X

കേന്ദ്ര – സംസ്ഥാന ദുര്‍ഭരണത്തിനെതിരെ യു.ഡി.എഫ് ജാഥ

 

തിരുവനന്തപുരം: പ്രതിപക്ഷനേതാവും യു.ഡി.എഫ് ചെയര്‍മാനുമായ രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥക്ക് കാസര്‍കോട് മഞ്ചേശ്വരം ഉപ്പളയില്‍ ഇന്ന് തുടക്കമാകും. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരെയും എഴുത്തുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെ സംഘ്പരിപാര്‍ ശക്തികള്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കുമെതിരെയുള്ള ജാഥ ഇന്ന് വൈകിട്ട് നാലിന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി ഉദ്ഘാടനം ചെയ്യുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ അറിയിച്ചു.
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍, മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, എ.ഐ.സി. സി ജനറല്‍ സെക്രട്ടറിമാരായ മുകുള്‍ വാസ്നിക്, കെ.സി വേണുഗോപാല്‍, കര്‍ണാടക മന്ത്രി യു.ടി ഖാദര്‍, രാമനത്ത് പൈ, എം.പി വീരേന്ദ്രകുമാര്‍ എം.പി, എ.എ അസീസ്, ജോണി നെല്ലൂര്‍, സി.പി ജോണ്‍, ജി. ദേവരാജന്‍ തുടങ്ങിയ യു.ഡി.എഫ് നേതാക്കള്‍ക്കുപുറമേ എം.പിമാര്‍, എം.എല്‍.എമാര്‍ മറ്റു സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും.
140 നിയോജകമണ്ഡലങ്ങളിലും പര്യടനം നടത്തുന്ന പടയൊരുക്കം ഡിസംബര്‍ ഒന്നിന് തിരുവനന്തപുരത്ത് സമാപിക്കും. സമാപന റാലി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഉദ്ഘാടനം ചെയ്യും. ജാഥയോടനുബന്ധിച്ച് നവംബര്‍ എട്ടിന് കോഴിക്കോട്ട് നടക്കുന്ന വമ്പിച്ച റാലി മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
നവംബര്‍ 17ന് എറണാകുളത്ത് നടക്കുന്ന റാലി മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് ഉദ്ഘാടനം ചെയ്യും. മുന്‍കേന്ദ്രമന്ത്രി പി.ചിദംബരം, ശരത് യാദവ്, ഗുലാംനബി ആസാദ്, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, പുതുശ്ശേരി മുഖ്യമന്ത്രി വി.നാരായണസ്വാമി, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍, ആനന്ദ് ശര്‍മ്മ, കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജുവാല, ജയറാം രമേശ്, കര്‍ണാടക മന്ത്രി എം. കൃഷ്ണപ്പ, മഹിളാ കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിയും നടിയുമായ നഗ്മ, ചലച്ചിത്രതാരവും മഹിളാ കോണ്‍ഗ്രസ് നേതാവുമായ ഖുശ്ബു, കര്‍ണാടക മന്ത്രി ഡി.കെ ശിവകുമാര്‍, കോണ്‍ഗ്രസ് നേതാവും ക്രിക്കറ്റ് താരവുമായ അസ്ഹറുദ്ദീന്‍, പഞ്ചാബ് മന്ത്രി നവജ്യോതിസിംഗ് സിദ്ധു, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് തുടങ്ങിയവര്‍ വിവിധ കേന്ദ്ര ങ്ങളില്‍ പങ്കെടുക്കും.

chandrika: