X

പക്വമതിയായ നേതാവ്


കെ.പി.എ മജീദ്


ഞാന്‍ മുസ്‌ലിം യൂത്ത്‌ലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന കാലത്തെ ഓര്‍മകളാണ് മനസിലേക്ക് ഓടിയെത്തുന്നത്. മുസ്‌ലിം യൂത്ത്‌ലീഗിന്റെ പ്രവര്‍ത്തനങ്ങളില്‍ അതീവ തല്‍പരനായിരുന്ന അദ്ദേഹം. ഓരോ കാര്യങ്ങളും അപ്പപ്പോള്‍ ഗ്രഹിക്കുക മാത്രമല്ല, ആശാവഹമായ നല്ല നിര്‍ദേശങ്ങള്‍ നല്‍കി അനുഗ്രഹിക്കുകയും പതിവായിരുന്നു. ഇസ്‌ലാമിക ചിട്ടയോടെയുള്ള പ്രവര്‍ത്തനമായിരിക്കണം യൂത്ത്‌ലീഗിന്റെതെന്ന് നിഷ്‌കര്‍ഷിച്ചിരുന്നു. യൂണിറ്റ്തലംതൊട്ട് സംസ്ഥാനതലം വരെ ക്യാമ്പുകള്‍ സംഘടിപ്പിക്കുമ്പോള്‍ മതബോധനം നിര്‍ബന്ധമാക്കണമെന്ന് ഉപദേശിച്ചിരുന്നു. മുസ്‌ലിം യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ വിവാഹിതനാവുമ്പോള്‍ മാരേജ് സെസ് ഏര്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ചത് അദ്ദേഹമാണ്. അതനുസരിച്ച് വിവാഹിതരാവുന്ന ഓരോ പ്രവര്‍ത്തകരും അവര്‍ക്ക് കഴിയുന്ന ഒരു സംഖ്യ ഫണ്ടിലേക്ക് നല്‍കുകയും ചെയ്തിരുന്നു.
ക്യാമ്പുകളുടെ കാര്യപരിപാടി അറിയിക്കാനായി നോട്ടീസുമായി ഞങ്ങളവിടെ ചെന്നാല്‍ അതുവാങ്ങി സസൂക്ഷ്മം വായിക്കുകയും അപാകതകള്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. ഒരിക്കല്‍ ക്യാമ്പിന്റെ പരിപാടി തയാറാക്കിയ നോട്ടീസില്‍ ഭക്ഷണവും വിശ്രമവും മാത്രം മതിയോ ? നമസ്‌കാരം ഇതില്‍പെടില്ലേ ? എന്നാരായുകയുണ്ടായി. നമസ്‌കാരം, ഭക്ഷണം, വിശ്രമം എന്ന് തിരുത്തി അച്ചടിക്കാന്‍ പറയുകയുണ്ടായി. നമസ്‌കാര സമയത്ത് പ്രകടനം നടത്താതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കഴിയുന്നതും മുന്തിക്കുകയോ പിന്തിക്കുകയോ ചെയ്ത് മഗ്‌രിബ് നമസ്‌കാരം നഷ്ടപ്പെടാതിരിക്കാന്‍ പരമാവധി ശ്രമിക്കണമെന്നും ഉപദേശിച്ചു. ആളുകളെ പ്രയാസപ്പെടുത്തുന്നവിധത്തിലുള്ള സമരങ്ങള്‍ ഒഴിവാക്കാന്‍ പറഞ്ഞിരുന്നു. വഴിതടയല്‍ സമരത്തെ നിരുത്സാഹപ്പെടുത്തിയിരുന്നു. വഴിയില്‍ മാര്‍ഗതടസം സൃഷ്ടിക്കുന്നതില്‍നിന്ന് പിന്മാറണമെന്ന് പറയുമായിരുന്നു. റിലീഫ് പ്രവര്‍ത്തനം സജീവമാക്കണമെന്നും അത് റമസാനിലേക്ക് മാത്രമാക്കി. ചുരുക്കാതെ ഒരു സ്ഥിരസംവിധാനമുണ്ടാക്കി അര്‍ഹര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മുസ്‌ലിം യൂത്ത്‌ലീഗുകാരെ സജ്ജരാക്കണമെന്നും പറഞ്ഞു. അന്നൊക്കെ സംസ്ഥാന കമ്മിറ്റിയില്‍ ഞങ്ങള്‍ നടത്തിരുന്ന രൂക്ഷമായ വിമര്‍ശനങ്ങള്‍ കേള്‍ക്കാനും മറുപടി പറയാനും താല്‍പര്യം കാണിച്ചിരുന്നു. ക്രിയാത്മകമായ വിമര്‍ശനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. വിമര്‍ശന വിധേയമാകുന്ന വിഷയങ്ങള്‍ക്ക് മറുപടി പറയാന്‍ സി.എച്ചിനെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. ഏത് കാര്യത്തിലും അങ്ങേയറ്റം സൂക്ഷ്മാലുവായിരുന്നു. സംഘടനയെ ബാധിക്കുന്ന പ്രശ്‌നം വന്നാല്‍ ഞങ്ങളോടുപോലും കൂടിയാലോചിച്ചു വളരെ ചിന്തിച്ചായിരുന്നു കാര്യങ്ങള്‍ നീക്കിയിരുന്നത്. തീരുമാനങ്ങള്‍ കൈക്കൊണ്ടിരുന്നതും അങ്ങനെ തന്നെ. ഇതിന് നിരവധി ഉദാഹരണങ്ങള്‍ നിരത്തിവെക്കാനുണ്ട്.

web desk 1: