X

നോട്ട് ക്ഷാമം; ഇന്ത്യ 20,000 ടണ്‍ കറന്‍സി പേപ്പര്‍ ഇറക്കുമതി ചെയ്യും

ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കല്‍ കാരണം രാജ്യത്തുണ്ടായ പ്രതിസന്ധി നേരിടാന്‍ 20,000 ടണ്‍ കറന്‍സി പേപ്പറുകള്‍ കേന്ദ്രം ഇറക്കുമതി ചെയ്യുമെന്ന് റിപ്പോര്‍ട്ട്. സ്വിറ്റ്‌സര്‍ലണ്ട്, പോളണ്ട്, ഫ്രാന്‍സ്, റഷ്യ, ജര്‍മനി എന്നിവടങ്ങളില്‍ നിന്നാണ് ഭാരതീയ റിസര്‍വ് ബാങ്ക് മുദ്രാണ്‍ ലിമിറ്റഡ് പേപ്പര്‍ ഇറക്കുമതി ചെയ്യുന്നത്. കഴിഞ്ഞദിവസം സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാനന്ദ ദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

ഇക്കാര്യത്തില്‍ കേന്ദ്രം ഉടന്‍ ടെന്‍ഡര്‍ വിളിക്കുമെന്നാണ് സൂചന. നിലവില്‍ ഒമ്പത് കമ്പനികള്‍ക്ക് പേപ്പറുകള്‍ ഇറക്കുമതി ചെയ്യുന്നതിന് ആഭ്യന്തര മന്ത്രാലയത്തില്‍നിന്ന് സെക്യൂരിറ്റി ക്ലിയറന്‍സ് ലഭിച്ചിട്ടുണ്ട്. ഏകദേശം 25,000 ടണ്‍ കറന്‍സി പേപ്പറുകളാണ് നോട്ട് അച്ചടിക്കുന്നതിനായി ഒരോ വര്‍ഷവും രാജ്യത്ത് ഉപയോഗിക്കുന്നത്.

നോട്ട് അസാധുവാക്കിയ സമയത്ത് വിപണിയില്‍ ആകെ 15.5 ലക്ഷം കോടി രൂപയുടെ 500, 1000 നോട്ടുകളാണ് ഉണ്ടായിരുന്നത്. 13.23 ലക്ഷം കോടി രൂപ ഇതുവരെ ബാങ്കുകളില്‍ തിരിച്ചെത്തി. ഇനി രണ്ടര ലക്ഷം കോടി രൂപ കൂടി മടങ്ങിയെത്തുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതീക്ഷ.
എന്നാല്‍ അഞ്ചു ലക്ഷം കോടി രൂപ മാത്രമാണ് പുതുതായി അച്ചടിച്ചത്. ആകെയുണ്ടായിരുന്ന കറന്‍സിയില്‍ മൂന്നിലൊന്ന് മാത്രം ഇടപാടിനെത്തിയത് പ്രതിസന്ധി രൂക്ഷമാക്കിയ സാഹചര്യത്തിലാണ് കറന്‍സി അച്ചടിക്കാനുള്ള പേപ്പര്‍ കൂടുതലായി ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചത്. റിസര്‍വ് ബാങ്ക് തന്നെയാണ് നോട്ടച്ചടിക്കാനുള്ള പേപ്പറും നിര്‍മിക്കുന്നത്.

സാധാരണഗതിയില്‍ അടുത്ത വര്‍ഷം വരെയുള്ള പേപ്പര്‍ സ്‌റ്റോക്കുണ്ടെങ്കിലും പുതിയ സാഹചര്യത്തില്‍ ആവശ്യത്തിന് പണമില്ലാത്ത അവസ്ഥ കണക്കിലെടുത്താണ് കറന്‍സി പേപ്പര്‍ ഇറക്കുമതി ചെയ്യാനുള്ള തീരുമാനം.

നോട്ട് അടിക്കാനായി 18,000 ടണ്‍ പേപ്പറുകള്‍ റിസര്‍വ് ബാങ്ക് തയ്യാറാക്കിയിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാല്‍ ബ്രിട്ടീഷ് കമ്പനിയായ ഡിലാറ്യു, ജര്‍മന്‍ കമ്പനിയായ ല്യൂ സെന്‍താള്‍ എന്നിവയെ ആഭ്യന്തര മന്ത്രലായം കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ജര്‍മന്‍ കമ്പനിക്ക് വീണ്ടും ക്ലിയറന്‍സ് അനുവദിച്ചിട്ടുണ്ട്.

ഇതിനിടെ ബാങ്കുകളില്‍ ക്രമക്കേട് നടക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ കേന്ദ്രധനമന്ത്രാല ഉദ്യോഗസ്ഥര്‍ രാജ്യത്തെ 400 ബാങ്ക് ശാഖകളില്‍ രഹസ്യക്യാമറ ഉപയോഗിച്ച് പരിശോധന നടത്തി. ഇങ്ങനെ ലഭിച്ച 500 സിഡികള്‍ പരിശോധിച്ച് വരുകയാണെന്നും ക്രമക്കേട് നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

chandrika: