X
    Categories: MoreViews

 തീര്‍ഥാടകരുടെ തിരക്ക്; കിസ്‌വ ഉയര്‍ത്തിക്കെട്ടി

 
മക്ക: വിശുദ്ധ കഅ്ബാലയത്തെ അണിയിച്ച പുടവ (കിസ്‌വ) ഉയര്‍ത്തിക്കെട്ടി. ലക്ഷക്കണക്കിന് ഹജ്ജ് തീര്‍ഥാടകര്‍ പുണ്യഭൂമിയിലെത്തിയതോടെ ഹറമില്‍ കടുത്ത തിരക്ക് അനുഭവപ്പെടുന്നത് കണക്കിലെടുത്താണ് കിസ്‌വ ഉയര്‍ത്തിക്കെട്ടിയത്. എല്ലാ വര്‍ഷവും ഹജ്ജ് കാലത്ത് കിസ്‌വ ഇങ്ങനെ ഉയര്‍ത്തിക്കെട്ടാറുണ്ട്. ഹാജിമാര്‍ക്ക് കൈയെത്താത്ത വിധം മൂന്ന് മീറ്റര്‍ ഉയരത്തിലാണ് കിസ്‌വ ഉയര്‍ത്തിയിരിക്കുന്നത്. വെളുത്ത പട്ട് തുണി ഉപയോഗിച്ച് ഉയര്‍ത്തിക്കെട്ടിയ കിസ്‌വയുടെ ഭാഗം രണ്ട് മീറ്റര്‍ വീതിയില്‍ മറച്ചിട്ടുമുണ്ട്.
കടുത്ത തിരക്കില്‍ ഹജ്ജ് തീര്‍ഥാടകര്‍ പിടിച്ച് വലിച്ച് കീറിപ്പോകാതെ നോക്കുന്നതിനാണ് കിസ്‌വ ഉയര്‍ത്തിക്കെട്ടുന്നത്. കേടാകാതെയും ചെളിപിടിക്കാതെയും സംരക്ഷിക്കുന്നതിനാണ് ഹജ്ജ് കാലത്ത് കിസ്‌വ ഉയര്‍ത്തുന്നതെന്ന് കിംഗ് അബ്ദുല്‍ അസീസ് കിസ്‌വ കോംപ്ലക്‌സ് ഡയറക്ടര്‍ ജനറല്‍ ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്ല ബാജോദ പറഞ്ഞു. ചില തീര്‍ഥാടകര്‍ കിസ്‌വയുടെ ഭാഗം കീറിയെടുക്കാറുണ്ട്. ധാരാളം ഹജ്ജ് തീര്‍ഥാടകര്‍ കിസ്‌വയില്‍ സ്പര്‍ശിക്കാനും ആഗ്രഹിക്കുന്നു. ഇതെല്ലാം കിസ്‌വ കേടുവരാന്‍ ഇടയാക്കും. ഇക്കാര്യങ്ങളെല്ലാം മുന്നില്‍ കണ്ടാണ് ഹജ്ജ് കാലത്ത് കിസ്‌വ ഉയര്‍ത്തുന്നത്. ഹജ്ജ് സീസണ്‍ അവസാനിച്ച ശേഷം പഴയ പോലെ കിസ്‌വ താഴ്ത്തുമെന്നും ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്ല ബാജോദ പറഞ്ഞു.
ദുല്‍ഹജ്ജ് ഒമ്പതിന് രാവിലെ നിലവിലെ കിസ്‌വ മാറ്റി വിശുദ്ധ കഅ്ബാലയത്തെ പുതിയ പുടവ അണിയിക്കും. വര്‍ഷത്തില്‍ ഒരു തവണയാണ് കിസ്‌വ മാറ്റുന്നത്. പുതിയ കിസ്‌വയുടെ നിര്‍മാണം ഉമ്മുല്‍ജൂദ് ഡിസ്ട്രിക്ടിലെ കിസ്‌വ കോംപ്ലക്‌സില്‍ പൂര്‍ത്തിയായിട്ടുണ്ട്. കറുത്ത പട്ട് തുണി ഉപയോഗിച്ചാണ് കിസ്‌വ നിര്‍മിക്കുന്നത്. ഇതില്‍ സ്വര്‍ണ, വെള്ളി നൂലുകള്‍ ഉപയോഗിച്ച് വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങള്‍ ആലേഖനം ചെയ്ത് അലങ്കരിക്കുന്നു. ദുല്‍ഹജ്ജ് ഒന്നിന് ഉമ്മുല്‍ജൂദ് ഡിസ്ട്രിക്ടിലെ കിസ്‌വ ഫാക്ടറിയില്‍ സംഘടിപ്പിക്കുന്ന പ്രത്യേക ചടങ്ങില്‍ പുതിയ കിസ്‌വ ഉന്നതാധികൃതര്‍ക്ക് ഔദ്യോഗികമായി കൈമാറും. കഅ്ബാലയത്തിന്റെ നാല് ഭാഗത്തുമായി തൂക്കുന്ന നാല് കഷ്ണങ്ങളും വാതിലിന് മുകളില്‍ തൂക്കുന്ന കര്‍ട്ടണും അടക്കം അഞ്ച് കഷ്ണങ്ങള്‍ അടങ്ങിയ കിസ്‌വ കഅ്ബാലയത്തിന്റെ നാല് വശങ്ങളില്‍ തൂക്കിയ ശേഷം പരസ്പരം തുന്നിച്ചേര്‍ക്കുകയാണ് ചെയ്യുക. ഉമ്മുല്‍ജൂദ് ഡിസ്ട്രിക്ടിലെ കിസ്‌വ ഫാക്ടറിയില്‍ സ്വദേശികളുടെ കരവിരുതിലാണ് കിസ്‌വ നിര്‍മിക്കുന്നത്. ഒരു കിസ്‌വ നിര്‍മിക്കുന്നതിന് 22 മില്യണ്‍ റിയാലിലേറെയാണ് ചെലവ്.

chandrika: