X

ചെറുവിരലനക്കില്ല; റവന്യു ഉദ്യോഗസ്ഥര്‍ക്ക് മന്ത്രിയുമെട ഭീഷണി

 

റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്റെ പാര്‍ട്ടി നേതാവ് നയിക്കുന്ന എല്‍ഡിഎഫിന്റെ തെക്കന്‍ മേഖലാ ജനജാഗ്രതാ യാത്രയുടെ സ്വീകരണ വേദിയില്‍ റവന്യു ഉദ്യോഗസ്ഥര്‍ക്ക് നേരെ വെല്ലുവിളിയുമായി മന്ത്രി തോമസ് ചാണ്ടി.
കായല്‍ കയ്യേറ്റ വിഷയത്തില്‍ തനിക്കെതിരെ ചെറുവിരലനക്കാന്‍ ഒരു അന്വേഷണസംഘത്തിനും കഴിയില്ലെന്നായിരുന്നു തോമസ് ചാണ്ടിയുടെ വെല്ലുവിളി. ആരെയും വെല്ലുവിളിക്കാനല്ല, സംസ്ഥാന സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ വിശദീകരിക്കാനാണ് യാത്രയെന്ന് ഇതേ വേദിയില്‍ തന്നെ സി.പി.ഐ സംസ്ഥാന സെക്രട്ടറികൂടിയായ ജാഥാ നായകന്‍ കാനം രാജേന്ദ്രന്‍ തിരിച്ചടിച്ചു.
ജനജാഗ്രതാ യാത്രയുടെ കുട്ടനാട്ടിലെ സ്വീകരണ കേന്ദ്രമായ നെടുമുടി പുപ്പള്ളിയിലായിരുന്നു തോമസ് ചാണ്ടിയുടെ വെല്ലുവിളിയും കാനത്തിന്റെ മറുപടിയും. സിപിഐ പ്രതിനിധിയായ റവന്യുമന്ത്രി പിന്തുണയോടെ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ കാനത്തെ വേദിയില്‍ ഇരുത്തി തോമസ് ചാണ്ടി നടത്തിയ വെല്ലവിളി ശ്രദ്ധേയമായി. തനിക്കെതിരെ ബോധപൂര്‍വമായാണ് കായല്‍ കയ്യേറിയെന്ന പ്രചരണം തുടങ്ങിയതെന്നും അടിയന്തരപ്രമേയമായി നിയമസഭയില്‍ ഇക്കാര്യം ഉന്നയിച്ച പ്രതിപക്ഷത്തിന് ഇത് തെളിയിക്കാന്‍ കഴിയുമോ എന്നും ചോദിച്ചായിരുന്നു തോമസ് ചാണ്ടിയുടെ തുടക്കം. തനിക്കെതിരെ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച പാലക്കാട്ടുകാരന്‍ എം.എല്‍.എ വേമ്പനാട്ടുകായലും മാര്‍ത്താണ്ഡം കായലുമൊന്നും കണ്ടിട്ടില്ലെന്നും കുരുടന്‍ ആനയെ കണ്ട പോലെയാണ് തന്റെ സഹപ്രവര്‍ത്തകനായ എംഎല്‍എ കാര്യങ്ങളെ കണ്ടെതെന്നും തോമസ് ചാണ്ടി പറഞ്ഞു. കായല്‍ കയ്യേറിയെന്ന് കാണിച്ചുതന്നാല്‍ മന്ത്രിസ്ഥാനം മാത്രമല്ല എംഎല്‍എ സ്ഥാനംവരെ രാജിവച്ച് വീട്ടില്‍ പോകാമെന്ന തന്റെ വെുവിളി ഏറ്റെടുക്കാന്‍ പ്രതിപക്ഷത്തിന് ധൈര്യമുണ്ടായിട്ടില്ലെന്നും ആ വെല്ലുവിളി ആവര്‍ത്തിക്കുകയാണെന്നും തോമസ് ചാണ്ടി പറഞ്ഞു.
ജാഥസ്വീകരണത്തിന് നന്ദി പറഞ്ഞ കാനം ആരെയും വെല്ലുവിളിക്കാനല്ല ജന ജാഗ്രതയാത്രയെന്നു വിശദീകരിച്ചു. സംസാരത്തിലെ ഒചിത്യത്തെക്കുറിച്ച് ആലോചിക്കേണ്ടത് മന്ത്രിയാണെന്ന് പിന്നീട് സിപിഐ ജില്ലാ കമ്മിറ്റി ഓഫീസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലും കാനം വ്യക്തമാക്കി. തോമസ് ചാണ്ടി സ്വീകരണ സമ്മേളനത്തിലെ അധ്യക്ഷന്‍ മാത്രമാണ്. ജാഥയുടെ നിലപാട് പറയുന്നത് ജാഥാ ക്യാപ്റ്റനോ ജാഥാ അംഗങ്ങളോ ആണ്. സമ്മേളനത്തിന്റെ അധ്യക്ഷനല്ല. അധ്യക്ഷന്‍ പറയുന്നതിന്റെ ഉത്തരവാദിത്വം അദ്ദേഹത്തിന് മാത്രമാണെന്നും കാനം കൂട്ടി ചേര്‍ത്തു. വടക്കന്‍ മേഖലാ യാത്രയില്‍ സിപിഎം സ്വതന്ത്ര എംഎല്‍എയായ പി. വി അന്‍വര്‍ പങ്കെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം സിപിഎമ്മിനുണ്ട്. തോമസ് ചാണ്ടിയെ സംബന്ധിച്ചടുത്തോളം അദ്ദേഹം എന്‍സിപിയുടെ എംഎല്‍എയാണ്. അദ്ദേഹത്തിന്റെ നിയോജക മണ്ഡലത്തില്‍ ജാഥാ സ്വീകരണം നടന്നതുകൊണ്ടാണ് തോമസ് ചാണ്ടി അധ്യക്ഷ പദവിയില്‍ എത്തിയതെന്നും കാനം കൂട്ടി ചേര്‍ത്തു.

chandrika: