്ടം; കേന്ദ്രത്തിന്റെ സമയപരിധി ഇന്ന് അവസാനിക്കും

ഉയര്‍ന്ന മൂല്യമുള്ള 1000, 500 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സമയ പരിധി ഇന്ന് അവസാനിക്കും. നവംബര്‍ എട്ടിന് രാത്രി എട്ട് മണിക്ക് ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. കള്ളപ്പണം, കള്ളനോട്ട് എന്നിവ പിടികൂടുന്നതിനും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടിങ് തടയുന്നതിനും വേണ്ടിയാണ് തീരുമാനമെന്നായിരുന്നു പ്രഖ്യാപനം. ഡിസംബര്‍ 30നുള്ളില്‍ അസാധു നോട്ടുകള്‍ മാറ്റിവാങ്ങുകയോ ബാങ്കുകളില്‍ നിക്ഷേപിക്കുകയോ ചെയ്യാമെന്നായിരുന്നു നിര്‍ദേശം. ആ തിയതി ഇന്ന് രാത്രിയോടെ അവസാനിക്കും.

ഇരുട്ടിവെളുക്കും മുമ്പേ കൈയിലുള്ള പണം അസാധുവായതിന്റെ അങ്കലാപ്പ് ജനങ്ങളെ മാത്രമല്ല, രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തന്നെ പിടിച്ചുലച്ചു. ജനം ബാങ്കുകള്‍ക്ക് മുന്നില്‍ വരി നിന്നു തളര്‍ന്നു. പണമുണ്ടായിട്ടും ചികിത്സ കിട്ടാതെ ആളുകള്‍ മരിച്ചു. വിവാഹങ്ങള്‍ മുടങ്ങിയും കടം വാങ്ങിയ പണം തിരിച്ചു കൊടുക്കാന്‍ കഴിയാതെയും ചികിത്സ കിട്ടാത്തതിനാലും മനംനൊന്ത് ആളുകള്‍ സ്വയം ജീവനൊടുക്കി. ബാങ്കുകള്‍ക്ക് മുന്നില്‍ വരിനിന്ന് തളര്‍ന്ന് ജനങ്ങളും തിരക്കില്‍ വീര്‍പ്പുമുട്ടി ബാങ്ക് ജീവനക്കാരും കുഴഞ്ഞുവീണ് മരിച്ചു.

പിന്‍വലിക്കുന്നതിന് ആനുപാതികമായി പുതിയ കറന്‍സികള്‍ എത്തിക്കുന്നതില്‍ റിസര്‍വ് ബാങ്ക് പരാജയപ്പെട്ടതോടെ ഗുരുതരമായ സാമ്പത്തിക സാഹചര്യത്തിലേക്ക് രാജ്യം എത്തിപ്പെട്ടു. മാറ്റിവാങ്ങുന്നതിന് നിശ്ചയിച്ച പരിധി വലതവണ മാറ്റിപ്പറയുകയും ഒടുവില്‍ പാതിവഴിയില്‍ നിര്‍ത്തിവെക്കുകയും ചെയ്തു. പണം പിന്‍വലിക്കുന്നതിന് കര്‍ക്കശമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ സമ്പദ് വ്യവസ്ഥ മാന്ദ്യ സമാനമായ സാഹചര്യത്തിലേക്ക് നീങ്ങി. നിര്‍മാണ മേഖല സ്തംഭിച്ചു. ഫാക്ടറികളിലും അസംഘടിത തൊഴില്‍ മേഖലകളിലും കൂട്ടപ്പിരിച്ചുവിടലുകള്‍ തുടങ്ങി. ജനം പണത്തിനു വേണ്ടി വലയുമ്പോള്‍ നിയമ വിരുദ്ധ മാര്‍ഗങ്ങളിലൂടെ കോടികള്‍ ആളുകളുടെ കൈയില്‍ കുന്നുകൂടി. സംഘടിത കൊള്ളയും നിയമപരമായ പിടിച്ചുപറിയുമാണ് നടക്കുന്നതെന്ന മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ രാജ്യസഭയിലെ പരാമര്‍ശം നോട്ടു നിരോധനത്തിനു ശേഷം മോദി നേരിടേണ്ടി വന്ന ഏറ്റവും കടുപ്പമേറിയ വിമര്‍ശനങ്ങളില്‍ ഒന്നായി.

വിമര്‍ശനങ്ങള്‍ കൂരമ്പുകളായതോടെ 50 ദിവസം കാത്തിരിക്കാന്‍ അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി വികാരാധീനനായി. എന്നിട്ടും ഭരണ-പ്രതിപക്ഷ പിടിവാശിയില്‍ സുപ്രധാനമായൊരു സാമ്പത്തിക നയത്തെക്കുറിച്ച് പേരിനുപോലും ഒരു ചര്‍ച്ച നടക്കാതെ പാര്‍ലമെന്റിന്റെ ഒരുമാസം നീണ്ട സമ്മേളനത്തിന് കൊടിയിറങ്ങി.

എല്ലാറ്റിനുമൊടുവില്‍ വാഗ്ദത്ത ദിനം വന്നെത്തുന്നു. ഇനിയെന്ത് എന്ന ചോദ്യത്തിനു മുന്നില്‍ ഈ നിമിഷം വരെയും കേന്ദ്ര സര്‍ക്കാര്‍ ഉത്തരം നല്‍കിയിട്ടില്ല. ഡിസംബര്‍ 30 കഴിയുന്നതോടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ പഴയ പടിയിലേക്ക് തിരിച്ചെത്തുമോ? പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ നീക്കുമോ? അതോ ഡിജിറ്റലൈസേഷന്റെയും ക്യാഷ്‌ലെസ് ഇക്കണോമിയുടെയും പേരില്‍ നിയന്ത്രണങ്ങള്‍ തുടരുമോ? തിരിച്ചെത്തിയ അസാധു നോട്ടുകള്‍ എത്ര? പകരം ഇറക്കിയ പുതിയ കറന്‍സികള്‍ എത്ര? പിടിച്ചെടുത്ത കള്ളപ്പണത്തിന്റെയും സമ്പദ് വ്യവസ്ഥയില്‍ നിന്ന് തുടച്ചുനീക്കപ്പെട്ട കള്ളപ്പണത്തിന്റെയും കണക്കുകള്‍ എത്ര? നോട്ട് നിരോധനം നടപ്പാക്കാനും പുതിയ നോട്ട് വിപണിയില്‍ ഇറക്കാനുമായി വന്ന ചെലവ് എത്ര? തുടങ്ങി ഒട്ടേറെ ചോദ്യങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഉത്തരം നല്‍കേണ്ടി വരും. പുതുവര്‍ഷത്തലേന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്‌തേക്കുമെന്ന് സ്ഥിരീകരിക്കാത്ത വാര്‍ത്തകളുണ്ട്. എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ ഉണ്ടാകുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ഒപ്പം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്്‌രിവാളും പ്രധാനമന്ത്രിക്കെതിരെ വ്യക്തിപരമായി ഉന്നയിച്ച അഴിമതി ആരോപണങ്ങളെക്കുറിച്ച്് അദ്ദേഹം എന്തു പറയും എന്നതും.

chandrika: