X
    Categories: Views

ശരീഅത്തിനെതിരായ മിന്നലാക്രമണം അനുവദിക്കില്ല: പി.വി അബ്ദുല്‍ വഹാബ്

ന്യൂഡല്‍ഹി: പാര്‍ലമെന്റ് സമ്മേളനം ഇന്ന് ആരംഭിക്കാനിരിക്കെ, പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വ്വ കക്ഷിയോഗത്തില്‍ ശരീഅത്ത് വിരുദ്ധ നീക്കത്തിനെതിരെ ആഞ്ഞടിച്ച് മുസ്‌ലിംലീഗ്. യോഗത്തില്‍ സംസാരിച്ച പി.വി അബ്ദുല്‍ വഹാബ് എം.പിയാണ് ഇസ്‌ലാമിക ശരീഅത്ത് വിരുദ്ധ നീക്കത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചത്.

കള്ളപ്പണക്കാര്‍ക്കും പാക് തീവ്രവാദ കേന്ദ്രങ്ങള്‍ക്കും എതിരെയുള്ള കേന്ദ്രസര്‍ക്കാറിന്റെ മിന്നലാക്രമണത്തെ മുസ്‌ലിംലീഗ് പിന്തുണ നല്‍കുന്നതായി രാജ്യസഭാ കക്ഷിനേതാവായി യോഗത്തില്‍ പങ്കെടുത്ത പി.വി അബ്ദുല്‍ വഹാബ് എം.പി പറഞ്ഞു. എന്നാല്‍ ഇസ്‌ലാമിക ശരീഅത്തിനെതിരെയുള്ള സര്‍ജിക്കല്‍ മിന്നലാക്രമണത്തില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് അദ്ദേഹം പറഞ്ഞു. ഇസ്‌ലാമിക ശരീഅത്തിനെക്കുറിച്ച് എന്തെങ്കിലും പുനരാലോചന നടത്തേണ്ടതുണ്ടെങ്കില്‍ അത് പണ്ഡിതന്മാരാണ് ചെയ്യേണ്ടത്. അക്കാര്യത്തില്‍ ബാഹ്യ ഇടപെടല്‍ അംഗീകരിക്കാനാവില്ല. മതനിരപേക്ഷതയുടെ മൗലികതക്ക് എതിരാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം.

വിചാരണ തടവുകാരെ വ്യാജ ഏറ്റുമുട്ടലിലൂടെ കൂട്ടക്കൊല ചെയ്തത് ന്യൂനപക്ഷങ്ങളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടാണ്. ഇക്കാര്യത്തിലെ ദുരൂഹത നീക്കാന്‍ ഉന്നതതല അന്വേഷണം വേണം. കള്ളപ്പണക്കാര്‍ക്ക് എതിരെയെടുക്കുന്ന ഏതു നീക്കത്തെയും സ്വാഗതം ചെയ്യുന്നു. സാധാരണക്കാരെ ഇതിന്റെ പേരില്‍ ബുദ്ധിമുട്ടിക്കരുതെന്നും വഹാബ് കൂട്ടിച്ചേര്‍ത്തു.

chandrika: