X

ജീവന് വേണ്ടി സിറിയന്‍ കുരുന്നുകള്‍ കേഴുന്നു

 

വര്‍ഷങ്ങളായുള്ള യുദ്ധങ്ങളാല്‍ സിറിയയിലെ കുട്ടികള്‍ മരണമുഖത്ത്. കുട്ടികള്‍ മാത്രമല്ല, നവജാത ശിശുക്കള്‍ പോലും ജീവനു വേണ്ടി കേഴുകയാണ്. പോഷകാഹാര കുറവിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രണ്ട് കുട്ടികള്‍ മരണത്തിന് കീഴടങ്ങി. ഒട്ടേറെ കുട്ടികള്‍ ജീവന്‍ നിലനിര്‍ത്താനായി കേഴുകയാണ്. ദമസ്‌ക്കസ്, ഗോട്ട എന്നീ പ്രവശ്യകള്‍ ദാരിദ്രത്തെയും പട്ടിണിയെയും നേരിടുകയാണ്. നാല് ലക്ഷം പേര്‍ പട്ടിണിയില്‍ കഴിയുന്നതായാണ് ലോകാരോഗ്യ സംഘടന പുറത്തു വിട്ട റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം സീഹര്‍ ദിഫ്ത എന്ന ഒരു മാസം പ്രായമുള്ള നവജാത ശിശു പോഷകാഹാര കുറവിനെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങി. കുട്ടിയും മാതാവും പോഷകാഹാര കുറവിനെ തുടര്‍ന്ന് അത്യാസന്ന നിലയിലായിരുന്നതായി ഡോ. യഹ്‌യ അബു വ്യക്തമാക്കി. കഴിഞ്ഞ ദിവസം കുട്ടി മരിച്ചതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ഉബൈയ്ദ് എന്ന കുട്ടിയും മരണത്തിനു കീഴടങ്ങിയതായി ആരോഗ്യ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ശരാശരി നാല് കുട്ടികളില്‍ ഒരാള്‍ പോഷകാഹാര കുറവ് നേരിടുന്നതായാണ് കണക്കുകളെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. 2011 മുതല്‍ നടക്കുന്ന സൈനിക നടപടികളും യുദ്ധങ്ങളുമാണ് സിറിയയെ ഇത്തരം സ്ഥിതിയിലേക്ക് നയിച്ചത്. ബാഷര്‍ അല്‍ ആസാദ് ഭരണത്തിനെതിരെയാണ് സിറിയയില്‍ പ്രക്ഷോഭവും സൈനിക നടപടിയും ആരംഭിച്ചത്. തുടര്‍ന്ന് ഐഎസ് അടക്കമുള്ള തീവ്രവാദ സംഘടനകള്‍ രാജ്യത്തേക്ക് നുഴഞ്ഞു കയറുകയും ചെയ്തു. അഞ്ച് വര്‍ഷത്തിലേറെയായി തുടരുന്ന യുദ്ധത്തില്‍ ലക്ഷകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍.

chandrika: