X

റിലയന്‍സില്‍ മുകേഷ് അംബാനിയേക്കാള്‍ ശമ്പളം വാങ്ങുന്നവരുണ്ട്! 12 വര്‍ഷമായിട്ടും ശമ്പളം കൂട്ടാതെ കമ്പനി ചെയര്‍മാന്‍

മുംബൈ: തുടര്‍ച്ചയായി പന്ത്രണ്ടാം വര്‍ഷവും റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ നിന്നുള്ള തന്റെ ശമ്പളത്തില്‍ മാറ്റം വരുത്താതെ വ്യവസായ ഭീമന്‍ മുകേഷ് അംബാനി. 15 കോടി രൂപയാണ് മുകേഷിന്റെ വാര്‍ഷിക ശമ്പളം. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഈ സാമ്പത്തിക വര്‍ഷം ശമ്പളം വേണ്ടെന്ന് അംബാനി അറിയിച്ചിരുന്നു.

ഇക്കാലത്ത് കമ്പനി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരും അംബാനിയുടെ ബന്ധുക്കളുമായ നിഖില്‍, ഹിതല്‍ മേസ്വാനി എന്നിവരുടെ ശമ്പളത്തില്‍ വന്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഇരുവര്‍ക്കും 24 കോടി രൂപയാണ് വാര്‍ഷിക ശമ്പളം. റിലയന്‍സ് ഇന്‍ഡസ്ട്രീസില് ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്നതും ഇവരാണ്. കമ്പനിയുടെ ആള്‍ടൈം ഡയറക്ടമാര്‍മാരാണ് ഇരുവരും.

2008-09 മുതലാണ് 15 കോടി രൂപ അംബാനി വാര്‍ഷിക ശമ്പളമായി വാങ്ങുന്നത്. 4.36 കോടി ശമ്പളവും അലവന്‍സും, 40 ലക്ഷം രൂപ മറ്റ് ആനുകൂല്യങ്ങള്‍, 71 ലക്ഷം റിട്ടയര്‍മെന്റ് ബെനഫിറ്റ്, 9.53 കോടി കമ്മിഷന്‍ എന്നിങ്ങനെയാണ് ശമ്പളത്തിന്റെ വിശദാംശങ്ങള്‍.

ഭാര്യ നിത അംബാനിക്ക് ഏഴു ലക്ഷം രൂപ സിറ്റിങ് ഫീയിനത്തിലും 1.15 കോടി രൂപ കമ്മിഷന്‍ ഇനത്തിലും പ്രതിവര്‍ഷം ലഭിക്കുന്നുണ്ട്. മുന്‍വര്‍ഷത്തെ ശമ്പളം തന്നെയാണ് ഇത്തവണയും നിതയ്ക്ക് ലഭിക്കുക.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ശമ്പളം വേണ്ടെന്ന് അംബാനി സ്വയം തീരുമാനിക്കുകയായിരുന്നു. ജീവനക്കാരുടെ ശമ്പളത്തിലും 10 മുതല്‍ അമ്പത് ശതമാനം വരെ കുറവു വരുത്തിയിരുന്നു. ചെയര്‍മാന്റെ തീരുമാനത്തിന് പിന്നാലെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ ഈ സാമ്പത്തിക വര്‍ഷം 50 ശതമാനം വേതനം മതി എന്ന് കമ്പനിയെ അറിയിച്ചിട്ടുണ്ട്.

ബ്ലൂംബര്‍ഗ് ബില്ല്യണയര്‍ ഇന്‍ഡസ്‌ക് പ്രകാരം 64.5 ബില്യണ്‍ യു.എസ് ഡോളറാണ് അംബാനിയുടെ ആസ്തി. ലോകത്തെ പത്ത് അതിസമ്പന്നരില്‍ ഒരാളാണ് അദ്ദേഹം.

Test User: