X
    Categories: MoreViews

തീരത്തെ ദുരിതത്തിലാക്കിയത് സര്‍ക്കാര്‍ പദ്ധതികളുടെ പരാജയം

 

തിരുവനന്തപുരം: ഏത് കൊടുങ്കാറ്റിനെയും വന്‍ തിരമാലകളെയും അതിജീവിച്ചിരുന്ന കേരളത്തിലെ കടല്‍ത്തീരങ്ങളെ ദുരിതക്കയത്തിലാക്കിയത് സര്‍ക്കാര്‍ പദ്ധതികളിലെ അപാകത. സുരക്ഷിതമായ കടല്‍ഭിത്തിയും പുലിമുട്ടുകളുടെ അഭാവവുമാണ് കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ആയിരക്കണക്കിന് തീരദേശവാസികളെ വഴിയാധാരമാക്കിയത്.
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ച പരിസ്ഥിതി സൗഹൃദ കടല്‍ഭിത്തി നിര്‍മാണം കടലാസിലൊതുങ്ങി. നാഷണല്‍ കയര്‍ റിസര്‍ച്ച് ആന്‍ഡ് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് രൂപകല്‍പന ചെയ്ത റബറൈസ്ഡ് കയര്‍ ചാക്കുകള്‍ ഉപയോഗിച്ച് സംസ്ഥാനത്തെ കടല്‍തീരങ്ങളില്‍ കയര്‍ഭൂവസ്ത്ര കടല്‍ഭിത്തി സ്ഥാപിക്കാനായിരുന്നു പദ്ധതി. പരിസ്ഥിതിക്ക് ദോഷം വരാത്ത തരത്തിലുള്ള കയര്‍ഭൂവസ്ത്രത്തില്‍ മണ്ണ് നിറച്ച് കടല്‍ഭിത്തി നിര്‍മിക്കാനായിരുന്നു തീരുമാനം. ഉപ്പുവെള്ളത്തില്‍ നശിക്കാത്ത നാരുകളുപയോഗിച്ച് നിര്‍മിക്കുന്ന ഭൂവസ്ത്ര സഞ്ചിക്കുള്ളില്‍ റബറിന്റെ ആവരണമുള്ളതാണിത്. എന്നാല്‍ പദ്ധതി എങ്ങുമെത്തിയില്ല.
ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിന് പോകുമ്പോള്‍ കാറ്റിലും തിരയിലും പെടുന്നത് സ്വാഭാവികമാണ്. എന്നാല്‍ കടല്‍ത്തീരങ്ങളെ തകര്‍ത്ത് കരയിലേക്ക് ആഞ്ഞടിക്കുന്ന തിരമാലകള്‍ തകര്‍ത്തെറിഞ്ഞ വീടുകളും നശിപ്പിച്ച ജീവനോപാധികളും സര്‍ക്കാര്‍ പദ്ധതികളിലെ വീഴ്ചയാണ് തെളിയിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം, അടിമലത്തുറ, പൂവാര്‍, പൊഴിയൂര്‍, പുതിയതുറ, തുമ്പ, കുളച്ചല്‍, കൊല്ലം ജില്ലയിലെ പരവൂര്‍, തങ്കശേരി, നീണ്ടകര, താന്നി, എറണാകുളം ജില്ലയിലെ കൊച്ചി എന്നിവിടങ്ങളിലാണ് പ്രധാനമായും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഓരോ തീരത്തും നൂറുകണക്കിന് വീടുകളാണ് തകര്‍ന്നത്. ഇവിടങ്ങളിലെ തീരഭിത്തി താരതമ്യേന ദുര്‍ബലമാണെന്ന് മത്സ്യമേഖലയിലുള്ളവര്‍ പറയുന്നു. പാറ അടുക്കി ഭിത്തിതീര്‍ക്കുന്ന സമ്പ്രദായമാണ് പ്രധാനമായി തീരസംരക്ഷണത്തിന് സ്വീകരിക്കുന്ന മാര്‍ഗം. എന്നാലിതുപോലും പലയിടത്തും ചെയ്തിട്ടില്ല.
വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് കോടികള്‍ ചെലവഴിച്ച് തീരദേശ വനവല്‍കരണ പരിപാടി നടത്തിയിരുന്നു. കാറ്റാടി വൃക്ഷങ്ങള്‍ വെച്ചുപിടിച്ച് തിരമാലകളുടെ കടന്നുകയറ്റം തടയുകയായിരുന്നു ലക്ഷ്യം. സംസ്ഥാനത്തെ ഒന്‍പത് തീരദേശ ജില്ലകളിലും അന്ന് കാറ്റാടിത്തൈകള്‍ വെച്ചുപിടിപ്പിച്ചെങ്കിലും തുടര്‍ന്ന് അവ പരിപാലിക്കാനായില്ല. ഈ പദ്ധതി പിന്നീട് ഏറെ ആക്ഷേപങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
പുലിമുട്ടുകളാണ് തീരസംരക്ഷണത്തിനുള്ള നൂതനമാര്‍ഗം. എന്നാല്‍ പുലിമുട്ടുകളുടെ അശാസ്ത്രീയ നിര്‍മാണമാണ് പല തീരങ്ങളുടെയും ശാപം. രണ്ടുപുലിമുട്ടുകള്‍ നിര്‍മിക്കുകയാണെങ്കില്‍ ഇവ സമാന്തരമായാല്‍ ഇതിനിടയിലൂടെ തിരകളെത്തുന്നത് അതിശക്തമായാണ്. ചെന്നൈ ഐ.ഐ.ടി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പുലിമുട്ടുകളുടെ നിര്‍മാണം. എന്നാല്‍ എല്ലായിടത്തും പദ്ധതി പാളി. പുലിമുട്ട് നിര്‍മാണത്തിലെ പിഴവുമൂലം തീരത്ത് മണ്ണുമൂടി.
തീരപ്രദേശത്ത് രണ്ടും മൂന്നും തവണ അധികൃതര്‍ കടല്‍ ഭിത്തി കെട്ടുന്നതിനുള്ള അളവെടുപ്പ് നടത്തിയിട്ടും കടല്‍ഭിത്തി മാത്രം എത്തിയില്ല. ക്വാറികളില്‍ നിന്ന് കല്ല് ലഭിക്കാത്തതാണ് ഭിത്തി നിര്‍മ്മിക്കാന്‍ തടസമെന്നാണ് വാദം. എന്നാല്‍ കെട്ടിട നിര്‍മാണത്തിനും മറ്റും കല്ല് ആവശ്യത്തിന് എത്തിചേരുന്നുണ്ട്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ആയിരത്തിലേറെ വീടുകള്‍ കടലെടുത്തിട്ടുണ്ട്. സുനാമി പദ്ധതി പ്രകാരം നിര്‍മിച്ച വീടുകളാണ് കടലെടുക്കുന്നവയില്‍ ഏറെയും. അശാസ്ത്രീയമായ പുലിമുട്ടുകളുടെ നിര്‍മാണത്തിന് ശേഷമാണ് കടലാക്രമണം രൂക്ഷമായതെന്നും തീരദേശവാസികള്‍ പറയുന്നു.

chandrika: