X
    Categories: Views

യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കൊല: മുഖ്യപ്രതിയടക്കം രണ്ടു പേര്‍ അറസ്റ്റില്‍

കാസര്‍കോട്: ബോവിക്കാനം പൊവ്വലിലെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അബ്ദുല്‍ ഖാദറിനെ (19) കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഉള്‍പെടെ രണ്ടു പേര്‍ അറസ്റ്റില്‍. ബോവിക്കാനം മുതലപ്പാറ ജബരിക്കുളത്തെ അഹമ്മദ് നസീര്‍ (33), മുളിയാര്‍ ബാലനടുക്കത്തെ മുഹമ്മദ് സാലി (25) എന്നിവരെയാണ് ആദൂര്‍ സി.ഐ സി.ബി തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റുചെയ്തത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് കൂടുതല്‍ പേര്‍ കേസില്‍ പ്രതികളാകുമെന്ന് തെളിഞ്ഞിട്ടുണ്ട്. അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ ഇവരുടെ പേരുവിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാവില്ലെന്ന് സി.ഐ പറഞ്ഞു. ഇവരെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

ഡിസംബര്‍ ഒന്നിന് വൈകിട്ട് ബോവിക്കാനം ടൗണിലാണ് അബ്ദുല്‍ ഖാദര്‍ കുത്തേറ്റു മരിച്ചത്. ഖാദറിനെ അഹ്മദ് നസീര്‍ കുത്തുകയായിരുന്നു. മറ്റുള്ളവര്‍ സഹായിച്ചുവെന്നാണ് കേസ്. ഖാദറിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ സുഹൃത്തുക്കളായ പൊവ്വലിലെ അസിയാദ് (22), അനസ് (22) എന്നിവര്‍ക്കും കുത്തേറ്റിരുന്നു. അഫിയാദിനെയും അനസിനെയും ഗുരുതരമായ പരിക്കുകളോടെ മംഗളൂരു ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ടാം പ്രതി സാലിയെ തിരിച്ചറിയല്‍ പരേഡിന് ഹാജരാക്കുമെന്നും സി.ഐ പറഞ്ഞു. പരിക്കേറ്റവരാണ് സാലിയെ തിരിച്ചറിയേണ്ടത്. എ.എസ്.ഐ ബാലകൃഷ്ണന്‍, സീനിയര്‍ സിവില്‍ ഓഫീസര്‍മാരായ സി. ശിവദാസന്‍, മധുസൂദനന്‍ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

chandrika: