X
    Categories: Views

വിജയം അവകാശപ്പെട്ട് മഡുറോ

 
കരാക്കസ്: പ്രതിപക്ഷ ബഹിഷ്‌കരണത്തിനും പ്രതിഷേധങ്ങള്‍ക്കുമിടെ ഭരണഘടനാ അസംബ്ലിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഉജ്വല വിജയം നേടിയതായി വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ അവകാശപ്പെട്ടു. മഡുറോയുടെ ഭരണകക്ഷിയായ സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് 80 ലക്ഷത്തിലേറെ വോട്ടുകള്‍ ലഭിച്ചതായി നാഷണല്‍ ഇലക്ടറല്‍ കൗണ്‍സില്‍ അറിയിച്ചു.
പ്രതിപക്ഷവും സ്വതന്ത്ര നിരീക്ഷകരും കണക്കാക്കിയതിനെക്കാള്‍ രണ്ടിരട്ടി ആളുകള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തുവെന്നാണ് ഭരണകൂടത്തിന്റെ വാദം. 41.5 ശതമാനം പോളിങ് നടന്നുവെന്നാണ് ഔദ്യോഗിക കണക്ക്. തലസ്ഥാനമായ കരാക്കസില്‍ അനുയായികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ തെരഞ്ഞെടുപ്പ് വിജയത്തില്‍ മഡുറോ ആഹ്ലാദം പ്രകടിപ്പിച്ചു.
തെരഞ്ഞെടുപ്പും വോട്ടെണ്ണലും പ്രഹസനമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. 30 ലക്ഷത്തിനു താഴെ ആളുകള്‍ മാത്രമാണ് വോട്ടു രേഖപ്പെടുത്തിയതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പറയുന്നു. ഞായറാഴ്ച വോട്ടെടുപ്പിനിടെയുണ്ടായ അക്രമങ്ങളില്‍ ഒരു സ്ഥാനാര്‍ത്ഥിയുള്‍പ്പെടെ 10 പേര്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. താച്ചിറയില്‍ പതിമൂന്നും പതിനേഴും വയസുള്ള രണ്ടുപേര്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു. ഒരു സൈനികനും വെടിയേറ്റ് മരിച്ചു. പ്രതിപക്ഷത്തിന്റെ പ്രക്ഷോഭങ്ങള്‍ക്കു പിന്നില്‍ അമേരിക്കയാണെന്ന് മഡുറോ കുറ്റപ്പെടുത്തി.
2013ല്‍ പ്രസിഡന്റായി ചുമതലയേറ്റതു മുതല്‍ മഡുറോക്ക് പ്രതിപക്ഷം സ്വസ്ഥത നല്‍കിയിട്ടില്ല. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ഭരണകൂടത്തിന്റെ തെറ്റായ നയങ്ങളാണെന്ന് അവര്‍ പറയുന്നു. വന്‍ വിലവര്‍ധനയും ഭക്ഷ്യ ക്ഷാമവും വെനസ്വേലന്‍ ജനതയെ വീര്‍പ്പുമുട്ടിക്കുന്നുണ്ട്.
സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ ഇതുവരെ 120 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. അമേരിക്കയുള്‍പ്പെടെ നിരവധി രാജ്യങ്ങളും വെനസ്വേലയിലെ ഭരണഘടനാ അസംബ്ലിക്കെതിരെ രംഗത്തുണ്ട്. പ്രതിപക്ഷത്തെ അവഗണിച്ചു നടത്തുന്ന തെരഞ്ഞെടുപ്പിനെ യു.എസ് അപലപിച്ചു. വെനസ്വേലയിലെ നിയമവിരുദ്ധ തെരഞ്ഞെടുപ്പിനെ അംഗീകരിക്കില്ലെന്ന് ഐക്യരാഷ്ട്രസഭയിലെ യു.എസ് അംബാസഡര്‍ നിക്കി ഹാലി വ്യക്തമാക്കി.

chandrika: