X
    Categories: Views

പുതിയ സിനിമകള്‍ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യുന്ന മാഫിയ അറസ്റ്റില്‍

തിരുവനന്തപുരം: മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഉള്‍പ്പെടെ ഇന്ത്യന്‍, വിദേശ സിനിമകള്‍ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യുന്ന ഇന്റര്‍നാഷണല്‍ സംഘത്തെ ക്രൈംബ്രാഞ്ച് ആന്റിപൈറസി സെല്‍ കോയമ്പത്തൂരില്‍ നിന്നും അറസ്റ്റ് ചെയ്തു. പുലിമുരുകന്‍ എന്ന പുതിയ സിനിമ tamilrockers.la ടോറന്റ് സൈറ്റിലേക്ക് അപ്‌ലോഡ് ചെയ്ത് പ്രചരിപ്പിച്ചതിന് സൈറ്റ് അഡ്മിനിസ്‌ട്രേറ്റര്‍മാരായ കോയമ്പത്തൂര്‍ പീലമേട് മുരുഗനഗര്‍ സ്വദേശി ഭുവനേഷ്, രാമനാഥപുരം പരമകുടി ചിന്തന അക്കര മാഡിയില്‍ സതീഷ് എന്നിവരെയാണ് ഡിവൈ.എസ്.പി ഇക്ബാലിന്റെ നേതൃത്വത്തില്‍ ആന്റിപൈറസി സെല്‍ സംഘം അറസ്റ്റ് ചെയ്തത്.

tamilrockers.la-യുടെ ഇന്ത്യയിലെ അഡ്മിനിസ്‌ട്രേറ്റര്‍മാരാണ് ഇവര്‍. ഇവരുടെ കോയമ്പത്തൂരിലുള്ള ഓഫീസില്‍ നടത്തിയ റെയ്ഡില്‍ ഏഴ് ലാപ്‌ടോപ്പ്, നാല് ഹാര്‍ഡ് ഡിസ്‌ക്്, മാക് കമ്പ്യൂട്ടര്‍, കാനന്‍ ക്യാമറ, രണ്ട് മൊബൈല്‍ ഫോണ്‍, 24000 രൂപയുടെ ഇന്ത്യന്‍ കറന്‍സി, ഏഴ് വൈഫൈ റൂട്ടര്‍ എന്നിവ പിടിച്ചെടുത്തു. ഇന്റര്‍നെറ്റ് വഴി ആഗോളതലത്തില്‍ സിനിമകളും സോഫ്റ്റ്‌വെയറുകളും മറ്റും പൈറസി നടത്തി അപ്‌ലോഡ് ചെയ്യുകവഴി സിനിമാവ്യവസായത്തിനും നിര്‍മ്മാതാക്കള്‍ക്കും കമ്പനികള്‍ക്കും ഭീമമായ സാമ്പത്തിക നഷ്ടമാണ് ഇവര്‍ ഉണ്ടാക്കുന്നത്. വ്യാജ അഡ്രസ്സുകളില്‍ പല വ്യാജ പേരുകളിലും പല സ്ഥലങ്ങളിലും താമസിക്കുകയായിരുന്ന ഇവരെ മൊബൈല്‍ ടവര്‍ ലൊക്കേഷന്റെ സഹായത്തോടുകൂടി ആഴ്ചകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് കോയമ്പത്തൂരില്‍ നിന്നും പിടികൂടിയത്.

കഴിഞ്ഞ രണ്ടുമാസക്കാലമായി ക്രൈംബ്രാഞ്ച് ആന്റിപൈറസി സെല്‍ പൊലീസ് സൂപ്രണ്ട് പി.ബി രാജിവിന്റെ നിര്‍ദ്ദേശപ്രകാരം ഡിവൈ.എസ്.പി എം.ഇക്ബാലിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. ഫിലിം എഡിറ്റിങ് സ്റ്റുഡിയോയുടെ മറവിലാണ് പ്രതികള്‍ ഈ പ്രവര്‍ത്തികള്‍ ചെയ്തുവന്നത്. ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍മാരായ ജിംസ്റ്റല്‍, രതീഷ്, തുളസി, ശ്രീകുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഷാന്‍.എസ്, ബെന്നി, സുബീഷ്, കണ്ണന്‍ബോസ്, സൈബര്‍ സെല്‍ വിദഗ്ധന്‍ ബിനു എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

chandrika: