X
    Categories: indiaNews

യു.പി മുതല്‍ ഡല്‍ഹി വരെ ബി.ജെ.പി ബുള്‍ഡോസര്‍ രാഷ്ട്രീയം വ്യാപിപ്പിക്കുന്നത് എന്തിന്‌

ന്യൂഡല്‍ഹി: പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടയിലും ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി. ജെ.പി സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ പ്രയോഗിച്ച് വിജയിച്ച ഇടിച്ചു നിരത്തല്‍ കുതന്ത്രം മധ്യപ്രദേശും കടന്ന് രാജ്യതലസ്ഥാനത്ത് എത്തിയിരിക്കുന്നു.

യു.പി തിരഞ്ഞെടുപ്പില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ഒരു പരിധി വരെ സഹായിച്ചത് ഈ ബുള്‍ഡോസര്‍ രാഷ്ട്രീയമാണെന്ന് ബി.ജെ.പി കണക്കു കൂട്ടുന്നു. അക്രമികളും കലാപകാരികളുമാണെന്ന് ആരോപിച്ച് ഒരു വിഭാഗത്തിന് നേരെ ഏകപക്ഷീയമായി ബുള്‍ഡോസര്‍ ഉപയോഗിച്ച് അവരുടെ ജീവിതോപാധിയും വീടുകളും ഇടിച്ച് നിരത്തി തീര്‍ത്തും നിസ്സഹായരാക്കി മാറ്റുക എന്നതാണ് ബുള്‍ഡോസര്‍ രാഷ്ട്രീയ തന്ത്രം.

യു.പി തിരഞ്ഞെടുപ്പില്‍ ബി.ജെ.പി വന്‍ വിജയം നേടിയതോടെ അടുത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിലും ബി.ജെ.പി സര്‍ക്കാര്‍ ഇതേ തന്ത്രമാണ് കഴിഞ്ഞ കുറച്ചു നാളുകളായി പ്രയോഗിക്കുന്നത്. ഖാര്‍ഗോണില്‍ രാമനവമി ആഘോഷത്തിനിടെ നടന്ന അതിക്രമങ്ങളുടെ പേരില്‍ ന്യൂനപക്ഷ വിഭാഗക്കാരുടെ വീടുകളും കടകമ്പോളങ്ങളും ബുള്‍ഡോസര്‍ ഉപയോഗിച്ച് അധികൃതര്‍ ഇടിച്ചു നിരത്തുകയായിരുന്നു. രാമനവമി ഘോഷയാത്രക്കു നേരെ കല്ലേറ് നടത്തിയെന്നാരോപിച്ചായിരുന്നു ഇരു കൈകളുമില്ലാത്ത വസീം ഷെയ്ഖിന്റെ കടപോലും അധികൃതര്‍ ഇടിച്ചു നിരത്തിയത്. ഏകപക്ഷീയമായ ഈ ഇടിച്ചു നിരത്തലിന് നിയമത്തിന്റെ യാതൊരു സാധുതയും ഇല്ലെന്നതാണ് പ്രത്യേകത. മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പിന് മുമ്പ് പരമാവധി വര്‍ഗീയ ദ്രുവീകരണമാണ് ഈ നീക്കത്തിലൂടെ ബി.ജെ.പി ലക്ഷ്യമിടുന്നത്. സമാന രീതി തന്നെയാണ് ഇന്നലെ ഡല്‍ഹിയിലെ ജഹാന്‍ഗീര്‍പുരിയിലും കണ്ടത്. കഴിഞ്ഞ ദിവസം ഹനുമാന്‍ ജയന്തി ഘോഷയാത്രയ്ക്കിടെ ജഹാന്‍ഗീര്‍പുരിയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.

ജഹാന്‍ഗീര്‍പുരിയില്‍ അനുവാദമില്ലാതെ ഘോഷയാത്ര നടത്തിയതിന് പൊലീസ് കേസെടുക്കുക കൂടി ചെയ്തിട്ടുണ്ട്. മുസ്്‌ലിം ഭൂരിപക്ഷ പ്രദേശത്തു നിന്നും ഘോഷയാത്രയ്ക്കു നേരെ കല്ലേറുണ്ടായെന്ന് ആരോപിച്ച് ബി.ജെ.പി സംസ്ഥാനാധ്യക്ഷന്‍ ജഹാന്‍ഗീര്‍പുരിയില്‍ ബുള്‍ഡോസര്‍ ഉപയോഗിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു.

ഇതിന് പിന്നാലെ പ്രദേശത്തെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് മുനിസിപ്പല്‍ ചെയര്‍മാന് കത്ത് നല്‍കുകയും ചെയ്തു. ഒരു ദിവസത്തെ ഇടവേളയില്‍ നടപടിയുമായി ബി.ജെ.പി ഭരിക്കുന്ന മുനിസിപ്പല്‍ കോര്‍പറേഷന്‍ രംഗത്തു വന്നത് തന്നെ ഇതിന് പിന്നിലെ തിരക്കഥ വെളിപ്പെടുത്തുന്നതാണ്. പാവപ്പെട്ടവരും ന്യൂനപക്ഷ വിഭാഗക്കാരും തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ മാത്രം എന്തു കൊണ്ട് ഇത്തരത്തിലുള്ള നടപടി എന്ന ചോദ്യത്തിന് കലാപകാരികളെ അമര്‍ച്ച ചെയ്യാനെന്ന ന്യായീകരണമാണ് ബി.ജെ.പി നല്‍കുന്നത്.

ബുള്‍ഡോസര്‍ രാഷ്ട്രീയം കേവലം യു.പിയിലും മധ്യപ്രദേശിലും മാത്രം ഒതുങ്ങില്ലെന്നതിന്റെ സൂചനയാണ് ഡല്‍ഹി നല്‍കുന്നത്. വരും ദിവസങ്ങളില്‍ ബി.ജെ. പി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും ഇതേ നടപടി വരാനും സാധ്യതയുണ്ട്.

Chandrika Web: