X

സഹകരണ മേഖലയില്‍ കരിനിഴല്‍ വീഴ്ത്തരുത്

ഗ്രാമീണ മേഖലയുടെ ജീവ നാഡിയായ സഹകരണ മേഖലയുടെ വിശ്വാസ്യത തകര്‍ക്കാനുള്ള ഗൂഢ നീക്കം ചില കേന്ദ്രങ്ങള്‍ നടത്തുന്നതായി ഗൗരവാവഹമായ പരാതി ഉയര്‍ന്നിരിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 500, 1000 നോട്ടുകളുടെ അസാധുവാക്കല്‍ നടപടിയാണ് ഇതിനായി പ്രയോജനപ്പെടുത്തുന്നതെന്നാണ് ആരോപണം. ജില്ലാ സഹകരണ ബാങ്കുകള്‍, പ്രാഥമിക സഹകരണ സംഘങ്ങള്‍ എന്നിവ നിക്ഷേപം സ്വീകരിക്കരുതെന്നാണ് റിസര്‍വ് ബാങ്കിന്റെ കല്‍പന. അസാധു നോട്ട് മാറ്റി വാങ്ങുന്നതിനും വിലക്കുണ്ട്. നവംബര്‍ എട്ടിന് രാത്രി പ്രധാനമന്ത്രി പ്രഖ്യാപിച്ച അപ്രതീക്ഷിത നടപടിയെതുടര്‍ന്ന് അതുവരെ തങ്ങളുടെ പക്കലുണ്ടായിരുന്നതും തുടര്‍ദിവസങ്ങളില്‍ നിക്ഷേപിക്കപ്പെട്ടതുമായ പണവും സഹകരണ മേഖലയെ അനിശ്ചിതത്വത്തിലായിരിക്കയാണിപ്പോള്‍. സംസ്ഥാന സഹകരണ ബാങ്കിനെയും അര്‍ബന്‍ ബാങ്കുകളെയും ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഇവ കേരളത്തിലെ സഹകരണ രംഗത്ത് പത്തു ശതമാനം മാത്രമേ പങ്കു വഹിക്കുന്നുള്ളൂ. സര്‍ക്കാരിന്റെ പ്രഖ്യാപനത്തെതുടര്‍ന്ന് മറ്റു ബാങ്കുകളിലെന്ന പോലെ സഹകരണ ബാങ്കുകളിലും ആളുകള്‍ നിക്ഷേപം നടത്തുകയുണ്ടായി. കയ്യിലുണ്ടായിരുന്ന പഴയ നോട്ടുകള്‍ ഏതു വിധേനയും പ്രയോജനപ്പെടുത്തുക എന്നതായിരുന്നു ജനങ്ങളുടെ ലക്ഷ്യം. ഇതിന് കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും ജനങ്ങള്‍ക്കും സഹകരണ ബാങ്കുകള്‍ക്കും അനുമതി നല്‍കിയിരുന്നതാണ്. എന്നാല്‍ അഞ്ചു ദിവസം കഴിഞ്ഞ് പൊടുന്നനെ, സഹകരണ ബാങ്കുകള്‍ നിക്ഷേപം സ്വീകരിക്കുന്നതിന് റിസര്‍വ് ബാങ്ക് വിലക്ക് കല്‍പിച്ചിരിക്കുകയാണ്. ഉപഭോക്താക്കള്‍ക്ക് ഒരാഴ്ച പരമാവധി 24000 രൂപ പിന്‍വലിക്കാമെന്നുമാത്രം. പ്രാഥമിക സഹകരണ സംഘങ്ങളടക്കം 2800 കോടിയോളം രൂപയാണ് സ്വീകരിച്ചിട്ടുള്ളത്. 16,100 ശാഖകളിലായി ഒന്നരക്കോടി നിക്ഷേപകരാണ് കേരളത്തില്‍ സഹകരണ മേഖലയിലുള്ളതെന്നറിയുമ്പോള്‍ റിസര്‍വ് ബാങ്ക് തീരുമാനത്തിന്റെ വ്യാപ്തി അളക്കാനാകും.

മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി വിഷയം ചര്‍ച്ച ചെയ്‌തെങ്കിലും അനുകൂലമായല്ല അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്. സഹകരണ വകുപ്പു മന്ത്രി എ.സി മൊയ്തീനും യു.ഡി.എഫ് നേതാക്കളും റിസര്‍വ് ബാങ്ക് മേധാവികളുമായി ചര്‍ച്ച നടത്തിയിട്ടും വിലക്ക് ഒഴിവാക്കാന്‍ തയ്യാറായിട്ടില്ല. ഇതില്‍ പ്രതിഷേധിച്ച് ജില്ലാ ബാങ്കുകളും പ്രാഥമിക സഹകരണ സംഘങ്ങളും ഇന്ന് സഹകരണഹര്‍ത്താല്‍ ആചരിക്കുകയും യു.ഡി.എഫ് കരിദിനം ആചരിക്കുകയുമാണ്. സഹകരണ ബാങ്കുകള്‍ ഹൈക്കോടതിയെയും സമീപിച്ചുകഴിഞ്ഞു.

2016 സെപ്തംബര്‍ 30 ലെ കണക്കു പ്രകാരം കേരളത്തിലെ സഹകരണ ബാങ്കുകളില്‍ 1,40,000 കോടി നിക്ഷേപവും ഒരു ലക്ഷം രൂപയുടെ വായ്പയുമുണ്ട്. ഇതാവണം ഈ ശക്തികളെ അലോസരപ്പെടുത്തുന്നത്. 15,287 പ്രഥാമിക സഹകരണസംഘങ്ങളാണ് കേരളത്തിലുള്ളത്. ബാങ്കിങ് റെഗുലേഷന്‍ നിയമ പ്രകാരം പ്രവര്‍ത്തിക്കുന്ന ബാങ്കുകളാണ് പ്രാഥമിക സഹകരണ ബാങ്കുകളും ജില്ലാ സഹകരണ ബാങ്കുകളുമെല്ലാം. ബാങ്ക് എന്ന സംജ്ഞയുടെ പരിധിയില്‍ ഇവ വരികയും ചെയ്യുന്നുണ്ട്. ഇതനുസരിച്ച് മറ്റു ബാങ്കുകളെയും തപാലാപ്പീസുകളെയും പോലെ സഹകരണ ബാങ്കുകള്‍ക്കും പുതിയ നടപടി വിലക്കില്ലാതെ നടത്താന്‍ കഴിയണമായിരുന്നു. മുന്‍ രാഷ്ട്ര നേതാക്കള്‍ ദീര്‍ഘ വീക്ഷണത്തോടെ കൊണ്ടുവന്ന് പുഷ്ടിപ്പെടുത്തിയ ഈ മേഖലയ്ക്കു കീഴില്‍ ഇന്ന് രാജ്യത്തെ മുപ്പത് ശതമാനത്തോളം പേര്‍, കേരളത്തില്‍ പകുതിയോളം, തങ്ങളുടെ ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റുന്നുണ്ട്. കേരളത്തില്‍ നെല്‍ കൃഷിക്ക് കുറഞ്ഞ പലിശക്ക് വായ്പ നല്‍കുന്നതിനും സബ്‌സിഡി നല്‍കുന്നതിനും മറ്റും സഹകരണ ബാങ്കുകള്‍ നിര്‍വഹിക്കുന്ന പങ്ക് നിസ്സീമമാണ്.

അന്താരാഷ്ട്ര രംഗത്തുതന്നെ സ്വകാര്യ-പൊതു മേഖലയെ സംയോജിപ്പിച്ച് ഏറ്റെടുത്ത സഹകരണ മേഖല കേരളത്തിലാണ് ഇന്ന് മെച്ചപ്പെട്ട നിലവാരത്തിലുള്ളത്. മലപ്പുറത്തടക്കം ഏതാണ്ടെല്ലാ ജില്ലാ ബാങ്കുകളും കോര്‍ സംവിധാനത്തിലേക്ക് മാറിയിട്ട് വര്‍ഷങ്ങളായി. രണ്ടു ലക്ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് ആദായ നികുതിയും നിക്ഷേപകരുടെ പേരു വിവരവും നല്‍കുന്നു. ആദായ നികുതി വകുപ്പ് നിര്‍ദേശ പ്രകാരം നിലവില്‍ തന്നെ അമ്പതിനായിരം രൂപക്ക് മുകളിലുള്ള നിക്ഷേപത്തിന് പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇതുപ്രകാരം ഏതൊരു കള്ളപ്പണവും കണ്ടെത്താമെന്നിരിക്കെയാണ് 35,000 കോടി രൂപയുടെ കള്ളപ്പണമുണ്ടെന്ന വ്യാജ പ്രചാരണം അഴിച്ചുവിട്ടത്. കള്ളപ്പണമുണ്ടെങ്കില്‍ അത് കണ്ടെത്താനുള്ള സംവിധാനമുള്ളത് ആദായ നികുതി വകുപ്പിനാണ്. അത് നിര്‍വഹിക്കുകയാണ് യഥാര്‍ത്ഥത്തില്‍ കേന്ദ്രം ചെയ്യേണ്ടത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും സഹകരണ മേഖലയുടെ വിശ്വാസ്യത തകര്‍ക്കുന്ന രീതിയിലുള്ള നീക്കമാണ് നടത്തിയത്. ഇതിന് പെരുമ്പറയുമായി സംസ്ഥാനത്തെ ബി.ജെ.പി നേതാക്കളും രംഗത്തെത്തി. ഒരു തരം കാടടച്ചുവെടിവെക്കലായി ഇത്. ബി.ജെ.പി ഭരണത്തിലുള്ള സംസ്ഥാനത്തെ സഹകരണബാങ്കുകള്‍ക്കും ഇത് ബാധകമാണോ എന്ന് പറയേണ്ട ഉത്തരവാദിത്തം ഇവര്‍ക്കുണ്ട്.

1904ലെ സഹകരണ വായ്പാ നിയമമാണ് രാജ്യത്ത് സഹകരണ രംഗത്ത് സഹകരണ സംഘങ്ങള്‍ ആരംഭിക്കുന്നതിന് കാരണമായത്. കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ എന്നാണ് ഇവയറിയപ്പെട്ടത്. സമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ളവരും മാസ ശമ്പളക്കാരും വാണിജ്യ ബാങ്കുകളെ ആശ്രയിക്കുമ്പോള്‍, താഴേക്കിടയിലുള്ള കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ചെറുകിട കച്ചവടക്കാരുമാണ് ഈ മേഖലയിലെ ആദ്യകാലം മുതലുള്ള ഗുണഭോക്താക്കള്‍. രാജ്യത്ത്് 40 കോടിയിലേറെ ജനങ്ങള്‍ ഈ മേഖലയുമായി ബന്ധപ്പെടുന്നുണ്ട്. ആഗോളവത്കരണത്തിന്റെ ഭാഗമായി പുതുതലമുറ ബാങ്കുകള്‍ക്ക് യഥേഷ്ടം അനുമതി നല്‍കിയിരിക്കെയാണ് ഗ്രാമീണജനതയുടെ അത്താണിയായ സഹകരണ മേഖലയെ ശ്വാസം മുട്ടിക്കാന്‍ ശ്രമിക്കുന്നത്. മോദി സര്‍ക്കാരിന്റെ കള്ളപ്പണ വേട്ടയുടെ മറുവശമാണിത്. സഹകരണ മേഖലയില്‍ ഒരു ലക്ഷം തൊഴില്‍ സൃഷ്ടിക്കുമെന്നും ജില്ലാ ബാങ്കുകളെയും സംസ്ഥാന സഹകരണ ബാങ്കിനെയും ബന്ധപ്പെടുത്തി കേരള ബാങ്ക് രൂപീകരിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന സമയമാണിത്. മേഖലയെ തന്നെ തകര്‍ക്കാന്‍ നിക്ഷിപ്ത താല്‍പര്യക്കാര്‍ ഗൂഢനീക്കം നടത്തുന്നുണ്ടെങ്കില്‍ അതിനെ കേരളവും രാജ്യത്തെ മുഴുവന്‍ സഹകാരികളും ഒറ്റക്കെട്ടായി നിന്ന് ചെറുക്കേണ്ടതാണ്.

chandrika: